Sorry, you need to enable JavaScript to visit this website.

രക്ഷകരില്ലാത്ത ഇരകൾ

ആണധികാര വ്യവസ്ഥയുടെ ഇരകളായി കഴിയുന്ന ഇന്നാട്ടിലെ സ്ത്രീകൾ ഇനി ബലാത്സംഗത്തെക്കുറിച്ച് പരാതിപോലും പറയാത്ത കാലം വരും. അത്രയേറെ നിസ്സംഗമായാണ് ഈ ക്രൂരതയെ നാം കൈകാര്യം ചെയ്യുന്നത്. നിയമങ്ങൾ നോക്കുകുത്തികളാകുമ്പോൾ, നിയമപാലന സംവിധാനങ്ങൾ, ഫ്യൂഡലിസത്തിന്റെ തുരുമ്പുപിടിച്ച മനസ്സുമായി തുടരുമ്പോൾ, സ്ത്രീക്ക് നീതി അകലെത്തന്നെയാണ്. 


സോണി സംഗ്‌വാൻ ഒമ്പതു വയസ്സുള്ള പെൺകുട്ടിയുടെ അമ്മയാണ്. പത്രങ്ങളിൽ ബലാത്സംഗങ്ങളെക്കുറിച്ച വാർത്തകൾ വായിക്കുമ്പോൾ അവൾ ചോദിക്കുമായിരുന്നത്രേ, അമ്മേ, എന്താ ഈ ബലാത്സംഗമെന്ന്. ഒരു കുട്ടിക്ക് ബലാത്സംഗം എന്ന വാക്കിന്റെ അർഥമെന്താണെന്ന് പറഞ്ഞുകൊടുക്കുന്നതിനേക്കാൾ ഹൃദയ ഭേദകമായി മറ്റെന്താണ് ഒരു അച്ഛനോ അമ്മക്കോ ഉള്ളതെന്ന് സോണി ചോദിക്കുന്നു. അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഒരു ലോകത്തിൽ കുഞ്ഞുങ്ങളുടെ നിഷ്‌കളങ്കത്വം എങ്ങനെ കട്ടെടുക്കാനാവും? ഇപ്പോൾ അവൾ ആ ചോദ്യം അവസാനിപ്പിച്ചിരിക്കുന്നു എന്നും ഔട്ട്‌ലുക് മാഗസിനിലെഴുതിയ കുറിപ്പിൽ അവർ പറയുന്നു.
ബലാത്സംഗം എന്ന വാക്ക് ഒരു കുട്ടിയിൽ പോലും ജിജ്ഞാസ ഉളവാക്കാത്ത, തികച്ചും സാധാരണമായ ഒന്നായിപ്പോയ ചീഞ്ഞ കാലത്തിന്റെ സാക്ഷ്യപത്രമാണ് സോണി സംഗ്‌വാന്റെ കുറിപ്പ്. ഹൈദരാബാദിലെ അതിക്രൂരമായ ബലാത്സംഗവും തുടർന്നുള്ള കൊലപാതകവും മാധ്യമങ്ങളിൽ വീണ്ടും നിറയുമ്പോൾ, നിർഭയയുടെ ഓർമകളിലേക്ക് രാജ്യം നിർലജ്ജം മടങ്ങിയിരിക്കുന്നു. തൂക്കിക്കൊല്ലാൻ ആരാച്ചാരില്ലാതെ കുറ്റവാളികൾ ജയിലിലാണത്രേ. സ്ത്രീപീഡനങ്ങളോടുള്ള നിസ്സംഗ സമീപനം നമ്മുടെ സാധാരണ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞിരിക്കുന്നു. ലൈംഗിക അതിക്രമം, ശാരീരികാകർഷണത്തിന്റെ അനന്തര ഫലം മാത്രമല്ലെന്നും അതിൽ അധീശാധികാര വ്യവസ്ഥയുടെ അടയാളങ്ങൾ ഒളിച്ചിരിക്കുന്നുവെന്നും പലപ്പോഴും നാം മറന്നുപോകുന്നു. 
