സൈബരാബാദ്- നിയമം അതിന്റെ ചുമതല നിർവഹിച്ചുവെന്ന് സൈബരാബാദ് പോലീസ് മേധാവി വി.സി സജ്ജനാർ. വെറ്റിനറി ഡോക്ടറെ കൊലപ്പെടുത്തിയ കേസിലെ നാലു പ്രതികളെയും വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ വിശദീകരണം നൽകുകയായിരുന്നു സജ്ജനാർ. പോലീസിന്റെ ആയുധങ്ങൾ തട്ടിപ്പറിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസ് വെടിവെച്ചതെന്നും സജ്ജനാർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. കല്ലും മറ്റ് മൂർച്ചയേറിയ സാധനങ്ങളും ഉപയോഗിച്ച് അക്രമിക്കാൻ ശ്രമിച്ചപ്പോഴാണ് പോലീസ് വെടിവെച്ചതെന്നും പോലീസ് മേധാവി പറഞ്ഞു. മുഹമ്മദ് ആരിഫ്(26), ജോലു ശിവ(20), ജോലു നവീൻ(20), ചിനാദ്കുണ്ഡ ചെന്നകേശാവ്്‌ലു(20) എന്നിവരെയാണ് പോലീസ് വെടിവെച്ചുകൊന്നത്. സംഭവം നടന്ന സ്ഥലത്ത് പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തുമ്പോഴായിരുന്നു വെടിവെപ്പുണ്ടായത്. സംഭവത്തെ പറ്റി അന്വേഷിക്കാൻ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.