Sorry, you need to enable JavaScript to visit this website.

ലോക ചരിത്രത്തിലെ ഏറ്റവും വലിയ ഐ.പി.ഒ; അറാംകോ സമാഹരിച്ചത് 9,600 കോടി റിയാൽ

റിയാദ്- ലോക ചരിത്രത്തിലെ ഏറ്റവും വലിയ ഇനീഷ്യൽ പബ്ലിക് ഓഫറിംഗ് ആയി സൗദി അറാംകൊ ഐ.പി.ഒ മാറി. അറാംകൊയുടെ ഒന്നര ശതമാനം ഓഹരികളാണ് ഇനീഷ്യൽ പബ്ലിക് ഓഫറിംഗിലൂടെ വിൽപന നടത്തിയത്. ഐ.പി.ഒയിൽ ഓഹരിയുടെ അന്തിമ വിലയായി 32 റിയാൽ നിശ്ചയിച്ചതിലൂടെ ഓഹരി വിൽപനയിലൂടെ കമ്പനി 2,560 കോടി ഡോളർ (9,600 കോടി റിയാൽ) സമാഹരിച്ചു. 


ഇതിനു മുമ്പത്തെ ഐ.പി.ഒ റെക്കോർഡ് ചൈനീസ് ഇ-കൊമേഴ്‌സ് കമ്പനിയായ അലി ബാബക്കായിരുന്നു. അലി ബാബ ഐ.പി.ഒ മൂല്യം തുടക്കത്തിൽ 2,180 കോടി ഡോളർ (8,175 കോടി റിയാൽ) ആയിരുന്നു. നാലു ദിവസത്തിനു ശേഷം കൂടുതൽ ഓഹരികൾ വിൽപന നടത്തി ഐ.പി.ഒ മൂല്യം കമ്പനി 2,500 ഡോളർ (9,375 കോടി റിയാൽ) ആയി ഉയർത്തി. 


2014 സെപ്റ്റംബർ 18 ന് ആണ് അലി ബാബ ഓഹരികൾ ഐ.പി.ഒയിലൂടെ വിൽപന നടത്തിയത്. നാലു ദിവസത്തിനു ശേഷം കമ്പനി കൂടുതൽ ഓഹരികൾ വിൽപന നടത്തി ഐ.പി.ഒ മൂല്യം 2,500 കോടി ഡോളറിലെത്തിക്കുകയായിരുന്നു. സാധാരണയിൽ ടെക്‌നോളജി കമ്പനികൾ ന്യൂയോർക്കിലെ നാസ്ദാഖ് ഷെയർ മാർക്കറ്റിലാണ് ഓഹരികൾ ലിസ്റ്റ് ചെയ്യാറെങ്കിലും അലി ബാബ ആദ്യമായി ന്യൂയോർക്ക് ഷെയർമാർക്കറ്റ് തെരഞ്ഞെടുക്കുകയായിരുന്നു. 


ലോകത്തെ ഏറ്റവും വലിയ കമ്പനികളിലൊന്നായ ജപ്പാനിലെ സോഫ്റ്റ് ബാങ്ക് ഐ.പി.ഒയിലൂടെ 2,350 കോടി റിയാൽ സമാഹരിച്ചു. ഇതുവരെയുള്ള കണക്കുകൾ പ്രകാരം സോഫ്റ്റ് ബാങ്ക് ഐ.പി.ഒ ആണ് മൂന്നാം സ്ഥാനത്ത്. ചൈനീസ് കാർഷിക ബാങ്ക് ആയി എ.ജി ബാങ്കിന്റെ ഐ.പി.ഒ ആണ് നാലാം സ്ഥാനത്ത്. 2010 ജൂലൈയിലാണ് എ.ജി ബാങ്കിന്റെ ഓഹരികൾ ഐ.പി.ഒയിലൂടെ വിൽപന നടത്തിയത്. ഇതിലൂടെ 1,920 കോടി ഡോളർ ബാങ്ക് സമാഹരിച്ചു. അലി ബാബയെ പോലെ പിന്നീട് അധിക ഓഹരികൾ വിൽപന നടത്തി കമ്പനി ഐ.പി.ഒ മൂല്യം 2,210 കോടി ഡോളറാക്കി ഉയർത്തി. 


ചൈനയിലെ ഐ.സി.ബി.സി ബാങ്ക് 2006 ഒക്‌ടോബർ 20 ന് ഓഹരികൾ ഐ.പി.ഒയിലൂടെ വിൽപന നടത്തി. ഇതിലൂടെ ആകെ 1,910 കോടി ഡോളർ ബാങ്ക് സമാഹരിച്ചു. 2007 ജനുവരിയിൽ കൂടുതൽ ഓഹരികൾ വിൽപന നടത്തി ഐ.പി.ഒ മൂല്യം 2,190 കോടി ഡോളറായി ബാങ്ക് പിന്നീട് ഉയർത്തി. ലോക ചരിത്രത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ ഐ.പി.ഒ ആണിത്. 


2010 നവംബർ 16 നാണ് അമേരിക്കൻ വാഹന വ്യവസായ ഭീമനായ ജനറൽ മോട്ടോഴ്‌സ് ഐ.പി.ഒ ആരംഭിച്ചത്. ഇതിലൂടെ കമ്പനി 2,010 കോടി ഡോളർ സമാഹരിച്ചു. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഐ.പി.ഒ ആയിരുന്നു ഇത്. 
ജപ്പാനിലെ ടോക്യോ ആസ്ഥാനായി പ്രവർത്തിക്കുന്ന എൻ.ടി.ടി ഡോക്കോമൊ 1998 ഒക്‌ടോബർ 22 ന് നടത്തിയ ഐ.പി.ഒയിലൂടെ 1,840 കോടി ഡോളർ സമാഹരിച്ചു. ക്രെഡിറ്റ് കാർഡ് കമ്പനിയായ വിസ ആഗോള സാമ്പത്തിക പ്രതിസന്ധിക്കിടെ 2008 മാർച്ച് 18 ന് നടത്തിയ ഐ.പി.ഒയിലൂടെ 1,790 കോടി ഡോളറാണ് സമാഹരിച്ചത്. ഹോങ്കോംഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന നിക്ഷേപ, ഇൻഷുറൻസ് കമ്പനിയായ എ.ഐ.എ 2010 ഒക്‌ടോബറിൽ നടത്തിയ ഐ.പി.ഒയിലൂടെ 1,780 കോടി ഡോളർ സമാഹരിച്ചിരുന്നു. 
യൂറോപ്പിലും അമേരിക്കയിലും പ്രകൃതി വാതക, വൈദ്യുതി മേഖലകളിൽ മത്സരിക്കുന്ന ഇറ്റാലിൻ കമ്പനിയ എനി 1999 നവംബറിൽ നടത്തിയ ഐ.പി.ഒയിലൂടെ 1,740 കോടി ഡോളർ ശേഖരിച്ചിരുന്നു. 34 രാജ്യങ്ങളിൽ എനി പ്രവർത്തിക്കുന്നുണ്ട്. 
സാമൂഹികമാധ്യമ മേഖലയിൽ വിപ്ലവം സൃഷ്ടിച്ച ഫെയ്‌സ്ബുക്ക് ഇനീഷ്യൽ പബ്ലിക് ഓഫറിംഗിലൂടെ 1,600 കോടി ഡോളർ സമാഹരിച്ചിരുന്നു. ലോക ചരിത്രത്തിലെ ഏറ്റവും വലിയ പത്താമത്തെ ഐ.പി.ഒ ആണ് ഫെയ്‌സ്ബുക്കിന്റെത്.

Latest News