Sorry, you need to enable JavaScript to visit this website.

ഇങ്ങനെയല്ല നീതി നടപ്പാക്കേണ്ടത്; തെലങ്കാന സംഭവത്തില്‍ പ്രതികരിച്ച് ജസ്റ്റിസ് കെമാല്‍ പാഷ

തിരുവനന്തപുരം- ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി കത്തിച്ച കേസിലെ പ്രതികളെ വധിച്ചത് ഏറ്റുമുട്ടലിലാണെന്ന് വിശ്വസിക്കുന്നില്ലെന്നും ഇങ്ങനെയല്ല നീതി നടപ്പാക്കേണ്ടതെന്നും റിട്ട. ജസ്റ്റിസ് കെമാല്‍ പാഷ.
നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ തന്നെയാണ് അവര്‍ക്ക് കിട്ടേണ്ടത്. അത് വധശിക്ഷയാണ്. എല്ലാമനുഷ്യരും ആഗ്രഹിക്കുന്ന ശിക്ഷ തന്നെയാണ് അവര്‍ക്ക് ഇപ്പോള്‍ ലഭിച്ചിരിക്കുന്നതും. എന്നാല്‍ വിചാരണ ചെയ്ത് കുറ്റം തെളിഞ്ഞ ശേഷമാണ് ശിക്ഷ നല്‍കേണ്ടത്. ജനങ്ങള്‍ വൈകാരികമായി പ്രതികരിക്കുന്നതിന് തുല്യമായിപ്പോയി തെലങ്കാന പോലീസിന്റെ നടപടിയെന്ന് അദ്ദേഹം പറഞ്ഞു.
നീതിന്യായവ്യവസ്ഥയ്ക്കും നിയമവാഴ്ചയ്ക്കും എതിരായ നടപടിയാണിത്.  പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല ഇത്. ഏറ്റുമുട്ടലാണെങ്കില്‍ പോലീസിന് കാലിന് വെടിവെയ്ക്കാമായിരുന്നല്ലോയെന്നും അദ്ദേഹം ചോദിച്ചു. അതേസമയം, ഇത്തരം പ്രതികള്‍ നമ്മുടെ ചെലവില്‍ ജയിലില്‍ തടിച്ച് കൊഴുത്ത് കഴിയുന്നതിലും പരാതിയുള്ള ആളാണ് താനെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേസിലെ നാല് പ്രതികളും തെളിവെടുപ്പിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വെടിവെച്ചുവെന്നാണ് പോലീസ് വിശദീകരണം. വെള്ളിയാഴ്ച പുലര്‍ച്ചെ തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ പോലീസിന്റെ തോക്ക് പിടിച്ചെടുത്ത് ആക്രമിക്കാന്‍ ശ്രമിച്ചെന്നും തുടര്‍ന്നുള്ള ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്.

 

Latest News