കാഞ്ഞീരപ്പള്ളിയില്‍ കുടിവെള്ളം ചോദിച്ച് വീട്ടിലെത്തി 13കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

കാഞ്ഞീരപ്പള്ളി- വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്ത് കുടിവെള്ളം ചോദിച്ചെത്തി എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്ത യുവാവിനെ ശനിയാഴ്ച പുലര്‍ച്ചെ പോലീസ് പിടികൂടി. കാഞ്ഞീരപ്പള്ളി കരിമ്പുകയം സ്വദേശി അരുണ്‍ സുരേഷ് (25) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച നടന്ന സംഭവത്തിനു ശേഷം മുങ്ങിയ പ്രതിയെ പ്രദേശത്തെ ഒരു റബര്‍ തോട്ടത്തില്‍ നിന്നാണ് പിടികൂടിയതെന്നും ചോദ്യം ചെയ്തു വരികയാണെന്നും പോലീസ് അറിയിച്ചു. നേരത്തെ മോഷണക്കേസിലും പ്രതിയാണ് അരുണ്‍.

വ്യാഴാഴ്ച വൈകീട്ട് നാലു മണിയോടെയാണ് അരുണ്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി വെള്ളം ചോദിച്ചത്. ഈ സമയത്ത് പെണ്‍കുട്ടിയുടെ അമ്മ ജോലിസ്ഥലത്തു നിന്ന് മടങ്ങി എത്തിയിട്ടുണ്ടായിരുന്നില്ല. രണ്ടു സഹോദരങ്ങളില്‍ ഒരാള്‍ സ്‌കൂളിലും മറ്റൊരു സഹോദരന്‍ ജോലിസ്ഥലത്തുമായിരുന്നു. ആരുമില്ലെന്നു മനസ്സിലാക്കിയ പ്രതി കുടിവെള്ളം ചോദിച്ച് വീട്ടിലേക്ക് കയറി ബലമായി പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയത്. സംഭവം പെണ്‍കുട്ടി ഫോണില്‍ വിളിച്ചാണ് അമ്മയെ അറിയിച്ചത്. വ്യാഴാഴ്ച രാത്രി തന്നെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് കാണിച്ച ഫോട്ടോകളില്‍ നിന്നാണ് പ്രതിയെ പെണ്‍കുട്ടി തിരിച്ചറിഞ്ഞത്. ഇയാള്‍ വീട്ടിനു സമീപത്തുകൂടി പലപ്പോഴും ബൈക്കില്‍ പോകുന്നതായി കണ്ടിരുന്നെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. വൈദ്യ പരിശോധനയില്‍ പീഡനം സ്ഥിരീകരിച്ചു.


 

Latest News