Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സ്‌കോട്‌ലാന്‍ഡ്‌യാഡ് ഹോട്ടല്‍ ലണ്ടനില്‍ തുറന്നു; ബ്രിട്ടനില്‍ ലുലു ഗ്രൂപ്പ് നിക്ഷേപം 2800 കോടിയായി

ലണ്ടന്‍- ലുലു ഗ്രൂപ്പ് സ്വന്തമാക്കിയ ശേഷം ആഢംബര ഹോട്ടലാക്കി മാറ്റിയ ബ്രിട്ടീഷ് പൈതൃക കെട്ടിടം സ്‌കോട്‌ലാന്‍ഡ്‌യാര്‍ഡ് ഉല്‍ഘാടനം ചെയ്തു. ലണ്ടന്‍ വെസ്റ്റ്മിനിസ്റ്റര്‍ ഡിസ്ട്രിക്റ്റിലെ സെയ്ന്റ് ജെയിംസിലാണ് സ്‌കോട്‌ലാന്‍ഡ്‌യാഡ് സ്ഥിതിചെയ്യുന്നത്. രാജ്യാന്തര ഹോട്ടല്‍ വ്യവസായ ഗ്രൂപ്പായ ഹയാത്ത് ആണ് ഈ പൈതൃക ഹോട്ടല്‍ പ്രവര്‍ത്തിപ്പിക്കുന്നത്. 2015ല്‍ 1,025 കോടി രൂപ മുടക്കിയാണ് ചരിത്ര പ്രാധാന്യമുള്ള ഈ നിര്‍മിതി ലുലു ഗ്രൂപ്പിന്റെ ഹോസ്പിറ്റാലിറ്റി കമ്പനിയായ ട്വന്റി14 ഹോള്‍ഡിംഗ്‌സ് സ്വന്തമാക്കിയത്. ശേഷം 512 കോടിരൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങളും ലുലു ഗ്രൂപ്പ് നടത്തി. ഇതിന് പുറമെ വാള്‍ഡ്‌റോഫ് അസ്റ്റോറിയ എഡിന്‍ബറോ-ദി കാലിഡോണിയനും 2018ല്‍ കമ്പനി സ്വന്തമാക്കിയിട്ടുണ്ട്. ഇതോടെ ബ്രിട്ടനിലെ ലുലു ഗ്രൂപ്പിന്റെ നിക്ഷേപം 2800 കോടി രൂപയായി. 

1910ല്‍ ബ്രിട്ടീഷ് ആര്‍മി റിക്രൂട്ട്‌മെന്റ് ഓഫീസായും റോയല്‍ പോലീസ് കാര്യാലയമായും പ്രവര്‍ത്തിച്ച സ്‌കോട്‌ലാന്‍ഡ് യാഡ് കെട്ടിടം ചാള്‍സ് ഡിക്കിന്‍സ്, സര്‍ ആര്‍തര്‍ കോനന്‍ ഡോയല്‍ അടക്കമുള്ള നിരവധി എഴുത്തുകാരുടെ സൃഷ്ടികളിലൂടെയും ഖ്യാതിനേടിയിട്ടുണ്ട്. എഡ്വാഡിയന്‍ - വിക്ടോറിയന്‍ വാസ്തു ശില്‍പ മാതൃകയില്‍ 93,000 ചതുരശ്രഅടി വിസ്തൃതിയുള്ള ഈ ആഢംബര ബുട്ടീക്ക് ഹോട്ടലല്‍ ഏഴുനിലകളിലായി 153 മുറികളും 15 സ്യൂട്ടുകളുമുണ്ട്. വ്യവസായ പ്രമുഖര്‍, സെലിബ്രിറ്റികള്‍, രാഷ്ട്രത്തലവന്മാര്‍ എന്നിവര്‍ക്കായി രണ്ട് ബെഡ്‌റൂം ടൗണ്‍ ഹൗസ് വിഐപി സ്യൂട്ടുകളും ഇതിലുള്‍പ്പെടും. 120 സീറ്റുള്ള കോണ്‍ഫറന്‍സ് റൂമും ഇതിന്റെ പ്രത്യേകതയാണ്. 

വിഖ്യാത ഷെഫ് റോബിന്‍ ഗില്ലിന്റെ നേതൃത്വത്തില്‍ വിശേഷപ്പെട്ട ബ്രിട്ടീഷ് ഭക്ഷണ വിഭവങ്ങളടക്കം ശ്രേഷ്ടമായഭക്ഷണ പാനീയങ്ങളാണ് ഇവിടെ വിളമ്പുന്നത്. ബ്രിട്ടനിലെ ജയില്‍ തടവുകാരിലെ കലാകാരന്‍മാരെ പ്രോത്സാഹിപ്പിക്കുന്ന സംഘടനയായ കോസ്റ്റലര്‍ ട്രസ്റ്റുമായി സഹകരിച്ച് തടവുകാരുടെ മികച്ച ചിത്ര രചനകളും ശില്‍പ്പങ്ങളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 

ലണ്ടന്‍ നഗരത്തിന്റെ സവിശേഷ ചരിത്രത്തേയും ആധുനിക കാല പ്രാധാന്യത്തേയും ഗ്രേറ്റ് സ്‌കോട്‌ലാന്‍ഡ് യാഡ് ഹോട്ടല്‍ പ്രതിനിധീകരിക്കുന്നുവെന്ന് ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ എം.എ.യൂസഫലി പറഞ്ഞു. ഈ ചരിത്ര നിര്‍മിതിയെ ആതിഥ്യമര്യാദയുടെ ഉന്നത പ്രതീകമാക്കി മാറ്റിയെടുത്ത് സമാനതകളില്ലാത്ത അനുഭവങ്ങളാണ് ഇവിടെ അതിഥികള്‍ക്കായി ഞങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഇവിടുത്തെ വിസ്മയങ്ങള്‍ നേരിട്ടനുഭവിക്കാന്‍ എല്ലാവരേയും ക്ഷണിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

സ്‌കോട്ട്‌ലാന്‍ഡ്‌യാഡ് ഒരു സ്വപ്‌ന സാക്ഷാത്കാരമാണെന്ന് ട്വന്റി 14 ഹോള്‍ഡിംഗ്‌സ് എം.ഡി അദീബ് അഹമ്മദ് പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ പൈതൃക നിര്‍മിതികളിലൊന്നായ ഇതിന്റെ നവീകരണം ഏറെ നാളായി നടന്നുവരികയായിരുന്നു. ഈ നിര്‍മ്മിതിയുടെ കീര്‍ത്തി ഒട്ടും കുറഞ്ഞ് പോകാത്ത വിധത്തിലുള്ള പ്രവര്‍ത്തനമാണ് നടക്കുകയെന്നും അദ്ദേഹംപറഞ്ഞു. ഇത്തരമൊരു ചരിത്രസ്മാരകത്തെ അതിന്റെ യശസ് ഒട്ടും ചോരാതെ നിലനിര്‍ത്താന്‍ കഴിഞ്ഞതില്‍ ഏറെ അഭിമാനിക്കുന്നതായി ഹയാത്ത് ഹോട്ടല്‍ഗ്രൂപ്പ് പ്രസിഡന്റ് പീറ്റര്‍ ഫുല്‍ടന്‍ പറഞ്ഞു. ലുലുഗ്രൂപ്പ് നല്‍കിയ വിശ്വാസത്തിന് നന്ദിയറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Latest News