Sorry, you need to enable JavaScript to visit this website.

സ്മൃതി ഇറാനിയുമായി വാക്കേറ്റം; പ്രതാപനെയും ഡീൻ കുര്യാക്കോസിനെയും സസ്‌പെന്റ് ചെയ്യാൻ നീക്കം

ന്യൂദൽഹി- ലോക്‌സഭയിൽ കേരള എം.പിമാരും കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും നേർക്കുനേർ നിന്നുള്ള വാക്‌പോരിനൊടുവിൽ ഡീൻ കുര്യാക്കോസും ടി.എൻ പ്രതാപനും മന്ത്രിക്ക് നേരെ കൈ ചുരുട്ടി ആക്രോശിച്ചുവെന്നാണ് പരാതി. ഡീൻ കുര്യാക്കോസും പ്രതാപനും മാപ്പു പറഞ്ഞില്ലെങ്കിൽ അഞ്ചു ദിവസത്തേക്ക് സസ്‌പെന്റ് ചെയ്യണം എന്നാവശ്യപ്പെട്ട് ബി.ജെ.പി സ്പീക്കർക്കു പരാതി നൽകി. കേരള എം.പിമാർ ഭീഷണിപ്പെടുത്തിയെന്നാണ് സ്മൃതി ഇറാനിയുടെ പരാതി.
എന്നാൽ, മാപ്പു പറയില്ലെന്ന നിലപാടിലാണ് കോൺഗ്രസ്. പൗരത്വ ഭേദഗതി ബിൽ ഉൾപ്പടെ സുപ്രധാന ബില്ലുകൾ അടുത്ത ആഴ്ച അവതരിപ്പിക്കാനിരിക്കെ സർക്കാരും മാപ്പ് ആവശ്യപ്പെട്ടു കടുംപിടുത്തം പിടിക്കില്ലെന്നാണ് കരുതുന്നത്. മാപ്പു പറയണമെന്ന സ്മൃതി ഇറാനിയുടെ ആവശ്യം യഥാർഥ വിഷയത്തിൽ നിന്നുള്ള ഒളിച്ചോട്ടമാണെന്ന് ഡീൻ കുര്യാക്കോസ് പ്രതികരിച്ചു. പ്രതാപൻ ഇന്നലെ ഉച്ചയ്ക്ക് തന്നെ തൃശൂർക്ക് തിരിച്ചിരുന്നു. വനിതകൾക്ക് വേണ്ടി സംസാരിച്ചതിന് ഇനി തിങ്കളാഴ്ച പ്രതിപക്ഷം തനിക്കെന്ത് ശിക്ഷയാണ് നൽകാനിരിക്കുന്നതെന്ന് അറിയില്ലെന്നാണ് സ്മൃതി പ്രതികരിച്ചത്.
ലോക്‌സഭയിൽ ഉന്നാവോ വിഷയം ഉൾപ്പടെ സ്ത്രീകൾക്ക് നേരെ വർധിച്ചു വരുന്ന മാനംഭംഗങ്ങളും അതിക്രമങ്ങളും കോൺഗ്രസ് സഭയിൽ ഉന്നയിച്ചതിനെ തുടർന്നായിരുന്നു സംഘർഷം. ഒരുവശത്ത് രാമക്ഷേത്രം പണിയുകയും മറുവശത്ത് സീതയെ തീ കൊളുത്തുകയുമാണെന്ന് കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി ആരോപിച്ചു. ഇതും ബി.ജെ.പിയെ ചൊടിപ്പിച്ചു. തുടർന്ന് ഉന്നാവോ വിഷയത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദീകരണം നൽകാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് വാക്കൗട്ട് നടത്തി. 
വാക്കൗട്ടിന് ശേഷം മടങ്ങിയെത്തിയപ്പോൾ വിഷയത്തിൽ സംസാരിച്ചു കൊണ്ടിരുന്ന മന്ത്രി സ്മൃതി ഇറാനി പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി സംസാരിച്ചു. ഇതോടെ പ്രതിഷേധവുമായി കേരളത്തിൽ നിന്നുള്ള എം.പിമാർ എഴുന്നേറ്റതോടെയാണ് സഭാതലം സംഘർഷവേദിയായത്. താൻ മന്ത്രിയും എം.പിമായുമാണ്. അഭിപ്രായങ്ങൾ പാർലമെന്റിൽ പറയാനുള്ള അവകാശവുമുണ്ട്. വനിതകൾക്കെതിരേയുള്ള അതിക്രമങ്ങളെ അപലപിക്കുന്നവർ വനിത അംഗത്തോട് ഇങ്ങനെയാണോ പെരുമാറുന്നതെന്നും അവർ ചോദിച്ചു. എഴുന്നേറ്റുനിന്ന എം.പിമാരോട് ഒച്ചയെടുക്കരുതെന്നും സീറ്റിലിരിക്കാനും മന്ത്രി കയർത്തു. അതോടെ ഡീൻ കുര്യാക്കോസും ടി.എൻ പ്രതാപനും ഇരിപ്പടം വിട്ടു പുറത്തേക്കിറങ്ങി മുന്നിലേക്ക് നീങ്ങിനിന്നു. 
