Sorry, you need to enable JavaScript to visit this website.

ഒന്നര മാസത്തിനകം സൗദിയിലെ 11,900 സ്ഥാപനങ്ങളെ ചുവപ്പിലേക്ക് മാറ്റും

റിയാദ് - ഒന്നര മാസത്തിനകം സൗദികളെ ജോലിക്കു വെക്കാത്ത പക്ഷം 11,900 ഓളം മഞ്ഞ വിഭാഗം സ്ഥാപനങ്ങളെ ചുവപ്പിലേക്ക് മാറ്റുമെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. സൗദികളെ ജോലിക്കു വെച്ച് സുരക്ഷിത വിഭാഗങ്ങളിലേക്ക് മാറുന്നതിന് മഞ്ഞ സ്ഥാപനങ്ങൾക്ക് അടുത്ത ജനുവരി 26 വരെ സാവകാശം നൽകിയിട്ടുണ്ട്. ഇതിനകം നിശ്ചിത ശതമാനം സൗദിവൽക്കരണം പാലിച്ച് സുരക്ഷിത വിഭാഗങ്ങളിലേക്ക് മാറാത്ത മഞ്ഞ സ്ഥാപനങ്ങളെ ജനുവരി 26 ന് ചുവപ്പിലേക്ക് മാറ്റും. 
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്ത് 11,900 മഞ്ഞ സ്ഥാപനങ്ങളാണുള്ളതെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ വക്താവ് ഖാലിദ് അബൽഖൈൽ പറഞ്ഞു. 12,481 സ്ഥാപനങ്ങൾ ചുവപ്പിലാണ്. മഞ്ഞ സ്ഥാപനങ്ങളെ ചുവപ്പിലേക്ക് മാറ്റാനുള്ള തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിന്റെ തീരുമാനം ആയിരക്കണക്കിന് സൗദി യുവാക്കൾക്ക് പുതുതായി തൊഴിലവസരങ്ങൾ ലഭ്യമാക്കുമെന്നാണ് കരുതുന്നത്. നിതാഖാത്തിൽ സ്ഥാപനങ്ങളെ തരംതിരിക്കുന്ന സംവിധാനത്തിൽ മന്ത്രാലയം പരിഷ്‌കരണങ്ങൾ വരുത്തിയിട്ടുണ്ട്. 
നിലവിൽ ചുവപ്പ്, മഞ്ഞ വിഭാഗം സ്ഥാപനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ ഏറെക്കുറെ പൂർണമായും സമമാണ്. ചുവപ്പ് വിഭാഗം സ്ഥാപനങ്ങളെ അപേക്ഷിച്ച് മഞ്ഞ സ്ഥാപനങ്ങൾക്ക് ഒരു സേവനം മാത്രമാണ് മന്ത്രാലയം നൽകുന്നത്. ചുവപ്പ് സ്ഥാപനങ്ങൾക്ക് മന്ത്രാലയത്തിൽ നിന്നുള്ള ഒരു സേവനങ്ങളും നൽകുന്നില്ല. മഞ്ഞ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന വിദേശികളുടെ വർക്ക് പെർമിറ്റ് കടുത്ത നിയന്ത്രണങ്ങൾക്ക് വിധേയമായി മന്ത്രാലയം പുതുക്കി നൽകുന്നുണ്ട്. സൗദിയിലെ ജോലിയും താമസവും രണ്ടു വർഷം കവിയാത്ത വിദേശികളുടെ വർക്ക് പെർമിറ്റ് മാത്രമാണ് ഇങ്ങനെ മഞ്ഞ സ്ഥാപനങ്ങൾക്ക് പുതുക്കി നൽകുന്നത്. നിതാഖാത്ത് പദ്ധതിയുടെ തുടക്കത്തിൽ സൗദിവൽക്കരണം പാലിക്കുന്നതിന് ഒരുക്കങ്ങൾ നടത്തുന്നതിനുള്ള ഇടക്കാല ഘട്ടം എന്നോണമാണ് സ്വദേശിവൽക്കരണം കുറഞ്ഞ സ്ഥാപനങ്ങളെ മഞ്ഞയായി നിർണയിച്ചത്. 
തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ആരംഭിച്ച ഉത്തേജന പദ്ധതികളുടെ ഭാഗമായി സൗദിവൽക്കരണ അനുപാതം കണക്കാക്കുന്ന സംവിധാനത്തിൽ ഭേദഗതി വരുത്തിയിട്ടുണ്ട്. ഇപ്പോൾ സൗദികളെ പുതുതുതായി ജോലിക്കു വെക്കുന്ന സ്ഥാപനങ്ങളുടെ സ്വദേശിവൽക്കരണ അനുപാതത്തിൽ അത് ഉടനടി പ്രതിഫലിക്കും. നേരത്തെ സ്വകാര്യ സ്ഥാപനങ്ങളിലെ സൗദി ജീവനക്കാരുടെ അനുപാതം ഏറ്റവും ഒടുവിലത്തെ 26 ആഴ്ചക്കാലത്തെ ശരാശരിയുടെ അടിസ്ഥാനത്തിലാണ് കണക്കാക്കിയിരുന്നത്. സൗദികളെ ജോലിക്കു വെച്ച് എളുപ്പത്തിൽ പച്ചയിലേക്ക് മാറുന്നതിന് ഇത് സ്ഥാപനങ്ങൾക്ക് അവസരമൊരുക്കുന്നു. 
തൊഴിൽ വിപണിയെ കുറിച്ച് ആഴത്തിൽ പഠിച്ച ശേഷമാണ് നിതാഖാത്തിൽ മഞ്ഞ ഒഴിവാക്കുന്നതിന് മന്ത്രാലയം തീരുമാനിച്ചത്. മഞ്ഞ, ചുവപ്പ് വിഭാഗം സ്ഥാപനങ്ങൾ തമ്മിലെ വ്യത്യാസം തൊഴിൽ വിപണിക്കും സൗദിവൽക്കരണത്തിനും ഗുണകരമല്ലെന്ന് പഠനത്തിൽ വ്യക്തമായി. സ്വകാര്യ മേഖലക്ക് എളുപ്പമായി മാറുന്നതിനും സ്വകാര്യ സ്ഥാപനങ്ങൾക്ക് ബാധകമായ സൗദിവൽക്കരണ അനുപാതത്തിൽ കൂടുതൽ വ്യക്തതയുണ്ടാകുന്നതിനും മഞ്ഞ, ചുവപ്പ് വിഭാഗങ്ങളെ തമ്മിൽ ലയിപ്പിക്കുന്നതാണ് കൂടുതൽ ഉചിതമെന്ന് പഠനത്തിൽ കണ്ടെത്തുകയായിരുന്നെന്നും ഖാലിദ് അബൽഖൈൽ പറഞ്ഞു. 
പ്രാദേശിക വിപണിയിലെ മൂന്നു ശതമാനം സ്ഥാപനങ്ങൾ മാത്രമാണ് മഞ്ഞയിലുള്ളത്. അതുകൊണ്ടു തന്നെ മതിയായ സൗദിവൽക്കരണം നടപ്പാക്കാത്ത മഞ്ഞ സ്ഥാപനങ്ങളെ ചുവപ്പിലേക്ക് മാറ്റുന്നത് തൊഴിൽ വിപണിയിൽ കാര്യമായ പ്രത്യാഘാതങ്ങളുണ്ടാക്കില്ലെന്ന് മാനവ ശേഷി വിദഗ്ധർ പ്രതീക്ഷ പ്രകടിപ്പിച്ചു. ലെവി ഇളവ് പദ്ധതിയിൽ നിന്ന് മഞ്ഞ, ചുവപ്പ് സ്ഥാപനങ്ങളെ നേരത്തെ തന്നെ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം മാറ്റിനിർത്തിയിരുന്നു. മഞ്ഞ വിഭാഗം സ്ഥാപനങ്ങളിൽ ആകെ 1,15,000 ഓളം വിദേശികളും 15,000 ഓളം സൗദികളുമാണ് ജോലി ചെയ്യുന്നതെന്ന് റിയാദ് ചേംബർ ഓഫ് കൊമേഴ്‌സ് വൈസ് പ്രസിഡന്റും മാനവശേഷി, തൊഴിൽ വിപണി കമ്മിറ്റി പ്രസിഡന്റുമായ എൻജിനീയർ മൻസൂർ അൽശത്‌രി പറഞ്ഞു. പ്രാദേശിക തൊഴിൽ വിപണിയിൽ 85 ലക്ഷത്തിലേറെ തൊഴിലാളികളുണ്ട്. 
