Sorry, you need to enable JavaScript to visit this website.

നിത്യാനന്ദയുടെ ഹിന്ദുരാഷ്ട്രം: ഭൂമി വാങ്ങാന്‍ സഹായിച്ചിട്ടില്ലെന്ന് ഇക്വഡോറിന്റെ വിശദീകരണം

ന്യൂദല്‍ഹി- ഇന്ത്യയില്‍നിന്ന് മുങ്ങിയ വിവാദ ആള്‍ദൈവം സ്വാമി നിത്യാനന്ദയ്ക്ക് അഭയം നല്‍കുകയോ സൗത്ത് അമേരിക്കയില്‍ ഭൂമി വാങ്ങാന്‍ സഹായിക്കുകയോ ചെയ്തിട്ടില്ലെന്ന് ഇക്വഡോര്‍.

ഇക്വഡോര്‍ എംബസി പുറത്തിറക്കിയ വാര്‍ത്ത കുറിപ്പിലാണ് അഭയം നല്‍കണമെന്ന നിത്യാനന്ദയുടെ അഭ്യര്‍ഥന തള്ളിയതായി വ്യക്തമാക്കുന്നത്. നിത്യാനന്ദ പിന്നീട് ഹെയ്തിയിലേക്ക് പോയതായും എംബസിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

നിത്യാനന്ദയുടെ ഒളിച്ചോട്ടവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു വാര്‍ത്താക്കുറിപ്പ് പുറത്തിറക്കുന്നതെന്നും മേലില്‍ ഈ വിവാദങ്ങളില്‍നിന്ന് ഇക്വഡോറിന്റെ പേര് ഒഴിവാക്കണമെന്നും എംബസി അഭ്യര്‍ഥിക്കുന്നു.

ഇക്വഡോറില്‍നിന്ന് വാങ്ങിയ ദ്വീപില്‍ താന്‍ കൈലാസ എന്ന ഹിന്ദു രാജ്യം സ്ഥാപിച്ചതായുള്ള നിത്യാനന്ദയുടെ വെളിപ്പെടുത്തല്‍ പുറത്തുവന്നതിന് പിന്നാലെയാണ് എംബസിയുടെ വിശദീകരണം.

ഭൂമിയിലെ മഹത്തായ ഹിന്ദു രാജ്യം എന്നാണ് കൈലാസയെ കുറിച്ച് നിത്യാനന്ദ വെബ്‌സൈറ്റില്‍ അവകാശപ്പെടുന്നത്. പ്രധാനമന്ത്രിയും മന്ത്രിസഭയുമെല്ലാമുള്ള പരമാധികാര റിപ്പബ്ലിക് ആണിതെന്നും നിത്യാനന്ദയുടെ ബെബ്‌സൈറ്റ് അവകാശപ്പെടുന്നു.

ബലാത്സംഗ കേസില്‍ അറസ്റ്റുണ്ടാകുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് പാസ്സ്‌പോര്‍ട്ട് പോലുമില്ലാത്ത നിത്യാനന്ദ ഇന്ത്യ വിട്ടത്. ഇക്കാര്യം ഗുജറാത്ത് പോലീസ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇയാളുടെ പാസ്‌പോര്‍ട്ടിന്റെ കാലാവധി 2018 സെപ്തംബറില്‍ അവസാനിച്ചിരുന്നു. പാസ്സ്‌പോര്‍ട്ട് ഇല്ലാതെ ഇയാള്‍ എങ്ങനെ രാജ്യംവിട്ടു എന്നതോ എവിടേയ്ക്കാണ് പോയിരിക്കുന്നതെന്നതോ വ്യക്തമല്ല.

രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി അനധികൃതമായി തടവില്‍ പാര്‍പ്പിച്ചുവെന്ന കേസില്‍ നിത്യാനന്ദക്കെതിരെ പോലീസ് അന്വേഷണം നടക്കുകയാണ്. തങ്ങളുടെ രണ്ട് പെണ്‍മക്കളെ നിത്യാനന്ദയുടെ അഹമ്മദാബാദിലെ ആശ്രമത്തില്‍ തടഞ്ഞുവെച്ചിരിക്കുന്നതായി ബംഗളൂരു സ്വദേശികളായ ദമ്പതിമാര്‍ പരാതി നല്‍കിയിരുന്നു.

 

Latest News