ഹൈദരാബാദിലെ വനിതാ ഡോക്ടർ നേരിട്ട മൃഗീയ പീഡനത്തിന്റെ വിശദാംശങ്ങൾ ആരിലും നടുക്കമുളവാക്കുന്നതാണ്. അത് യാദൃഛികമായി സംഭവിച്ച ഒന്നായിരുന്നില്ല. നാല് കുറ്റവാളികൾ കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കിയതായിരുന്നു. ആദ്യം അവരുടെ സ്‌കൂട്ടർ പഞ്ചറാക്കുന്നു, പിന്നെ അവരെ സഹായിക്കാനെന്ന വ്യാജേന അടുത്തു കൂടുന്നു, തുടർന്ന് ബീഭത്സമാം വിധം അവരെ ആക്രമിക്കുന്നു. കുറ്റാന്വേഷത്തിന്റെ ഓരോ ദിവസത്തിന് ശേഷവും കൂടുതൽ വിശദാംശങ്ങൾ പുറത്തേക്ക് വരുന്നു. എങ്ങനെയാണ് അവർ ഇരയെ മദ്യം കൊടുത്തു മയക്കിയതെന്ന്, അബോധാവസ്ഥയിൽ ബലാത്സംഗം ചെയ്തുവെന്ന്്, ബോധം വീണപ്പോൾ എങ്ങനെയൊക്കെ പീഡിപ്പിച്ചുവെന്ന്, അവസാനം എങ്ങനെയാണ് അവർ ആ പാവം സ്ത്രീയെ ചുട്ടുചാമ്പലാക്കിയതെന്ന്്. 
മകളെ കാണാതെ, പോലീസിനെ സമീപിച്ച ഡോക്ടറുടെ പിതാവിനോട് അവർ പറഞ്ഞ മറുപടി, ഈ നരാധമന്മാരേക്കാൾ ക്രൂരമായിരുന്നു. മകൾ ഒളിച്ചോടിയതായിരിക്കാം, അക്രമം നടന്ന ടോൾ പ്ലാസ ഞങ്ങളുടെ പരിധിയിൽ വരുന്നതല്ല എന്നൊക്കെ. ഒരു മന്ത്രി ചോദിക്കുന്നു, എന്തുകൊണ്ട് അവർ പോലീസിനെ വിളിച്ചില്ല എന്ന്. എല്ലാം ഇതൊരു സാധാരണ സംഭവം മാത്രമാണെന്ന ധ്വനിയോടെയുള്ളതാണ്. അതാണ് നമ്മുടെ കാലത്തിന്റെ ശാപവും. 
