Sorry, you need to enable JavaScript to visit this website.

വീർപ്പ് മുട്ടിക്കുന്ന വിലക്കയറ്റം 

പൊതുമേഖലയെ തകർക്കുന്നതും നികുതിയിളവടക്കം കോർപറേറ്റ് പ്രീണനവും മോഡി സർക്കാർ നടപ്പാക്കുന്ന ജനവഞ്ചനയുടെയും പകൽകൊള്ളയുടെയും രണ്ട് മുഖങ്ങളാണ്. മുന്നറിയിപ്പുകൾ വകവെക്കാതെയും ആവശ്യമായ ഗൃഹപാഠം കൂടാതെയും നടപ്പാക്കിയ ചരക്ക് സേവന നികുതിയാണ് ജനജീവിതത്തിനു മേൽ ഇടിത്തീയായി പെയ്തിറങ്ങുന്നത്. ജി.എസ്.ടി നടപ്പാക്കിയതോടെ സംസ്ഥാനങ്ങളുടെ നികുതി വരുമാനത്തിൽ വൻ തകർച്ചയാണ് സംഭവിച്ചിരിക്കുന്നത്. 


ജനങ്ങളെയാകെ കണ്ണീരു കുടിപ്പിക്കുന്ന വിലക്കയറ്റത്തിന്റെ പിടിയിലമർന്നിരിക്കുകയാണ് രാജ്യം. ഉള്ളിയുടെ തീവില കുതിച്ചുയരുന്നു. രാജ്യത്തെമ്പാടും മൊത്ത വ്യാപാര വിപണികളിൽ ഇന്നലെ ഉള്ളി വില നൂറു രൂപ കടന്നു. ചില്ലറ വിപണിയിൽ ഉള്ളിക്ക് തൊട്ടാൽ പൊള്ളുന്ന വില. അത് അടുത്ത ഫെബ്രുവരി വരെ തുടരുമെന്നാണ് സൂചന. ഇത് പൊടുന്നനെ ഉണ്ടായ വിലക്കയറ്റമല്ല. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ തന്നെ വില 80 രൂപയായി ഉയർന്നു. അകാലത്തിലെ കനത്ത മഴ ഉള്ളി വില കുതിച്ചുയരാൻ കാരണമാകുമെന്ന വ്യക്തമായ സൂചന ഉണ്ടായിരുന്നു. അവസരോചിതമായ ഇടപെടലുകൾക്ക് മുതിരാതെ കേന്ദ്ര സർക്കാർ നോക്കുകുത്തിയായി. രാജ്യത്തെ പ്രതിമാസ ഉള്ളി ഉപഭോഗം 15 ലക്ഷം മെട്രിക് ടൺ എന്നാണ് ദേശീയ കാർഷിക വിപണന സഹകരണ ഫെഡറേഷൻ (നഫേദ്) കണക്കാക്കുന്നത്. ദിനംപ്രതി 50,000 മെട്രിക് ടൺ.

