അഴിമതിക്കേസില്‍ അജിത് പവാറിന് വീണ്ടും ക്ലീന്‍ ചിറ്റ്

മുംബൈ- മഹാരാഷ്ട്രയില്‍ ജലവിഭവ വകുപ്പു മന്ത്രിയായിരിക്കെ വിദര്‍ഭയില്‍ നടപ്പിലാക്കിയ ജലസേചന പദ്ധതികളില്‍ അഴിമതി നടത്തിയെന്ന കേസില്‍ എന്‍സിപി നേതാവ് അജിത് പവാറിന് ക്ലീന്‍ ചിറ്റ്. ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചില്‍ മഹാരാഷ്ട്ര ആന്റി കറപ്ഷന്‍ ബ്യൂറോ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് അജിതിനെ കുറ്റവിമുക്തനാക്കിയിരിക്കുന്നത്. ശിവ സേന, എന്‍സിപി, കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സര്‍ക്കാര്‍ അധികാരമേറ്റതിനു തൊട്ടുമുമ്പത്തെ ദിവസമാണ് സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്. പദ്ധതി നടത്തിപ്പുകാരുടെ ഭാഗത്തു നിന്നുണ്ടായ ഈ അഴിമതിയില്‍ അജിത് പവാറിനുമേല്‍ ഉത്തരവാദിത്തം ചുമത്താനാകില്ലെന്ന് സത്യവാങ്മൂലം പറയുന്നു. 

ജലസേചന പദ്ധതികളുടെ ടെന്‍ഡര്‍ നീട്ടി നല്‍കിക്കൊണ്ട് അജിത് പവാറാണ്‍ ഒപ്പിട്ടതെന്ന് ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ആന്റി കറപ്ഷന്‍ ബ്യൂറോ മുന്‍ തലവനും ഇപ്പോല്‍ മുംബൈ പോലീസ് കമ്മീഷണറുമായ സജ്ഞയ് ബര്‍വെ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണ പ്രതിസന്ധി നിലനില്‍ക്കെ അജിത് പവാറിന്റെ അപ്രതീക്ഷിത പിന്തുണയിലൂടെ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുകയും അജിത് ഉപമുഖ്യമന്ത്രി ആകുകയും ചെയ്തിരുന്നു. അജിതിനെതിരെ ജലസേനച പദ്ധതി അഴിമതിക്കേസുകള്‍ ഈ സര്‍ക്കാര്‍ അവസാനിപ്പിച്ച് ഉത്തരവും ഇറക്കിയിരുന്നു. തൊട്ടടുത്ത ദിവസം അജിത് ഉപമുഖ്യമന്ത്രി പദവി രാജിവച്ചതോടെ സര്‍ക്കാര്‍ പൊളിയുകയും ചെയ്തു.
 

Latest News