സ്ത്രീയുള്ളിടത്തെല്ലാം സ്ത്രീപീഡനമുണ്ടാകുമെന്നും ബലാത്സംഗം ചായ കുടിക്കുന്നതുപോലെയാണെന്നുമൊക്കെയുള്ള ചിന്താനിർഭരമായ വചനങ്ങൾ കേട്ടു ശീലിച്ചവരാണ് നാം. ഒമ്പതു വയസ്സുള്ള ഒരു കുട്ടി പോലും ഇനി ചോദ്യങ്ങൾ ചോദിക്കാത്ത വിധം അക്കാര്യത്തിൽ അറിവുള്ളവളായിക്കഴിഞ്ഞിരിക്കുന്നു. ഉത്തർപ്രദേശിലെ ഒരു ഗ്രാമത്തിലുള്ള ജനങ്ങളുമായി സംവദിക്കാനെത്തിയ സാമൂഹിക പ്രവർത്തകർ പറയുന്നത് ഞെട്ടിക്കുന്ന കാര്യങ്ങളാണ്. ബലാത്സംഗം ഒരു നിത്യപ്രതിഭാസമായ ഗ്രാമമായിരുന്നു അത്. പ്രായഭേദമെന്യേ ഏതൊരു സ്ത്രീയും അവിടെ ഏതു സമയത്തും ഇരയായി മാറാം. ജോലി സ്ഥലങ്ങളിൽ, സ്‌കൂളിൽ, പൊതുസ്ഥലങ്ങളിൽ, സ്വന്തം വീടുകളിൽ പോലും എങ്ങും അവർ സുരക്ഷിതരല്ല. ഗ്രാമത്തിലെ കൗമാരക്കാരികളും യുവതികളും പറയുന്നത് ഞെട്ടിക്കുന്ന കഥകളാണ്. മറ്റു വീടുകളിൽ സഹായിക്കാനായി പോകുന്ന പെൺകുട്ടികൾ ഗൃഹനാഥന്മാരുടെ ക്രൂരപീഡനത്തിന് ഇരയാകുന്ന കഥകൾ. വർഷങ്ങളോളം നീണ്ടുനിന്ന പീഡന കഥകളാണ് മറ്റു ചിലർ പറഞ്ഞത്. ഇത്തരം അതിക്രമങ്ങൾക്കെല്ലാം പ്രബലമായ രാഷ്ട്രീയ കക്ഷി നേതാക്കളുടെ പിന്തുണയുണ്ട്. കുപ്രസിദ്ധമായ ഉന്നാവ് പീഡന കഥ നമ്മുടെ മാധ്യമങ്ങളിൽ കുറച്ചുനാൾ നിറഞ്ഞുനിന്നതാണല്ലോ. ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ ഇപ്പോഴും നിലനിൽക്കുന്ന സവർണ മേധാവിത്വവും വർണ ചിന്തയും ഗ്രാമസങ്കൽപവുമൊക്കെ ഇത്തരം കിരാതത്വങ്ങൾക്ക് വളംവെച്ചുകൊടുക്കുന്നു. ഗ്രാമ മുഖ്യന്മാരായാൽ പിന്നെ നിങ്ങൾ പറയുന്നതെന്തും ഗ്രാമവാസികൾ അനുസരിക്കണം. ഇല്ലാത്തവരെ അനുസരിപ്പിക്കാൻ ഗുണ്ടാ സംഘങ്ങളുണ്ട്. അങ്ങനെ ഒരു പ്രദേശത്തെ ജനങ്ങളൊന്നാകെ ഒരു ആജ്ഞാനുവർത്തിക്ക് കീഴെ വരുന്നത് രാഷ്ട്രീയ പാർട്ടികൾക്ക് സൗകര്യപ്രദമാണ്. ഒരു കൂട്ടം ജനങ്ങളെ ആട്ടിത്തെളിക്കുന്നതിന് പകരം ഒറ്റയാളെ കൈയിലെടുത്താൽ മതി. ഇത്തരം ഗ്രാമ മുഖ്യന്മാരുടെ എല്ലാ വൃത്തികെട്ട പ്രവൃത്തികൾക്കും രാഷ്ട്രീയ പാർട്ടികൾ ചൂട്ടുപിടിക്കുന്നത് ഇതുകൊണ്ടാണ്. ഈ സ്വാധീനം ഉപയോഗിച്ച് അവർ അധികാര സ്ഥാനങ്ങൾ കൈക്കലാക്കുന്നു. തദ്ദേശ സ്ഥാപനങ്ങൾ മുതൽ നിയമസഭയിലും പാർലമെന്റിലും വരെയെത്തുന്നു. 