കയർത്തു സംസാരിക്കുന്ന മന്ത്രിയോട് തിരികെ കയർത്ത് ഡീൻ മുന്നിലേക്ക് കയറി നിന്നു. തന്നെ കൈയേറ്റം ചെയ്യാനാണെങ്കിൽ ഇങ്ങോട്ട് വരൂ എന്നാക്രോശിച്ച് ഇരിപ്പടം വിട്ടിറങ്ങിയ സ്മൃതി ഇറാനിയും നടുത്തളത്തിലേക്ക് കയറി നിന്നു. അതോടെ രംഗം അസാധാരണ സംഘർഷാവസ്ഥയിലായി. ഡീൻ കുര്യാക്കോസിനെയും പ്രതാപനെയും സുപ്രീയ സുലേ ഉൾപ്പടെയുള്ള എം.പിമാർ പിന്തിരിപ്പിച്ചു. കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവഡേക്കറും പ്രഹ്ലാദ് ജോഷിയും എത്തി സ്മൃതി ഇറാനിയേയും പിന്തിരിപ്പിച്ചു.
ഷർട്ടിന്റെ കൈകളിൽ മുകളിലേക്ക് വലിച്ചു കയറ്റിയാണ് എം.പിമാർ ഉച്ചത്തിൽ സംസാരിച്ചത്. അക്കാര്യം ചൂണ്ടിക്കാട്ടിയാണ് മന്ത്രിയോട് കൈ ചുരുട്ടി ആക്രോശിച്ചു എന്നാരോപിച്ച് ഭരണപക്ഷം എതിർപ്പുയർത്തിയത്. എം.പിമാർ മാപ്പു പറയണം, വനിത മന്ത്രിയെ ഭീഷണപ്പെടുത്തി എന്നുള്ള ആരോപണങ്ങളുമായി ബി.ജെ.പി വനിത അംഗങ്ങളൊന്നടങ്കം സ്മൃതിക്കൊപ്പം അണിനിരന്നു. വിഷയം രൂക്ഷമാകുന്നതിന് മുമ്പ് സ്പീക്കർ ഓം ബിർള സഭ പിരിച്ചു വിട്ടു. 
സഭ പിരിഞ്ഞതിന് ശേഷം ബംഗാൾ വിഷയത്തെ ചൊല്ലി സ്മൃതി ഇറാനിയും തൃണമൂൽ കോൺഗ്രസ് എം.പി സൗഗത റോയിയും തമ്മിലും വാക്കേറ്റമുണ്ടായി. പിന്നീട് മന്ത്രിമാരും മറ്റ് എം.പിമാരും ഇടപെട്ട് അതും ശാന്തമാക്കി. തനിക്കെതിരായ പ്രതിഷേധത്തിലും പ്രതിപക്ഷ പെരുമാറ്റത്തിലും കുപിതയായ മന്ത്രി കിസീ കോ നഹി ചോടൂംഗാ (ആരെയും വെറുതെ വിടില്ല) എന്നു പറഞ്ഞത് കുറച്ച് ഉച്ചത്തിലുമായി. 
ഉച്ചയ്ക്ക് ശേഷം സഭ വീണ്ടും ചേർന്നപ്പോൾ സ്പീക്കറുടെ ചുമതല മീനാക്ഷി ലേഖിക്കായിരുന്നു. പ്രതിപക്ഷ നിരയിൽ കൊടിക്കുന്നിൽ സുരേഷും സഭാകക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരിയും മാത്രമാണ് ഉണ്ടായിരുന്നത്. വിഷയത്തിൽ സംസാരിക്കാൻ സ്പീക്കർ അധീർ രഞ്ജനോട് ആവശ്യപ്പെട്ടു. സഭയിൽ ഉണ്ടായിരുന്നില്ലെന്നും എന്താണ് നടന്നതെന്ന് ഒരു പിടിയുമില്ലെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് ഡീനിനെയും പ്രതാപനെയും വിളിച്ചു വരുത്താൻ ആവശ്യപ്പെട്ട ശേഷം സഭ ഒരു മണിക്കൂർ നേരത്തേക്ക് പിരിഞ്ഞു. 
തുടർന്ന് സഭ ചേർന്നപ്പോഴും ഡീനും പ്രതാപനും എത്തിയിരുന്നില്ല. അതോടെ വിഷയത്തിൽ സംസാരിക്കാൻ മറ്റ് അംഗങ്ങൾക്ക് സ്പീക്കർ അവസരം നൽകി. ഡീൻ കൈ തെറുത്ത് കയറ്റി ചാടിയിറങ്ങി എന്നാണ് സംസാരിച്ച എംപിമാരിൽ ഭൂരിപക്ഷവും ചൂണ്ടിക്കാട്ടിയത്. എം.പിമാർ സംസാരിച്ചു കഴിഞ്ഞതോടെ വിഷയത്തിൽ തീരുമാനമാകാതെ സഭ മറ്റൊരു നടപടികളിലേക്കും കടക്കാതെ പിരിഞ്ഞു.
 

Latest News