ഇപ്പോൾ മൊത്ത വ്യാപാര വിപണിയിൽ എത്തുന്നത് അതിന്റെ 10  -– 12 ശതമാനം മാത്രം. തീപ്പിടിച്ച ഉള്ളി വിലയുടെ കാരണം കണ്ടെത്താൻ മറ്റ് വൈദഗ്ധ്യമൊന്നും വേണ്ട. വർഗീയ അജണ്ടയുടെയും രാഷ്ട്രീയ കുതിരക്കച്ചവടത്തിന്റെയും തിരക്കിൽ വിലക്കയറ്റം പോലെ അതിപ്രധാനമായ ജനകീയ പ്രശ്‌നങ്ങൾ കാണാനോ അവക്ക് പരിഹാരം ആരായാനോ മോഡി സർക്കാർ മെനക്കെട്ടില്ല. മോഡിയും ഷായും മഹാരാഷ്ട്രയിൽ രായ്ക്കുരാമാനം അധികാരമുറപ്പിക്കാനും കുതിരക്കച്ചവടം നടത്താനുമുള്ള തിരക്കിലായിരുന്നു. രാജ്യത്ത് ഏറ്റവുമധികം ഉള്ളി ഉൽപാദിപ്പിക്കുന്ന സംസ്ഥാനമാണ് അത്. കർഷകരുടെയും ജനങ്ങളുടെയും പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനേക്കാൾ അധികാര രാഷ്ട്രീയത്തിനു നൽകിവരുന്ന മുൻഗണനയാണ് വിലക്കയറ്റത്തിലേക്ക് നയിച്ചത്. അതീവ ഗുരുതരമായ ഈ അവസ്ഥയിലും ഉള്ളി ക്കയറ്റുമതിയും പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തുടരാൻ അനുവദിക്കുന്നതും അവരുടെ വർഗ താൽപര്യത്തെയും ജനങ്ങളോടുള്ള അവഗണനയേയും പുഛത്തേയുമാണ് തുറന്നുകാട്ടുന്നത്.

തുഛമായ വിലക്ക് സ്വകാര്യ കച്ചവടക്കാർ ഇറക്കുമതി ചെയ്യുന്ന ഉള്ളിയും ജനങ്ങളെ കൊള്ളയടിക്കാനുള്ള അവസരമാക്കി മാറ്റിയിരിക്കുന്നു. ആ പകൽകൊള്ളക്ക് നേരെയും മോഡി സർക്കാർ കണ്ണടക്കുന്നു. ഉള്ളി വില മാത്രമല്ല പയർ വർഗങ്ങളടക്കം എല്ലാ നിത്യോപയോഗ സാധനങ്ങളുടെ വിലയും രാജ്യത്തെമ്പാടും കുതിച്ചുയരുകയാണ്. വിവിധ പയർ, പരിപ്പിനങ്ങളാണ് സാധാരണ ഇന്ത്യക്കാരന്റെ മാംസാഹാര സ്രോതസ്സ്. അവയും ആവശ്യമായ അളവിൽ നിയന്ത്രിത വിലക്ക് സംസ്ഥാനങ്ങൾക്ക് ലഭ്യമാക്കുന്നതിൽ കേന്ദ്ര ഭരണകൂടം അമ്പേ പരാജയപ്പെട്ടിരിക്കുന്നു. അവശ്യ ഭക്ഷ്യവസ്തുക്കളുടെ ലഭ്യതയും അവയുടെ വില നിയന്ത്രണവും നിർവഹിക്കേണ്ട എഫ്.സി.ഐ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളും നഫേദ് പോലുള്ള സഹകരണ സ്ഥാപനങ്ങളും മോഡി ഭരണത്തിൽ ദുർബലമാക്കപ്പെട്ടു. ശൂന്യത കൈയടക്കുന്നതാവട്ടെ റിലയൻസും ബിർളയും അടക്കമുള്ള സ്വകാര്യ കോർപറേറ്റുകളും. അവർ രംഗം കൈയടക്കുന്നത് വില നിയന്ത്രിക്കാനല്ല, കൊള്ള ലാഭം ഉറപ്പിക്കാൻ മാത്രമാണ്. അതിന് കുട പിടിക്കുകയാണ് മോഡി സർക്കാർ.