നിർഭയ കേസുണ്ടായപ്പോൾ, തെരുവുകളിൽ രോഷം നിറഞ്ഞു. നമ്മൾ നിലവിളിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. കുറ്റവാളികളെ ഷണ്ഡീകരിക്കാൻ ആവശ്യപ്പെട്ടു. മരണം വരെ തൂക്കിലേറ്റാൻ ആഹ്വാനം ചെയ്തു. കൂട്ടത്തിൽ വിവേകമുള്ളവർ, മനസ്സ് മാറ്റത്തിന് ആവശ്യപ്പെട്ടു. എല്ലാം കഴിഞ്ഞു. തനിയാവർത്തനം ഇപ്പോഴിതാ വീണ്ടും. അതിക്രൂരമായ ബലാത്സംഗം, കൊല. തെരുവുകളിൽ പ്രകടനങ്ങൾ. മെഴുകുതിരി വെളിച്ചം. ഷണ്ഡീകരിക്കൂ, തൂക്കിക്കൊല്ലൂ തുടങ്ങിയ മുറവിളികൾ. ഹൈദരാബാദിൽ മാത്രമല്ല, രാജ്യത്തിന്റെ വിവിധ ഭാഗങ്ങൡനിന്ന് വരുന്ന ബലാത്സംഗ-കൊലപാതക വാർത്തകൾ ഞെട്ടിക്കുന്നതാണ്. ഒഡിഷയിൽ, ബിഹാറിൽ, കർണാടകയിൽ. ബലാത്സംഗം ചെയ്‌തെന്ന് പരാതി പറഞ്ഞിട്ടും അനങ്ങാത്ത പോലീസുകാരോടുള്ള പ്രതിഷേധമായി ഒഡിഷയിൽ കോളേജ് അധ്യാപിക ആത്മഹത്യ ചെയ്തു. ബലാത്സംഗം ചെയ്ത പോലീസുകാരന്റെ പഴ്‌സ് അടിച്ചുമാറ്റി, കുറ്റകൃത്യത്തിന് തെളിവുണ്ടാക്കിയ യുവതിയെ നാം മിടുക്കി എന്ന് അഭിനന്ദിക്കുന്നു. മറ്റൊരു സംസ്ഥാനത്ത് സ്‌കൂൾ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത ശേഷം സ്‌കൂൾ ബെൽറ്റ് കഴുത്തിൽ മുറുക്കി കൊല്ലുന്നു. ഇതെല്ലാം കഴിഞ്ഞ ശേഷം ആർഷ ഭാരത സംസ്‌കാരത്തിൽ വിജ്രംഭിതരായി നാം ബലാത്സംഗം ചെയ്യപ്പെട്ട വനിതാ ഡോക്ടറുടെ വീഡിയോ ക്ലിപ് തേടി ഇന്റർനെറ്റിൽ പരതുന്നു.
ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം 2017 ൽ രാജ്യത്ത് നടന്നത് 33,000 ബലാത്സംഗങ്ങളാണ്. എന്നാൽ യഥാർഥ സംഖ്യ ഇതിലുമെത്രയോ ആയിരിക്കുമെന്ന് സാമൂഹിക പ്രവർത്തകർ പറയുന്നു. ആയിരക്കണക്കിന് കേസുകളാണ് കോടതികളിൽ കെട്ടിക്കിടക്കുന്നത്. ആയിരക്കണക്കിന് ശബ്ദങ്ങൾ ആരും കേൾക്കാനില്ലാതെ പോകുന്നു. കുറ്റവാളികൾ നിർഭയം വിലസുന്നു. കേരളത്തിന് നാണക്കേടുണ്ടാക്കിയ വാളയാർ സംഭവം തന്നെയെടുക്കുക. ഉത്തരേന്ത്യൻ ഗ്രാമങ്ങളെ അതിശയിപ്പിക്കുന്ന വിധം അവിടെ പോലീസും അഭിഭാഷകരും സർക്കാർ സംവിധാനങ്ങളും സർക്കാർ തന്നെയും രണ്ട് കുഞ്ഞുങ്ങളുടെ ചോര കുടിച്ചു. ദൽഹിയിലെയും കതുവയിലെയും ഉന്നാവിലെയും ബിഹാറിലെ അഭയകേന്ദ്രങ്ങളിലെയും ഏറ്റവുമൊടുവിൽ ഹൈദരാബാദിലെയും ഇരകൾക്കൊപ്പം ചേർത്തുവെക്കാവുന്നതാണ്, വീടിന്റെ ഉത്തരത്തിൽ തൂങ്ങിയാടിയ വാളയാറിലെ കുട്ടിയും. പ്രബുദ്ധ കേരളത്തെക്കുറിച്ച് അഭിമാനിക്കാൻ ഏറെയൊന്നും വകയില്ലെന്ന് അർഥം. 
