Sorry, you need to enable JavaScript to visit this website.

ഇവിടെ വിശ്വാസം നഷ്ടപ്പെട്ട് സർവ്വരും

കഴിഞ്ഞ രണ്ടുദിവസങ്ങളിൽ മാധ്യമങ്ങൾ കേരളത്തിൽ സി.പി.എം വാർത്തകൾകൊണ്ട് ആറാട്ടു നടത്തുകയായിരുന്നു.  പാർട്ടിക്ക് ആക്ടിംഗ് സെക്രട്ടറിയെ നിയോഗിച്ചും സി.പി.എം മന്ത്രിമാരെ യഥേഷ്ടം അഴിച്ചുപണിതും.  വ്യാഴാഴ്ച വൈകിട്ട് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ ഒറ്റവരി നിഷേധക്കുറിപ്പ് ആകാശം നിറച്ച വർണ്ണബലൂണുകളുടെയെല്ലാം കാറ്റുപോക്കി.
'ചികിത്സയ്ക്കുവേണ്ടി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അവധി അപേക്ഷ നൽകിയെന്നും പുതിയ താല്ക്കാലിക സെക്രട്ടറിയെ നിശ്ചയിക്കും എന്നുമുള്ള മാധ്യമ വാർത്തകൾ അടിസ്ഥാനരഹിതമാണ്' - എന്നാണ് നിഷേധക്കുറിപ്പ്.
സി.പി.എം മന്ത്രിമാരുടെയോ മന്ത്രിസഭയുടെ തന്നെയോ അഴിച്ചുപണിയുണ്ടാകുമെന്ന വാർത്ത സി.പി.എം നിഷേധിച്ചിട്ടില്ല.  സംസ്ഥാന സെക്രട്ടറി കോടിയേരിക്കു പകരം 'പുതിയൊരു' ആക്ടിംഗ് സെക്രട്ടറിയെ തെരഞ്ഞെടുക്കാൻ പോകുന്നു എന്നതു മാത്രമാണ് നിഷേധിച്ചത്.  കോടിയേരി അവധിക്ക് അപേക്ഷ നൽകിയെന്നതും.  കഴിഞ്ഞ ഒക്‌ടോബർ അവസാനം അമേരിക്കയിൽ ഹൂസ്റ്റണിലെ ആശുപത്രിയിൽ പോയതുമുതൽ നവംബർ മൂന്നാംവാരം തിരുവനന്തപുരത്ത് തിരിച്ചെത്തിയതുവരെ കോടിയേരി ചികിത്സയിലാണ്, അതിനു ശേഷവും. അതിന് സി.പി.എമ്മിലെ ചട്ടവട്ടങ്ങളനുസരിച്ച് അപേക്ഷ കൊടുക്കേണ്ടതോ അനുവദിക്കേണ്ടതോ ആയ പ്രശ്‌നങ്ങളില്ലെന്നത് തികച്ചും സാങ്കേതികം.  കോടിയേരി  വീണ്ടും അമേരിക്കക്ക് പോകേണ്ടിവന്നാലും  അപേക്ഷയുടെയും അനുവാദത്തിന്റെയും പ്രശ്‌നം ഉദിക്കുന്നില്ല.
ഹൂസ്റ്റണിലെ ക്യാൻസർ സെന്ററിൽ പരിശോധനയ്ക്കു പോയി മടങ്ങിയെത്തിയതുവരെയുള്ള ഒരു മാസക്കാലം സംസ്ഥാനത്തെ മുഖ്യ വാർത്താ ചാനലുകളും അച്ചടിമാധ്യമങ്ങളും വിവരമറിഞ്ഞിട്ടും സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചികിത്സാർത്ഥമുള്ള വിദേശയാത്ര വാർത്തയാക്കിയിരുന്നില്ല. മാനുഷിക പരിഗണനയുടെ പേരിലായിരിക്കാം ആ തീരുമാനമെന്ന് മാധ്യമ പ്രേക്ഷകരും വായനക്കാരും ഉൾക്കൊള്ളുകയും ചെയ്യും.  മുഖ്യമന്ത്രി പിണറായി വിജയനെ രണ്ടുതവണ ഇതേ സ്ഥാപനത്തിൽ പ്രവേശിപ്പിച്ചപ്പോഴും കേരള മാധ്യമങ്ങൾ വ്യക്തിയുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട വിഷയമെന്ന നിലയിലാകണം അത് വാർത്തയാക്കിയില്ല.   ദേശീയതലത്തിൽ കോൺഗ്രസ് ഐ അധ്യക്ഷ ഹൂസ്റ്റണിലെ ഇതേ കേന്ദ്രത്തിൽ ചികിത്സ തേടിയപ്പോൾ ദേശീയ മാധ്യമങ്ങൾ ഏറെക്കുറെ ഇതേ സമീപനമാണ് സ്വീകരിച്ചിരുന്നത്. എന്നാൽ വി.പി സിംഗ് തൊണ്ണൂറുകളിൽ അമേരിക്കയിൽ ബോൺ മാരോ ക്യാൻസറിനും വൃക്കരോഗത്തിനും ചികിത്സിച്ചപ്പോൾ വി.പി സിംഗും മാധ്യമങ്ങളും അതു പരസ്യ വാർത്തയാക്കിയിരുന്നുവെന്നതു മറ്റൊരു കാര്യം.
