Sorry, you need to enable JavaScript to visit this website.

മികച്ച പ്രതിഭകള്‍ക്ക് സൗദി പൗരത്വം നല്‍കാന്‍ രാജാവിന്റെ അനുമതി;വിശദാംശങ്ങള്‍ അറിയാം

റിയാദ്- പൗരത്വം വാഗ്ദാനം ചെയ്ത് ലോക രാജ്യങ്ങളിൽനിന്ന് ശാസ്ത്രജ്ഞരും ഡോക്ടർമാരും അടക്കമുള്ള മികച്ച പ്രതിഭകളെ സൗദിയിലേക്ക് ആകർഷിക്കാൻ ലക്ഷ്യമിടുന്ന പദ്ധതി ആരംഭിക്കാൻ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അനുമതി.

വികസനം ശക്തമാക്കുകയും വ്യത്യസ്ത മേഖലകളിൽ രാജ്യത്തിന് ഗുണകരമായി മാറുകയും ചെയ്യുന്നതിന് വൈദ്യശാസ്ത്ര, ശാസ്ത്ര, സാംസ്‌കാരിക, കായിക, വിനോദ, സാങ്കേതിക മേഖലകളിലെ പ്രതിഭകൾക്ക് സൗദി പൗരത്വം നൽകാനാണ് തീരുമാനം. ലോകത്തെവിടെനിന്നും സൗദി പൗരത്വം അനുവദിക്കുന്നതിന് യോഗ്യരായവരുടെ പേരുകൾ നാമനിർദേശം ചെയ്യാൻ സൽമാൻ രാജാവ് ഉത്തരവിട്ടു.


വാര്‍ത്തകള്‍ക്കും വിശകലനങ്ങള്‍ക്കും ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യാം


വിദേശ രാജ്യങ്ങളിലെ പ്രതിഭകൾക്കു മാത്രമല്ല, സൗദിയിൽ കഴിയുന്ന കുടിയേറ്റ ഗോത്രങ്ങളിലും, വിദേശികളുമായുള്ള വിവാഹബന്ധങ്ങളിൽ സൗദി വനിതകൾക്ക് പിറന്ന മക്കളുടെ കൂട്ടത്തിലും, സൗദിയിൽ ജനിച്ചു വളർന്നവരുടെ കൂട്ടത്തിലും പെട്ട, മാനദണ്ഡങ്ങൾ പൂർണമായ പ്രതിഭകൾക്കും പൗരത്വം നൽകാൻ രാജകൽപനയുണ്ട്.

വിഷൻ-2030 പദ്ധതിക്കനുസൃതമായി ശാസ്ത്രജ്ഞരും ചിന്തകരും പ്രതിഭകളും അടക്കമുള്ളവരെ രാജ്യത്തേക്ക് ആകർഷിക്കാൻ പൊതുതാൽപര്യം ആവശ്യപ്പെടുന്ന കാര്യം കണക്കിലെടുത്താണ് പുതിയ ചുവടുവെപ്പ്. വ്യത്യസ്ത മേഖലകളിൽ രാജ്യത്തിന് ഗുണകരമായി മാറുകയും വികസനം ശക്തമാക്കുന്നതിന് സഹായകമാവുകയും ചെയ്യുന്ന നിലക്ക് ലോകത്തെങ്ങുമുള്ള പ്രതിഭകളെ സൗദിയിലേക്ക് ആകർഷിച്ചും മാനവശേഷിയിൽ നിക്ഷേപം നടത്തിയും രാജ്യത്തെ സാഹചര്യങ്ങൾ കൂടുതൽ ആകർഷകമാക്കി മാറ്റുന്നതിന് വിഷൻ-2030 പദ്ധതി ലക്ഷ്യമിടുന്നു.

 
ഫോറൻസിക് മെഡിസിൻ, വൈദ്യശാസ്ത്രം, ഫാർമസ്യൂട്ടിക്കൽസ്, ഗണിതശാസ്ത്രം, കംപ്യൂട്ടർ, സാങ്കേതികവിദ്യ, കൃഷി, ആണവ-പുനരുപയോഗ ഊർജം, വ്യവസായം, പെട്രോളിയം, ഗ്യാസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇന്റർനെറ്റ് ഓഫ് തിംഗ്‌സ്, ആപ്പുകൾ, ഡാറ്റകൾ, പ്രോഗ്രാം എൻജിനീയറിംഗ്, റോബോട്ട്, ഉയർന്ന ശേഷിയുള്ള കംപ്യൂട്ടറുകൾ, നാനോ ടെക്‌നോളജി, പരിസ്ഥിതി, ഭൂമിശാസ്ത്രം, ശൂന്യാകാശ ശാസ്ത്രം, ഏവിയേഷൻ എന്നീ മേഖലകളിലെ ശാസ്ത്രജ്ഞർക്കും ആഗോള പ്രതിഭകൾക്കും പൗരത്വം അനുവദിക്കാനാണ് തീരുമാനം. സംസ്‌കാരം, കായിക വിനോദം, കല എന്നിവ അടക്കമുള്ള മേഖലകളിലെ പ്രതിഭകൾക്കും സമുദ്രജല ശുദ്ധീകരണം ഉൾപ്പെടെ സൗദി അറേബ്യക്ക് ആവശ്യമായ മറ്റു മേഖലകളിൽ വികസനം വേഗത്തിലാക്കുന്ന കാര്യത്തിൽ ലക്ഷ്യങ്ങൾ സാക്ഷാൽക്കരിക്കുന്നതിന് സഹായിക്കുന്ന മികച്ച പ്രതിഭകൾക്കും പൗരത്വം നൽകും. ശാസ്ത്രജ്ഞർ അടക്കമുള്ള മികച്ച പ്രതിഭകളെ പൗരത്വം നൽകി രാജ്യത്തേക്ക് ആകർഷിക്കുന്നത് രാജ്യത്തിനും പൗരന്മാർക്കും ഏറെ ഗുണകരമായി മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 

Latest News