Sorry, you need to enable JavaScript to visit this website.

250 സൗദി ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്ക് അതിവേഗ സേവനം

റിയാദ്- ഉയർന്ന തോതിൽ സൗദിവൽക്കരണം നടപ്പാക്കുകയും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ നിയമങ്ങളും തീരുമാനങ്ങളും പൂർണമായും പാലിക്കുകയും ചെയ്യുന്ന സ്വകാര്യ സ്ഥാപനങ്ങൾക്ക് പ്രത്യേക പ്രോത്സാഹനമെന്നോണം മന്ത്രാലയം പുതിയ സേവനം ആരംഭിച്ചു. സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തം ശക്തമാക്കുന്നത് ലക്ഷ്യമിട്ട് ആരംഭിച്ച പുതിയ സേവനത്തിന് അൽസ്വഫ്‌വ എന്നാണ് പേര്. തൊഴിൽ മന്ത്രാലയത്തിലെ റിലേഷൻഷിപ്പ് മാനേജർമാർ വഴി ഏതാനും സേവനങ്ങൾ സ്ഥാപനങ്ങൾക്ക് പെട്ടെന്ന് നൽകുന്ന പദ്ധതിയാണിത്. 


 ഓരോ സ്ഥാപനങ്ങൾക്കും മന്ത്രാലയത്തിൽ പ്രത്യേകം  റിലേഷൻഷിപ്പ് മാനേജർമാരെ നിയോഗിക്കും. അൽസ്വഫ്‌വ സേവന ഉപയോക്താക്കളായി തരംതിരിക്കുന്ന സ്ഥാപനങ്ങൾക്ക് ആവശ്യമായ സേവനങ്ങൾ ഉടനടി നൽകും. ഉയർന്ന തോതിൽ സൗദിവൽക്കരണം പാലിച്ച് ഒരു വർഷക്കാലം പ്ലാറ്റിനം വിഭാഗത്തിൽ തുടരുന്ന, സൗദി ജീവനക്കാരുടെ എണ്ണം 250 ൽ കുറയാത്ത സ്ഥാപനങ്ങളെയാണ് അൽസ്വഫ്‌വ സേവന ഉപയോക്താക്കളായി കണക്കാക്കുക.


മന്ത്രാലയ സേവനങ്ങളുമായും അന്വേഷണങ്ങളുമായും മറ്റും ബന്ധപ്പെട്ട കോളുകൾക്ക് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിൽ നിന്ന് മറുപടി നൽകുന്നതിൽ അൽസ്വഫ്‌വ സ്ഥാപനങ്ങൾക്ക് 24 മണിക്കൂറും മുൻഗണന നൽകും. മന്ത്രാലയത്തിന്റെ കസ്റ്റമർ സർവീസ് ഓഫീസുകൾ വഴി നൽകുന്ന സേവനങ്ങളിലും ഈ വിഭാഗം സ്ഥാപനങ്ങൾക്ക് മുൻഗണന നൽകും. സ്ഥാപനങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾക്ക് 24 മണിക്കൂറിനകം തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പരിഹാരം കാണും. 


സൗദിവൽക്കരണവും മന്ത്രാലയ തീരുമാനങ്ങളും നിയമങ്ങളും പാലിക്കുന്നതിൽ സ്വകാര്യ സ്ഥാപനങ്ങൾക്കിടയിൽ പുതിയ സേവനം മത്സരമുണ്ടാക്കുമെന്ന് തൊഴിൽ മന്ത്രാലയ അണ്ടർ സെക്രട്ടറി അബ്ദുൽ മജീദ് അൽ റശൂദി പറഞ്ഞു. പ്ലാറ്റിനം വിഭാഗത്തിൽ തുടരുന്നതിനും കൂടുതൽ ഉയർന്ന തോതിൽ സൗദിവൽക്കരണം പാലിച്ച് പ്ലാറ്റിനം വിഭാഗത്തിലേക്ക് മാറുന്നതിനും പുതിയ സേവനം പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

Latest News