കഴിഞ്ഞ നവംബർ 21ന് കോടിയേരിയും ഭാര്യയും തിരിച്ചെത്തിയശേഷവും പഴയ നിലപാട് മാധ്യമങ്ങൾ തുടരുകയായിരുന്നു.     എന്നാൽ ഡിസംബർ 4 ബുധനാഴ്ച രാത്രിയാണ് ഒരു പ്രമുഖ മലയാളം ചാനൽ ഈ വാർത്ത ബ്രേക്ക്‌ചെയ്തത്. ആക്ടിംഗ് സെക്രട്ടറി, മന്ത്രിമാരുടെ മാറ്റം എന്നീ ചേരുവകളുമായി പെട്ടെന്ന് ആഞ്ഞടിച്ചത്.  വാർത്താ ചാനലുകളിൽ രൂപപ്പെട്ട ഈ രാഷ്ട്രീയ ന്യൂനമർദ്ദം തലസ്ഥാന നഗരിയിലെ പത്രബ്യൂറോകളിലൂടെ പിറ്റേന്നത്തെ പ്രഭാതപത്രങ്ങളിൽ വാർത്താ പെരുമഴയായി തുടർന്നു. 
ചാനലുകളുടെ വാർത്താ കുത്തൊഴുക്കിൽപെട്ട് അച്ചടി മാധ്യമങ്ങളും കഥയറിയാതെ നിലനില്പിനുവേണ്ടി ഒഴുകിയെന്നാണ് സ്വകാര്യ സംഭാഷണത്തിൽ പല ലേഖക സുഹൃത്തുക്കളും വെളിപ്പെടുത്തുന്നത്. ഈ വാർത്തകൾ സി.പി.എം സംസ്ഥാന സെക്രട്ടറിസ്ഥാനത്തുനിന്ന് കോടിയേരി ബാലകൃഷ്ണനെ നീക്കി പകരം ആക്ടിംഗ് സെക്രട്ടറിമാരായി കുറേപ്പേരെ അവതരിപ്പിച്ചു.  കണ്ണൂർ ജില്ലക്കാരനും  കേന്ദ്രകമ്മിറ്റി അംഗങ്ങളായ എം.വി ഗോവിന്ദൻ മാസ്റ്റർ, മന്ത്രി ഇ.പി ജയരാജൻ, നിയമമന്ത്രി എ.കെ ബാലൻ, എളമരം കരിം, എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ എന്നിവരെ. പോരാഞ്ഞ് ഡൽഹിയിൽനിന്ന് പി.ബി അംഗം എസ്. രാമചന്ദ്രൻപിള്ള, എം.എ ബേബി എന്നിവരെയും.  ഒരു പ്രമുഖപത്രം ഇവരുടെ ചിത്രം നൽകി പുതിയ സെക്രട്ടറി  മന്ത്രിസഭയിൽനിന്നാണെന്നും കോടിയേരി അവധിയിൽ പോകുകയാണെന്നും ലീഡ് വാർത്തയാക്കി. 
