Sorry, you need to enable JavaScript to visit this website.

റിയാദിലെ പെട്രോള്‍ ബങ്കില്‍ കാറിൽ തീ പടർന്നുപിടിച്ചു; ഒഴിവായത് വൻ ദുരന്തം 

റിയാദ് - നഗരത്തിൽ പ്രവർത്തിക്കുന്ന പെട്രോൾ ബങ്കിൽ വെച്ച് കാറിൽ പടർന്നുപിടിച്ച തീ സ്വന്തം ജീവൻ തൃണവൽഗണിച്ച് സൗദി യുവാവ് അണച്ചതിലൂടെ ഒഴിവായത് വൻ ദുരന്തം. പെട്രോൾ ബങ്കിൽ വെച്ച് ഇന്ധനം നിറക്കുന്നതിനിടെയാണ് കാറിൽ അപ്രതീക്ഷിതമായി തീ പടർന്നുപിടിച്ചത്. കാറിൽ നിന്ന് പുകയും അഗ്നിനാളങ്ങളും ഉയർന്നതോടെ ഡ്രൈവറും കാറിലുണ്ടായിരുന്ന സ്ത്രീയും പുറത്തേക്ക് ചാടിയിറങ്ങുകയായിരുന്നു. 
നിമിഷ നേരത്തിനുള്ളിൽ കാറിലാകമാനം തീ പടർന്നുപിടിച്ചു. ഇതു കണ്ട് പെട്രോൾ ബങ്ക് തൊഴിലാളി അഗ്നിശമന സിലിണ്ടർ ഉപയോഗിച്ച് തീയണക്കുന്നതിന് ശ്രമിച്ചെങ്കിലും അഗ്നിശമന പ്രവർത്തനങ്ങളിലെയും സിലിണ്ടർ ഉപയോഗിക്കുന്നതിലെയും പരിചയക്കുറവ് മൂലം സാധിച്ചില്ല. ഈ സമയത്ത് ബങ്കിലുണ്ടായിരുന്ന സൗദി യുവാവ് മറ്റൊരു അഗ്നിശമന സിലിണ്ടറുമായി ഓടിയെത്തി യഥാവിധം ഉപയോഗിച്ച് റെക്കോർഡ് സമയത്തിനുള്ളിൽ തീയണക്കുകയായിരുന്നു. തീയണക്കുന്നതിന് കാലതാമസം നേരിട്ടിരുന്നെങ്കിൽ പെട്രോൾ ബങ്ക് കത്തിനശിക്കുന്നതിനും വ്യാപകമായ നാശനഷ്ടങ്ങൾക്കും ഇടയാക്കുമായിരുന്നു. 
ഇതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സൗദി പൗരന്റെ ധീരതയെ മുക്തകണ്ഠം പ്രശംസിച്ച സാമൂഹിക മാധ്യമ ഉപയോക്താക്കൾ ഇത്തരം സാഹചര്യങ്ങളിൽ അഗ്നിശമന സിലിണ്ടറുകൾ യഥാവിധം ഉപയോഗിക്കുന്നതിൽ പെട്രോൾ ബങ്ക് ജീവനക്കാർക്ക് പരിശീലനം നൽകേണ്ടതിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു. പെട്രോൾ ബങ്കുകളിലെ ഭൂരിഭാഗം തൊഴിലാളികൾക്കും അഗ്നിശമന സിലിണ്ടറുകൾ ശരിയാംവിധം ഉപയോഗിക്കാൻ അറിയില്ല. ഇന്ധനം നിറക്കുമ്പോൾ വാഹനങ്ങൾ ഓഫ് ചെയ്യണമെന്ന സന്ദേശം ബങ്കുകളിൽ എളുപ്പത്തിൽ കാണുന്ന നിലക്ക് പ്രദർശിപ്പിക്കണമെന്നും സാമൂഹിക മാധ്യമ ഉപയോക്താക്കൾ നിർദേശിച്ചു.
 

Latest News