പൊതുമേഖലയെ തകർക്കുന്നതും നികുതിയിളവടക്കം കോർപറേറ്റ് പ്രീണനവും മോഡി സർക്കാർ നടപ്പാക്കുന്ന ജനവഞ്ചനയുടെയും പകൽകൊള്ളയുടെയും രണ്ട് മുഖങ്ങളാണ്. മുന്നറിയിപ്പുകൾ വകവെക്കാതെയും ആവശ്യമായ ഗൃഹപാഠം കൂടാതെയും നടപ്പാക്കിയ ചരക്ക് സേവന നികുതിയാണ് ജനജീവിതത്തിനു മേൽ ഇടിത്തീയായി പെയ്തിറങ്ങുന്നത്. ജി.എസ്.ടി നടപ്പാക്കിയതോടെ സംസ്ഥാനങ്ങളുടെ നികുതി വരുമാനത്തിൽ വൻ തകർച്ചയാണ് സംഭവിച്ചിരിക്കുന്നത്. നികുതി വരുമാനത്തിൽ 30 ശതമാനം വർധന പ്രതീക്ഷിച്ചിരുന്ന കേരളത്തിന് 14 ശതമാനം വളർച്ച മാത്രമേ കൈവരിക്കാനായുള്ളൂ. സംസ്ഥാനങ്ങൾക്ക് കേന്ദ്രം ലഭ്യമാക്കേണ്ട ജി.എസ്.ടി നഷ്ടപരിഹാര തുകയും ഇന്റഗ്രേറ്റഡ് ജി.എസ്.ടി വിഹിതവും നൽകാൻ കേന്ദ്ര സർക്കാർ വിസമ്മതിക്കുന്നു. സംസ്ഥാനത്തിന് കടമെടുക്കാൻ കഴിയുമായിരുന്ന 25,000 കോടി രൂപയിൽ 6000 കോടി വെട്ടിക്കുറച്ച നടപടിയും വിനയായിരിക്കുന്നു. കേരളമടക്കം ബി.ജെ.പി ഇതര പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ സാമ്പത്തികമായി വീർപ്പുമുട്ടിച്ച് തകർക്കുക എന്ന ഗൂഢപദ്ധതിയാണ് മറനീക്കി പുറത്തു വരുന്നത്.

നികുതി വരുമാനത്തിൽ ഉണ്ടായ വൻ കുറവ് വിലക്കയറ്റത്തിന്റെ നാളുകളിൽ വിപണി ഇടപെടൽ നടത്തുന്നതിന് വിഘാതമായിരിക്കുന്നു. സാമ്പത്തിക പ്രതിസന്ധി ഫലപ്രദമായ വിപണി ഇടപെടൽ നടത്തുന്നതിന് കേരളത്തിൽ സിവിൽ സപ്ലൈസ് കോർപറേഷൻ തടസ്സം സൃഷ്ടിക്കുന്നു. വരുമാനം കുറയുകയും വായ്പാ സാധ്യതകൾ തകർക്കപ്പെടുകയും ചെയ്തതോടെ ഇതിനകം നടത്തിയ വിപണി ഇടപെടലുകളുടെ നൂറുകണക്കിനു കോടി രൂപയുടെ ബാധ്യത നികത്താനാവാത്ത അവസ്ഥയെയാണ് സിവിൽ സപ്ലൈസ് കോർപറേഷൻ നേരിടുന്നത്. ഈ പ്രതിസന്ധി ഘട്ടത്തിലും അവശ്യ വസ്തുക്കൾ നിയന്ത്രിത വിലക്ക് ലഭ്യമാക്കാൻ സിവിൽ സപ്ലൈസ് കോർപറേഷനും ഭക്ഷ്യപൊതു വിതരണ വകുപ്പും നടത്തുന്ന ശ്രമങ്ങൾ ശ്ലാഘനീയമാണ്. കേരളത്തോടും ഇതര സംസ്ഥാനങ്ങളോടും കേന്ദ്ര സർക്കാർ അവലംബിക്കുന്ന നിഷേധാത്മക സമീപനം നിശിതമായി ചെറുക്കപ്പെടേണ്ടതും എതിർക്കപ്പെടേണ്ടതുമാണ്. ജനജീവിതം താറുമാറാക്കുന്ന വിലക്കയറ്റത്തിനും കേന്ദ്ര സർക്കാറിന്റെ പ്രതിലോമ നയങ്ങളും ഇന്ത്യൻ ജനതയെ കണ്ണീര് കുടിപ്പിക്കുകയാണ്.


 

Latest News