ഇതിനു തൊട്ടുമുമ്പുതന്നെ മന്ത്രിസഭയുടെ പ്രതിച്ഛായ മെച്ചപ്പെടുത്താൻ മന്ത്രിമാരുടെ അഴിച്ചുപണി എന്ന വാർത്ത ഉയർത്തിക്കൊണ്ടു വന്നിരുന്നു.  സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ മന്ത്രിസഭയിലേക്ക് കൊണ്ടുവരുന്നെന്നതടക്കം ഇളക്കി പ്രതിഷ്ഠകൾ പ്രവചിച്ച്.  ഇതൊരു വാർത്താ സുനാമിയാക്കി വന്നുപെയ്തത് മുഖ്യമന്ത്രി പിണറായിയും മന്ത്രി ഇ.പി ജയരാജനും ഭാര്യാസമേതരായി ഉദ്യോഗസ്ഥ പ്രമുഖർക്കൊപ്പം വിദേശ സന്ദർശനം കഴിഞ്ഞ് മടങ്ങിയെത്തുന്ന ദിവസംനോക്കിയാണ്.  സി.പി.എമ്മിൽ വിഭാഗീയത 'അവസാനിച്ച'തുകൊണ്ടും വാർത്താ സിൻഡിക്കേറ്റ് ചരമമടഞ്ഞതുകൊണ്ടും ഈ സിൻഡിക്കേറ്റു വാർത്ത ഈ പ്രത്യേകദിവസം പൊതു നിയന്ത്രണങ്ങളുടെ അണക്കെട്ടുകൾ തുറന്നുവിട്ട് കേരളത്തിലൊരു സി.പി.എം പ്രളയമുണ്ടാക്കിയത് എങ്ങനെയെന്ന് ആർക്കും പറയാനാകുന്നില്ല.  വിശ്രമത്തിലായിരുന്ന സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഈ വാർത്താ തിരയടിയിൽ അസ്വസ്ഥനായി കാലത്തു പതിനൊന്നു മണിയോടെ എ.കെ.ജി സെന്ററിൽചെന്ന് നടത്തിയ ഇടപെടലിനെ തുടർന്നാണ് സെക്രട്ടേറിയറ്റിന്റെ നിഷേധക്കുറിപ്പ് ഇറങ്ങിയത്.
സെക്രട്ടറി രോഗബാധിതനായാൽ പുതിയ സെക്രട്ടറിയെ തെരഞ്ഞെടുക്കുന്ന പതിവ് ഇതുവരെ സി.പി.എമ്മിൽ ഇല്ല, ആക്ടിംഗ് സെക്രട്ടറിയെയും.  98ലെ പാലക്കാട് സംസ്ഥാന സമ്മേളനത്തിൽ അരോഗദൃഢഗാത്രരായ പല സംസ്ഥാനകമ്മിറ്റി അംഗങ്ങളെയും ആരോഗ്യകാരണം പറഞ്ഞ് ഒഴിവാക്കിയപ്പോൾ ക്യാൻസർ രോഗബാധിതനാണെന്ന് നേതൃത്വത്തിനു നന്നായറിയുന്ന ചടയൻ ഗോവിന്ദനെ സംസ്ഥാന സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കുകയായിരുന്നു.  
എട്ടുമാസത്തിനകം ചടയൻ മരണപ്പെട്ടു. തുടർന്നാണ് സംസ്ഥാന സെക്രട്ടറിയായി പിണറായി വിജയനെ തെരഞ്ഞെടുത്തത്.  മുതിർന്ന പി.ബി അംഗമായ ബി.ടി.ആറും ഇതുപോലെ രോഗബാധിതനായപ്പോഴും അദ്ദേഹത്തെ പാർട്ടി പദവിയിൽനിന്ന് നീക്കി പകരം വേറൊരാൾ ആ സ്ഥാനത്ത് കയറിയിരുന്നില്ല. മാനുഷികവും വൈകാരികവുമായ, മനോവീര്യം ഉയർത്തിപ്പിടിക്കുന്ന ഒരു നിലപാടാണ് സ്വീകരിച്ചുപോന്നത്. സെക്രട്ടറി പദത്തിലിരുന്ന് ചുമതലകൾ നിർവ്വഹിക്കാൻ ആരോഗ്യം അനുവദിക്കുന്നില്ലെന്നു പറഞ്ഞ് സ്വയം മാറിനിന്ന ഇ.എം.എസിന്റേത് വേറിട്ടൊരു മാതൃകയാണ്. 
വിദഗ്ധ പരിശോധനയ്ക്കു ശേഷം തിരിച്ചെത്തിയ കോടിയേരി ബാലകൃഷ്ണൻ ബന്ധപ്പെട്ടവരോട് തന്റെ നിലയെക്കുറിച്ച് പറഞ്ഞതിങ്ങനെയാണ്: 'വലുതായ പ്രശ്‌നങ്ങളൊന്നുമില്ല. മുൻകരുതലെന്ന  നിലയിൽ അണുബാധ ഉണ്ടാകാതെ കുറച്ചുനാൾ ശ്രദ്ധിക്കണമെന്ന ജാഗ്രത വേണം.'  കോടിയേരി ഇല്ലാതിരുന്ന ഒരു മാസക്കാലം സെക്രട്ടറിക്കു പകരം ഇടപെട്ടിരുന്ന ഒരാൾ ഉണ്ടായിരുന്നു എന്ന് 'പുതിയ ആക്ടിംഗ് സെക്രട്ടറി വേണ്ട' എന്ന സെക്രട്ടേറിയറ്റിന്റെ ഒറ്റവാചക പ്രസ്താവന പറയുന്നു. ആ സംവിധാനം തന്റെകൂടി സാന്നിധ്യത്തിൽ ശക്തിപ്പെടുത്താമെന്ന നിലപാടാണ് കോടിയേരിയുടേതെന്ന് വ്യക്തം.
