Sorry, you need to enable JavaScript to visit this website.

പീഡനക്കേസില്‍ കുടുങ്ങി മുങ്ങിയ നിത്യാനന്ദയുടെ പാസ്‌പോര്‍ട്ട് കേന്ദ്രം റദ്ദാക്കി; പുതിയ അപേക്ഷയും തള്ളി

ന്യൂദല്‍ഹി- ലൈംഗിക പീഡനക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് രാജ്യം വിട്ട വിവാദ  ആള്‍ദൈവം നിത്യാനന്ദയുടെ പാസ്‌പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. പുതിയ പാസ്‌പോര്‍ട്ടിനുള്ള നിത്യാനന്ദയുടെ അപേക്ഷയും വിദേശകാര്യ മന്ത്രാലയം തള്ളി. ഇന്ത്യ വിട്ടു പുറത്ത് പോയെന്ന് കരുതപ്പെടുന്ന നിത്യാനന്ദയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. കൈലാസ എന്ന പേരില്‍ പുതിയൊരു ഹിന്ദു രാജ്യം സൃഷ്ടിച്ചെന്ന് അവകാശപ്പെട്ട് നിത്യാനന്ദ ഈയിടെ രംഗത്തെത്തിയിരുന്നു. കൈലാസ എന്ന പേരിലുള്ള വെബ്‌സൈറ്റിലാണ് ഹിന്ദു രാഷ്ട്ര പ്രഖ്യാപനം നടത്തിയത്. അഹമദാബാദിലെ ആശ്രമത്തില്‍ കുട്ടികളെ പീഡിപ്പിച്ച കേസില്‍ ഗുജറാത്ത് പോലീസ് തിരച്ചില്‍ നടത്തുന്നതിനിടെയാണ് നിത്യാനന്ദ മുങ്ങിയത്.

നിത്യാനന്ദയെ കണ്ടെത്താന്‍ വിദേശ രാജ്യങ്ങളിലുള്ള ഇന്ത്യയുടെ എല്ലാ നയതന്ത്ര കാര്യാലയങ്ങളോടും സഹായം തേടിയിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. നിത്യാനന്ദയുടെ പുതിയ രാജ്യത്തെ കുറിച്ചുള്ള ചോദ്യത്തിന് ഒരു വെബ്‌സൈറ്റ് ഉണ്ടാക്കുന്നതും രാജ്യം ഉണ്ടാക്കുന്നതും രണ്ടാണെന്ന് അദ്ദേഹം പ്രതികരിച്ചു. 

അതിനിടെ, തന്നെ ഒരുത്തനു പോലും തൊടാന്‍ കഴിയില്ലെന്ന് വീരവാദവുമായി നിത്യാനന്ദയുടെ വിഡിയോ സന്ദേശം പ്രചരിക്കുന്നുണ്ട്. സത്യവും യാഥാര്‍ത്ഥ്യവും വെളിപ്പെടുത്തി എന്റെ വിശ്വാസ്യത കാണിക്കും. ഇപ്പോള്‍ ഒരുത്തനും എന്നെ തൊടാനാവില്ല. ഞാന്‍ പരമ ശിവനാണ്. മനസ്സിലായോ? സത്യം പുറത്തു കൊണ്ടു വരാന്‍ ഒരു പൊട്ടക്കോടതിക്കും എനിക്കെതിരെ നടപടി എടുക്കാനാവില്ല. ഞാന്‍ പരമശിവനാണ്- നിത്യാനന്ദ വിഡിയോയില്‍ പറയുന്നു. രണ്ടാഴ്ചയിലേറെയായി ഈ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
 

Latest News