Sorry, you need to enable JavaScript to visit this website.

ബെനാമികള്‍ക്ക് പിടിവീഴും; ഭൂമി ഇടപാടുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നു

ന്യൂദല്‍ഹി- ഭൂമി ഇടപാടുകളില്‍ കള്ളപ്പണവും ബെനാമികളേയും തടയാന്‍ ആധാര്‍ നിര്‍ബന്ധമാക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാരിന്റെ സജീവ പരിഗണനയില്‍. ഭൂമി രേഖകളുടെ രജിസ്‌ട്രേഷന്‍ സമയത്ത് ആധാര്‍ ഉപയോഗിച്ച് ഇടപാടുകാരെ ആധാര്‍ നമ്പര്‍ ഉപയോഗിച്ച് തിരിച്ചറിയാനാണിത്. വസ്തു ഇടപാടുകള്‍ പൂര്‍ണമായും ഇ-രജിസ്‌ട്രേഷനിലേക്കു മാറ്റുന്ന നടപടികളും കേന്ദ്രം ശക്തിപ്പെടുത്തിയിട്ടുണ്ട്. പൂര്‍ണതോതില്‍ ഇതു നടപ്പിലാകുന്നതോടെ വസ്തു ആധാരങ്ങള്‍ ഇ-രജിസ്‌ട്രേഷന്‍ ചെയ്യുന്നതിന് ആധാര്‍ നമ്പര്‍ നിര്‍ബന്ധമായിരിക്കും.

ഈ മാറ്റങ്ങള്‍ കൊണ്ടു വരുന്നതിനായി 1908-ലെ രജിസ്‌ട്രേഷന്‍ നിയമത്തിലെ 32, 32എ എന്നീ വകുപ്പുകളില്‍ ഭേദഗതി കൊണ്ടുവരാനുള്ള നീക്കവും സര്‍ക്കാര്‍ നടത്തുന്നുണ്ട്. വസ്തു രജിസ്‌ട്രേഷന്‍ സമയത്ത് എല്ലാ വ്യക്തികളും ആധാര്‍ അടിസ്ഥാനമാക്കിയുള്ള തിരിച്ചറിയല്‍ നടപടിക്ക് വിധേയരാകും. ഭൂമി വാങ്ങുന്നവരെ സംബന്ധിച്ചിടത്തോളം ഒരു പഴുതുകളും ബാക്കിയാകാതെ പൂര്‍ത്തിയാക്കാവുന്ന ഈ സംവിധാനം തട്ടിപ്പുകള്‍ക്കും ബെനാമി ഇടപാടുകള്‍ക്കുമുള്ള സാധ്യത ഇല്ലാതാക്കുകയും ചെയ്യുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

ആധാര്‍ അടിസ്ഥാനമാക്കിയുള്ള പ്രാമാണീകരണത്തിന് നിയമപരമായ സാധുത വരുത്തുന്നതിനാണ് സര്‍ക്കാര്‍ രജിസ്‌ട്രേഷന്‍ നിയമം ഭേദഗതി ചെയ്യുന്നത്. കരട് ഭേദഗതി കേന്ദ്ര മന്ത്രിസഭയുടെ അനുമതിക്കായി ഉടന്‍ സമര്‍പ്പിക്കും. ശേഷം പാര്‍ലമെന്റിലും അവതരിപ്പിക്കും.  

Latest News