ഒമ്പതിൽ കൂടുതൽ ജീവനക്കാരില്ലാത്ത ചെറുകിട സ്ഥാപനങ്ങളെയും പുതിയ പരിഷ്‌കാരം ബാധിക്കില്ല. ഇത്തരം സ്ഥാപനങ്ങളിലെ ജീവനക്കാരെന്നോണം ഉടമകളെ രജിസ്റ്റർ ചെയ്യുന്നതോടെ സ്ഥാപനങ്ങൾ പച്ചയിലേക്ക് മാറും. ചുവപ്പ് സ്ഥാപനങ്ങൾ മാസങ്ങൾക്കുള്ളിൽ തകരും. ഇത്തരം സ്ഥാപനങ്ങളിലെ വിദേശികളുടെ വർക്ക് പെർമിറ്റും ഇഖാമയും പുതുക്കുന്നതിന് സാധിക്കില്ല. തൊഴിലുടമയുടെ അനുമതി കൂടാതെ തൊഴിലാളികൾക്ക് മറ്റു സ്ഥാപനങ്ങളുടെ പേരിലേക്ക് സ്‌പോൺസർഷിപ്പ് മാറ്റുന്നതിനും സാധിക്കും. 
സർക്കാർ പദ്ധതികൾ നടപ്പാക്കിയ വകയിൽ ഗവൺമെന്റിൽ നിന്ന് ലഭിക്കാനുള്ള വിഹിതം വിട്ടുകിട്ടുന്നതിനുള്ള നിർബന്ധ ഉപാധിയായ സൗദിവൽക്കരണ സർട്ടിഫിക്കറ്റും ഇത്തരം സ്ഥാപനങ്ങൾക്ക് ലഭിക്കില്ല. ചുവപ്പ് വിഭാഗം സ്ഥാപനങ്ങളിലെ സൗദി ജീവനക്കാർക്ക് തൊഴിൽ നഷ്ടപ്പെടുന്ന പക്ഷം അവർക്ക് സുരക്ഷിത വിഭാഗത്തിലുള്ള മറ്റൊരു സ്ഥാപനത്തിൽ ജോലി ലഭിക്കുന്നതു വരെ സാനിദ് പദ്ധതി വഴി തൊഴിലില്ലായ്മ വേതനം വിതരണം ചെയ്യുമെന്നും എൻജിനീയർ മൻസൂർ അൽശത്‌രി പറഞ്ഞു.
എന്നാൽ സൗദിയിലെ ആകെ സ്ഥാപനങ്ങളിൽ ഒരു ശതമാനത്തിൽ കുറവ് മാത്രമാണ് മഞ്ഞയിലുള്ളതെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി വലീദ് അൽകൽശ് പറഞ്ഞു. രാജ്യത്ത് 15,63,000 ഓളം സ്വകാര്യ സ്ഥാപനങ്ങളുണ്ട്. ഇതിൽ 12,000 ൽ താഴെ സ്ഥാപനങ്ങൾ മാത്രമാണ് മഞ്ഞയിലുള്ളത്. എല്ലാ മേഖലകളിലും മഞ്ഞ സ്ഥാപനങ്ങളുണ്ട്. മഞ്ഞ സ്ഥാപനങ്ങളെ ചുവപ്പിലേക്ക് മാറ്റുന്നതിൽ നിന്ന് ഒരു മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും പ്രത്യേക ഇളവില്ലെന്നും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി പറഞ്ഞു.

Latest News