Sorry, you need to enable JavaScript to visit this website.

പ്രസംഗത്തിനൊടുവിൽ പരിഭാഷകയെ  ചേർത്തുപിടിച്ച് രാഹുൽ ഗാന്ധി

വാകേരി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥിനി പി.വി. പൂജയെ രാഹുൽഗാന്ധി എം.പി ചേർത്തുപിടിച്ച് അഭിനന്ദിക്കുന്നു. 

കൽപറ്റ - രാഹുൽഗാന്ധി എം.പിയുടെ പ്രസംഗം പരിഭാഷപ്പെടുത്താൻ ലഭിച്ച അവസരം വാകേരി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥിനി പി.വി.പൂജയ്ക്ക് വിദ്യാഭ്യാസ ജീവിതത്തിലെ അവിസ്മരണീയ അനുഭവമായി. 


പരിഭാഷയ്ക്കിടെ പൂജ അൽപം പതറിയപ്പോൾ മൂത്ത സഹോദരന്റെ വാത്സല്യത്തോടെ രാഹുൽ പ്രോത്സാഹനം ചൊരിഞ്ഞു. പിൻമാറാൻ തുടങ്ങിയ പൂജയെ വേദിയിൽ പിടിച്ചുനിർത്തി പ്രസംഗം അവസാനംവരെ പരിഭാഷപ്പെടുത്താൻ ധൈര്യം നൽകി. തുടക്കത്തിൽ താനും ഇങ്ങനെയായിരുന്നുവെന്ന് രാഹുൽ പറഞ്ഞത് പൂജയിലേക്കു പകർന്നത് വലിയ ആത്മവിശ്വാസമാണ്. പ്രസംഗത്തിനൊടുവിൽ വന്ദനത്തിനു തുനിഞ്ഞ പൂജയെ രാഹുൽ ചേർത്തുപിടിച്ച് അഭിനന്ദിച്ചു. സമ്മാനമായി മധുരം നൽകി.


മൾട്ടി സെക്ടറൽ ഡവലപ്പ്‌മെന്റ് പ്രോഗ്രാമിൽ വാകേരി സ്‌കൂളിൽ നിർമിച്ച പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു രാഹുൽ. സ്‌കൂൾ അധികൃതർ ആവശ്യപ്പെട്ടതനുസരിച്ചാണ് വൊക്കേഷനൽ ഹയർ സെക്കൻഡറി ലബോറട്ടറി ടെക്‌നീഷ്യൻ ഒന്നാംവർഷ വിദ്യാർഥിനി പൂജയെ പരിഭാഷയ്ക്കു ക്ഷണിച്ചത്. ശബ്ദസംവിധാനത്തിലെ പാകപ്പിഴമൂലം രാഹുലിന്റെ പ്രസംഗം പൂജയ്ക്കു ശരിക്കു കേൾക്കാനായില്ല. ഇത് പരിഭാഷയിൽ താളപ്പിഴയ്ക്കു കാരണമായി. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പരിഭാഷ നടത്തട്ടെയെന്നു സദസ്സിൽനിന്നും നിർദേശം ഉയർന്നെങ്കിലും രാഹുൽ വഴങ്ങിയില്ല. 


വേദിയിലിരുന്ന ചിലർ പൂജയെ സഹായിക്കാൻ ശ്രമിച്ചപ്പോൾ കുട്ടിയെ ശല്യം ചെയ്യരുതെന്നും നിർദേശിച്ചു. പുഞ്ചിരി തൂകി പൂജയെ അടുത്തുവിളിച്ച് സാന്ത്വനിപ്പിച്ചാണ് രാഹുൽ പ്രസംഗം തുടർന്നത്. 
പൂജയ്ക്ക് മനസ്സിലാകുന്നതിനു ചില പദങ്ങളും വാചകങ്ങളും രാഹുൽ ആവർത്തിച്ചു.  പരിഭാഷ പൂജ മനോഹരവുമാക്കി. കേണിച്ചിറ നെല്ലിക്കര പത്മനാഭസദനത്തിൽ വത്സരാജ്-പ്രസീജ ദമ്പതികളുടെ മകളാണ് പൂജ. 


സ്‌കൂളിൽ ഏകദേശം 20 മിനിറ്റാണ് രാഹുൽ പ്രസംഗിച്ചത്. പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയിൽ ഊന്നിയായിരുന്നു പ്രസംഗം. പാവപ്പെട്ടവരുടെ മക്കൾക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കണമെങ്കിൽ പൊതുവിദ്യാലയങ്ങളിലെ സ്ഥിതി മെച്ചപ്പെടണമെന്നു അദ്ദേഹം പറഞ്ഞു. ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിൽ മുൻ എം.പി അന്തരിച്ച എം.ഐ.ഷാനവാസ് നൽകിയ സംഭാവനകൾ രാഹുൽ അനുസ്മരിച്ചു. ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.ദിലീപ്കുമാർ സ്വാഗതവും പ്രധാനാധ്യാപകൻ ഏബ്രാഹം നന്ദിയും പറഞ്ഞു. 

 

 

Latest News