Sorry, you need to enable JavaScript to visit this website.

എണ്ണ വ്യവസായ കേന്ദ്രങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ 

റിയാദ് - സൗദി അറാംകോക്കു കീഴിലെ എണ്ണ വ്യവസായ കേന്ദ്രങ്ങൾക്ക് സമഗ്ര ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്താൻ നീക്കം. ബ്രിട്ടനിലെ വൻകിട ഇൻഷുറൻസ് കമ്പനികളുമായി ഇക്കാര്യത്തിൽ സൗദി അറാംകോ ചർച്ചകൾ നടത്തിവരികയാണ്. കിഴക്കൻ പ്രവിശ്യയിലെ എണ്ണ വ്യവസായ കേന്ദ്രങ്ങൾക്ക് ഭീകരാക്രമണ, യുദ്ധ ഭീഷണികളിൽ നിന്ന് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്താനാണ് കമ്പനി ശ്രമിക്കുന്നത്. 
സെപ്റ്റംബർ 14 ന് ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ഖുറൈസ്, ബഖീഖ് എണ്ണ വ്യവസായ കേന്ദ്രങ്ങൾക്കു നേരെ ആക്രമണങ്ങളുണ്ടായ പശ്ചാത്തലത്തിലാണ് ഇത്തരം ആക്രമണങ്ങളിൽ നിന്ന് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തുന്നതിന് കമ്പനി ശ്രമിക്കുന്നത്. ഖുറൈസ്, ബഖീഖ് ആക്രമണങ്ങൾ സൗദി അറേബ്യയുടെ പ്രതിദിന എണ്ണയുൽപാദനത്തിൽ 57 ലക്ഷം ബാരലിന്റെ കുറവുണ്ടാക്കിയിരുന്നു. സൗദിയുടെ ആകെ എണ്ണയുൽപാദനത്തിന്റെ പകുതിയോളം ആക്രമണങ്ങളിൽ നഷ്ടപ്പെട്ടു. വൻതോതിലുള്ള കരുതൽ സംഭരണികൾ പ്രയോജനപ്പെടുത്തിയും മറ്റു എണ്ണപ്പാടങ്ങളിൽ നിന്നുള്ള ഉൽപാദനം പരമാവധി ശേഷിയിലേക്ക് ഉയർത്തിയുമാണ് പ്രതിസന്ധി കമ്പനി മറികടന്നത്. 
ആക്രമണങ്ങൾ സൗദി അറാംകോയുടെ ധനസ്ഥിതിയെയോ പ്രവർത്തനങ്ങളെയോ കാര്യമായി ബാധിച്ചിട്ടില്ലെന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു. യുദ്ധം, ആഭ്യന്തര യുദ്ധം, ഭീകരാക്രമണങ്ങൾ എന്നിവക്കെതിരെ എണ്ണ വ്യവസായ കേന്ദ്രങ്ങൾക്ക് സമ്പൂർണ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തുന്നതിനാണ് സൗദി അറാംകോ ആലോചിക്കുന്നത്. സൗദി അറാംകോയുടെ നിരവധി വസ്തുവകകൾക്ക് ബർമുഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റെല്ലാർ ഇൻഷുറൻസ് കമ്പനി വഴി ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. അമിതമായ നഷ്ടങ്ങൾക്ക് 20 കോടിയിലേറെ ഡോളറിന്റെ ഇൻഷുറൻസ് പരിരക്ഷകൾ മറ്റു അന്താരാഷ്ട്ര ഇൻഷുറൻസ് കമ്പനികൾ വഴിയും അറാംകോ ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ യുദ്ധം, ഭീകരാക്രമണങ്ങൾ എന്നിവ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളും പ്രവർത്തനം നിലക്കുന്നതു മൂലം വരുമാനത്തിലുണ്ടാകുന്ന നാശനഷ്ടങ്ങളും ഈ പോളിസികൾ കവർ ചെയ്യുന്നില്ല. യുദ്ധങ്ങളിലുണ്ടാകുന്ന നാശനഷ്ടങ്ങൾക്കെതിരെ അഞ്ചു വർഷം മുമ്പ് സൗദി അറാംകോക്ക് ഇൻഷുറൻസ് പരിരക്ഷയുണ്ടായിരുന്നെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.

Latest News