ട്വീറ്റുകളും റീട്വീറ്റുകളും മെഴുകുതിരി വെളിച്ചവും തെരുവിലെ പ്രതിഷേധവുമൊന്നും ഈ രാജ്യത്തെ പെൺകുട്ടികളെ രക്ഷിക്കാൻ പോകുന്നില്ല. തുടരുന്ന പ്രതിഷേധം, പാർലമെന്റിൽ ഉയർന്ന രോഷം ഇതെല്ലാം ശക്തമായ നിയമ നിർമാണങ്ങളിലേക്ക് നമ്മെ നയിച്ചേക്കാം. എന്നാൽ നിയമം കൊണ്ടു മാത്രം എല്ലാം പൂർണത നേടുമെന്ന് വിചാരിക്കുന്നത് വിഡ്ഢിത്തമാണ്. നിർഭയക്ക് ശേഷം നാം നിയമങ്ങൾ നിർമിച്ചു. എന്നിട്ടും അതിനേക്കാൾ ക്രൂരമായ സംഭവങ്ങൾ നിരന്തരം ആവർത്തിക്കുന്നു. നിയമങ്ങളിൽ മാത്രമല്ല, നിയമപാലന സ്ഥാപനങ്ങളിലും മാറ്റങ്ങൾ ആവശ്യമാണ്. ആദ്യം സൂചിപ്പിച്ച അധീശാധികാര വ്യവസ്ഥയെക്കുറിച്ച് തന്നെയാണ് പറയുന്നത്. സ്ത്രീകൾ പീഡിപ്പിക്കപ്പെടാൻ അർഹരാണെന്ന പാട്രിയാർക്കൽ മനോഭാവം മാറാതെ ഇത്തരം സംഭവങ്ങൾക്ക് അറുതിയുണ്ടാകില്ല. നമ്മുടെ നിയമ പാലന സംവിധാനങ്ങൾ പലതും ഇത്തരം മനോഭാവങ്ങളുടെ പിടിയിലാണ്. ആണധികാര വ്യവസ്ഥയുടെ ഫ്യൂഡൽ കാലത്താണ് അവയിൽ പലതുമിപ്പോഴും. അതുകൊണ്ടാണ്, പരാതിയുമായി ചെന്ന ഹൈദരാബാദിലെ പിതാവിനോട്, പുഛസ്വരത്തിൽ മകൾ ഒളിച്ചോടിയതാവാം എന്ന് പോലീസുകാരൻ പറയുന്നത്. വാളയാറിലെ പെൺകുട്ടികളെ ആത്മഹത്യാ ചരടിൽ കോർക്കുന്നത്.  അതിനാൽ തെരുവിലെ പ്രതിഷേധങ്ങൾ മാത്രം മതിയാകില്ല ഈ ക്രൂരതക്ക് അറുതി വരാൻ. അതിന് മൗലികമായ മാറ്റങ്ങൾ ആവശ്യമാണ്. ജനസംഖ്യയുടെ പകുതി ഭീതിയിലും ആശങ്കയിലും കഴിയുമ്പോൾ, നമ്മുടെ പരിപക്വ ജനാധിപത്യത്തെക്കുറിച്ച് അഭിമാനിക്കുന്നതിനേക്കാൾ അർഥരഹിതമായി മറ്റെന്തുണ്ട്?
 

Latest News