പൗരത്വബില്ലിനെതിരായ സമരം രണ്ടാം സ്വാതന്ത്ര്യ പ്രക്ഷോഭം-മമതാ ബാനര്‍ജി

കൊല്‍ക്കത്ത- അയല്‍ രാജ്യങ്ങളില്‍നിന്ന് കുടിയേറിയവര്‍ക്ക് മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ രണ്ടാം സ്വാതന്ത്ര്യ സമരത്തിന് തയാറെടുക്കാന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമതാ ബാനര്‍ജി പാര്‍ട്ടി അണികളെ ആഹ്വാനം ചെയ്തു.


ദേശീയ പൗരത്വ രജിസ്റ്ററിനെതിരായ ദേശവ്യാപക പ്രതിരോധം രണ്ടാം സ്വാതന്ത്ര്യ സമരമായി മാറുമെന്ന് അവര്‍ പറഞ്ഞു. എന്‍ആര്‍സിയുടെ അന്തസത്തയും പ്രകൃതവും അംബേദ്കര്‍ ഉള്‍പ്പെടെയുള്ളവര്‍ വിഭാവനം ചെയ്ത ഭരണഘടനയ്ക്ക് എതിരാണ്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരാകാതെ എല്ലാ മതവിഭാഗങ്ങളേയും ഒരു പോലെ പരിഗണിച്ചാണെങ്കില്‍ എന്‍എര്‍സി അംഗീകരിക്കാം. അല്ലാതെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിവേചിക്കാനാണ് ശ്രമമെങ്കില്‍ ഞങ്ങള്‍ എതിര്‍ക്കുമെന്നും അവസാനം വരെ പോരാടുമെന്നും മമത പറഞ്ഞു.

 
എന്‍ആര്‍സിയിലൂടെ സാമ്പത്തിക പ്രതിസന്ധിയുള്‍പ്പെടെയുള്ള യഥാര്‍ഥ പ്രശ്‌നങ്ങളില്‍നിന്ന് ജനശ്രദ്ധ തിരിക്കാനാണ്  ബിജെപി ശ്രമിക്കുന്നത്. മതത്തിന്റേയും മറ്റ് സ്വത്വങ്ങളുടേയും പേരില്‍ ജനത്തെ വേര്‍തിരിച്ചാല്‍ രാജ്യമെന്ന ശരീരം മുമ്പത്തേതു പോലെ ആയിരിക്കില്ല. രാജ്യമാകുന്ന ശരീരത്തിന്റെ കഴുത്താണ് എന്‍ആര്‍സി മുറിക്കുന്നത്.
1947 മുതല്‍ അല്ലെങ്കില്‍ 1971 മുതല്‍ ഇവിടെയുണ്ടായിരുന്ന ആളുകളുടെ പൗരത്വം എങ്ങനെയാണ് എടുത്തുകളയാനാകുകയെന്ന് അവര്‍ ചോദിച്ചു.

 

Latest News