തിരുവനന്തപുരം- ജപാന്‍, കൊറിയ സന്ദര്‍ശനം വിജയകരമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജപാനില്‍ നിന്ന് 200 കോടി രൂപയുടെ നിക്ഷേപം ഉറപ്പിക്കാന്‍ കഴിഞ്ഞുവെന്നും തോഷിബയുമായി സാങ്കേതിക കൈമാറ്റത്തിന് ധാരണയിലെത്തിയതായും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ കമ്പനിയുമായി ചേര്‍ന്ന് തോഷിബ ടൈറ്റാനിയം ഓക്‌സൈഡ് ബാറ്ററി നിര്‍മിക്കും. കേരളത്തിലെ സാഹചര്യങ്ങളെ കുറിച്ച് ജപാനില്‍ നല്ല മതിപ്പാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ യുവജനങ്ങളെ മുന്നില്‍ കണ്ടായിരുന്നു യാത്ര. ചര്‍ച്ചകളിലും യോഗങ്ങളിലും യുവാക്കള്‍ക്ക് ഗുണമാകുന്ന കാര്യങ്ങള്‍ ഉറപ്പു വരുത്താന്‍ ശ്രദ്ധിച്ചിട്ടുണ്ട്. ചെറുകിട, ഇടത്തരം വ്യവസായങ്ങളുടെ കാര്യത്തില്‍ മുന്നിട്ടു നില്‍ക്കുന്ന രാജ്യമാണ് ജപാന്‍. സാങ്കേതിക വിദ്യയിലും മുന്നിലാണ്. ഈ രണ്ട് കാര്യങ്ങളും കേരളത്തിന് അനുയോജ്യമായതാണ്. ഈ മേഖലകളില്‍ കൂടുതല്‍ സഹകരണത്തിനാണ് ശ്രമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.