സെക്രട്ടറിയെ മാറ്റണമെന്ന നിർദ്ദേശം കടലിനക്കരെനിന്ന് വന്നതാണോ?  അതോ വിദേശ സന്ദർശനം കഴിഞ്ഞെത്തുന്ന നേതൃസംഘത്തെ സ്വീകരിക്കാൻ ഇവിടെ ഒരുക്കിയതാണോ? ഏതായാലും തൽക്കാലം കോടിയേരിയുടെ നിലപാടിനെതിരെ ഒരു പാർട്ടിത്തീരുമാനമായി അങ്ങനെ വരാനുള്ള സാധ്യത ഇല്ലതന്നെ.  അപ്പോൾ മന്ത്രിസഭയുടെ പ്രതിച്ഛായ മാറ്റിയെടുക്കുന്ന അഴിച്ചുപണിയോ?
ഇതുവരെ പറഞ്ഞുപോന്നത് മന്ത്രിസഭയുടെ പ്രതിച്ഛായ ഉച്ചസൂര്യനെപ്പോലെ ജ്വലിച്ചുയർന്നു നിൽക്കുന്നു എന്നാണ്.  ഗവർണർ, ഹൈക്കോടതി തുടങ്ങി ഭരണഘടനാ സ്ഥാപനങ്ങൾ മുതൽ സാധാരണക്കാർവരെ ഈ ഗവണ്മെന്റിലുള്ള വിശ്വാസം തകർന്നെന്നാണ് ആവർത്തിച്ചു പറയുന്നത്. 
മാവോവാദികളെ വെടിവെച്ചു കൊന്നത്,  വാളയാർ കൊലപാതകം, യു.എ.പി.എ നടപ്പാക്കൽ, ശബരിമല, കേരള പുനർനിർമ്മാണം, മോഡി ഗവണ്മെന്റിന്റെ വർഗനയങ്ങളിലെ സഹകരണം തുടങ്ങിയ വിഷയങ്ങളിൽ സമീപകാലത്ത് എൽ.ഡി.എഫ് ഗവണ്മെന്റിന്റെ മുഖം നഷ്ടപ്പെട്ടിട്ടുണ്ട്.
ഇത് കേരളത്തിന്റെ പൊതുവികാരമാണിപ്പോൾ. അത് മരടിലെ പൊളിക്കാൻപോകുന്ന ഫഌറ്റിൽനിന്ന് കനഡയിലേക്കു  മടങ്ങിപ്പോകുന്ന ആൽഫാ സെറിൻ ഫഌറ്റിലെ താമസക്കാരനായിരുന്ന സെൻ ഈപ്പൻ ഇങ്ങനെ പ്രകടിപ്പിക്കുന്നു: 'നാടിനോടുള്ള വിശ്വാസം പോയി.  രാത്രി ഉറങ്ങാൻ പറ്റുന്നില്ല.  നാട്ടിൽ ജീവിക്കണമെന്ന മോഹം കളഞ്ഞ് നാട് ഉപേക്ഷിക്കുകയാണ്...'
അദ്ദേഹം തുടർന്നു പറയുന്നു: 'കാനഡയിൽ താമസിക്കാൻ മക്കൾ നിർബന്ധിച്ചിട്ടും അവസാനകാലം ജനിച്ചുവളർന്ന നാട്ടിൽ ജീവിക്കണമെന്ന മോഹത്തിൽ കൊച്ചിയിൽ വന്ന് കൂടുവെച്ചു.  ഫഌറ്റ് ഒരിക്കലും പൊളിക്കേണ്ടിവരില്ലെന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഉറപ്പുനൽകി. ഫഌറ്റ് ഇടിച്ചു തകർക്കുന്നതു കാണാൻ നിൽക്കാനാകാതെ കാനഡയിലേക്കു മടങ്ങുകയാണ്...'
നാട് ഉപേക്ഷിക്കാൻ വയ്യാത്ത കേരളത്തിലെ ലക്ഷക്കണക്കിനു ജനങ്ങൾ മനസിൽ ഇതുതന്നെയാണ് ഇപ്പോൾ മന്ത്രിക്കുന്നത്.  ഭരിക്കുന്നവരോടും നാടിനോടുമുള്ള വിശ്വാസം പോയി. 
 ഭരിക്കുന്ന പാർട്ടിയിലെയും മുന്നണിയിലെയും അംഗങ്ങൾക്കും അണികൾക്കും അതുപോലെ വിശ്വാസം നഷ്ടപ്പെട്ടിരിക്കയാണ്. അതു മാറ്റാൻ ചില ഇളക്കിപ്രതിഷ്ഠകൊണ്ട് കഴിയുമെന്നാണോ?

Latest News