Sorry, you need to enable JavaScript to visit this website.

അനുമോദനത്തിൽ മുങ്ങി സഫ ഫെബിൻ 

സഫ ഫെബിൻ പിതാവ് കുഞ്ഞിമുഹമ്മദും മാതാവ് സാറയോടുമൊപ്പം

കരുവാരകുണ്ട് - കരുവാരക്കുണ്ടിലെത്തിയ രാഹുൽഗാന്ധി എം.പിയുടെ ഇംഗ്ലീഷ് പ്രസംഗം മലയാളത്തിൽ തർജമ ചെയ്ത പ്ലസ് ടു വിദ്യാർഥിനി സഫ ഫെബിനിന് അഭിനന്ദന പ്രവാഹം. നിരവധി സംഘടനകളും കൂട്ടായ്മകളും സഫയുടെ വീട്ടിലെത്തി അനുമോദിക്കുന്നതിനു പുറമെ മന്ത്രിമാരായ സി.രവീന്ദ്രനാഥ്, കെ.ടി.ജലീൽ എന്നിവർ ഫോൺ മുഖേനയും സഫയെ അഭിനന്ദനമറിയിച്ചു. കരുവാരകുണ്ട് കുട്ടത്തി സ്വദേശിയും മദ്രസാ അധ്യാപകനുമായ ഒടാല കുഞ്ഞിമുഹമ്മദിന്റെയും ഭാര്യ സാറയുടെയും അഞ്ചു മക്കളിൽ ഇളയവളായ സഫ ഫെബിൻ കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നേകാൽ വരെ ഒരു സാധാരണ പ്ലസ് ടു വിദ്യാർഥിനി മാത്രമായിരുന്നു.

എന്നാൽ കരുവാരക്കുണ്ട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ സയൻസ് ലാബ് കെട്ടിടം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കാൻ തുടങ്ങിയ രാഹുൽ ഗാന്ധി തന്റെ വാക്കുകൾ പരിഭാഷപ്പെടുത്താൻ ഒരാളെ വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ ജനക്കൂട്ടത്തിനിടയിൽനിന്ന് സധൈര്യം മുന്നോട്ടു വന്നതോടെ സഫ ഏവർക്കും പ്രിയങ്കരിയായി. സഫയുടെ വാക്കുകൾ കയ്യടിയോടെയാണ് ജനം സ്വീകരിച്ചത്. ഇതോടെ നാടിനു അഭിമാനമായി മാറുകയായിരുന്നു ഈ പെൺകുട്ടി. 
സ്വന്തം നാടിന്റെയും മലപ്പുറം ജില്ലയുടെയും വിദ്യാഭ്യാസ മികവാണ് സഫയിലൂടെ പ്രകടമായത്. സഫയുടെ പിതാവ് കുഞ്ഞിമുഹമ്മദ് മുസ്‌ലിയാരുടെ ഫോണിലേക്ക് വിളിച്ചു മന്ത്രിമാർ ഉൾപ്പെടെയുള്ളവർ അഭിനന്ദനങ്ങൾ അറിയിച്ചിരിക്കുന്നു. പലരും വീട്ടിലെത്തിയും അനുമോദിക്കുന്നു. 


കരുവാരക്കുണ്ട് അങ്ങാടിയിലേക്കിറങ്ങിയ കുഞ്ഞിമുഹമ്മദ് ഒരു സുഹൃത്ത് വഴിയാണ് മകൾ രാഹുൽ ഗാന്ധിക്കൊപ്പം വേദി പങ്കിട്ട വിവരമറിയുന്നത്. ആദ്യമൊന്നു പകച്ചെങ്കിലും പിന്നീട് ടി.വിയിലൂടെയും മറ്റു സുഹൃത്തുക്കളിലൂടെയും വിവരം അറിയുകയായിരുന്നു. ഇതോടെ ഈ പിതാവ് ആഹ്ലാദത്തിലായി. മകളുടെ പ്രകടനം മാധ്യമങ്ങൾ വഴിയാണ് മാതാവ് സാറ കാണുന്നത്. ഒരു ദേശീയ നേതാവിന്റെ പ്രസംഗം പരിഭാഷപ്പെടുത്തിയതിനപ്പുറം മകളുടെ ചങ്കൂറ്റത്തെക്കുറിച്ചാണ് സാറയ്ക്കു പറയാനുണ്ടായിരുന്നത്. ഈ നേട്ടം വാക്കുകൾക്കതീതമാണെന്ന് സാറ പറഞ്ഞു. ജിദ്ദ ഒ.ഐ.സി.സി ഉൾപ്പെടെയുള്ള പ്രവാസി സംഘടനകളും സഫ ട്യൂഷൻ പഠിക്കുന്ന ഫിനിക്‌സ് സയൻസ് ഇൻസ്റ്റിറ്റിയൂട്ട് മാനേജ്‌മെന്റും മറ്റു നിരവധി കൂട്ടായ്മകളും വ്യക്തികളും സഫയെ അനുമോദിച്ചു. ഇന്നലെ സ്‌കൂളിലും മികച്ച രീതിയിലുള്ള അനുമോദന ചടങ്ങാണ് ഒരുക്കിയിരുന്നത്.

 

 

Latest News