Sorry, you need to enable JavaScript to visit this website.

മലയാളി വിദ്യാര്‍ഥിനി ഫാത്തിമയുടെ മരണത്തില്‍ സുപ്രധാന വെളിപ്പെടുത്തലുമായി പിതാവ്‌

ന്യൂദല്‍ഹി - മദ്രാസ് ഐ.ഐ.ടി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ മരണവുമായി ബന്ധപ്പെട്ട് സുപ്രധാന വെളിപ്പെടുത്തലുമായി പിതാവ് അബ്ദുല്‍ ലത്തീഫ്. മരണം നടന്ന മുറിയില്‍ ഫാത്തിമയുടെ മൃതദേഹം കണ്ടെത്തിയത് മുട്ടുകാലില്‍ നില്‍ക്കുന്ന നിലയിലായിരുന്നു. മുറിയിലെ സാധനങ്ങള്‍ അപ്പാടെ വലിച്ചുവാരിയിട്ടിരിക്കുകയായിരുന്നു. ഫാത്തിമയുടെ മരണത്തിന് പിന്നാലെ തന്റെ കുടുംബാംഗങ്ങള്‍ മദ്രാസ് ഐ.ഐ.ടിയില്‍ എത്തി അന്വേഷിച്ചപ്പോള്‍ അറിഞ്ഞതാണ് ഈ വിവരങ്ങളെന്നും ലത്തീഫ് പറഞ്ഞു.

 

സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാമന്ത്രി നരേന്ദ്ര മോഡിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും കണ്ടശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ മറ്റൊരു മകള്‍ക്കും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിക്കുമൊപ്പമാണ് ലത്തീഫ് പ്രധാനമന്ത്രിയെ കണ്ടത്.
തനിക്കിനി രണ്ട് പെണ്‍മക്കള്‍ കൂടിയുണ്ടെന്നും കരയാന്‍ ഇനി കണ്ണുനീര് ബാക്കിയില്ലെന്നും വികാരാധീനനായി പറഞ്ഞു കൊണ്ടാണ് ലത്തീഫ് ഫാത്തിമയുടെ മരണത്തിന് പിന്നിലെ ദുരൂഹ വസ്തുതകള്‍ വിവരിച്ചത്.
ഫാത്തിമ ആത്മഹത്യ ചെയ്തു എന്നാണ് അറിയിച്ചിരുന്നതെങ്കിലും മുറിയിലെ ഫാനില്‍ കയറോ ബെഡ്ഷീറ്റോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. പുസ്തകങ്ങളും സാധനങ്ങളും വാരിവലിച്ചിട്ട നിലയിലായിരുന്നു. വീട്ടിലായാലും ഹോസ്റ്റല്‍ മുറിയിലായും ഫാത്തിമ വളരെ അടുക്കും ചിട്ടയുമുള്ള കുട്ടിയായിരുന്നു. ഒന്നും വാരിവലിച്ചിടുന്ന സ്വഭാവമുണ്ടായിരുന്നില്ലെന്നും ലത്തീഫ് ചൂണ്ടിക്കാട്ടി. ഫാത്തിമയുടെ മരണശേഷം മുറിയില്‍ ഒപ്പമുണ്ടായിരുന്ന കുട്ടിയുടെ സാധനങ്ങളൊന്നും തന്നെ കാണാനില്ലായിരുന്നു എന്നതും ദുരൂഹത വര്‍ധിപ്പിക്കുന്നു.
ഫാത്തിമയുടെ മരണം സംഭവിച്ച ദിവസം ഹോസ്റ്റലില്‍ ഒരു പിറന്നാള്‍ ആഘോഷം നടന്നിരുന്നു. ഈ ആഘോഷം പുലര്‍ച്ചെ വരെ നീണ്ടുവെന്നാണ് അറിയാന്‍ കഴിഞ്ഞത്. തൊട്ടടുത്ത മുറിയിലെ കുട്ടി അന്നേ ദിവസം ഹോസ്റ്റലില്‍ ഉണ്ടായിരുന്നില്ല. പുലര്‍ച്ചെ നാലിനും അഞ്ചിനുമിടയില്‍ മരണം നടന്നു എന്നാണ് ഡോക്ടര്‍ പറഞ്ഞത്. ഫാത്തിമയുടെ പഠന സാമര്‍ഥ്യത്തില്‍ സഹപാഠികളില്‍ പലര്‍ക്കും അസ്വസ്ഥതയുണ്ടായിരുന്നു. അതിന്റെ പേരില്‍ ഫാത്തിമ മാനസിക പീഡനങ്ങളും നേരിട്ടിരുന്നു. താന്‍ നേരിട്ട ദുരനുഭവങ്ങളെല്ലാം മകള്‍ കൃത്യമായി പേരു വിവരങ്ങള്‍ സഹിതം എഴുതിവെച്ചിരുന്നു. അതില്‍ അധ്യാപകനായ സുദര്‍ശന്‍ പദ്മനാഭന്റെ പേരുമുണ്ട്. മലയാളികളായ ചില വിദ്യാര്‍ഥികളുടെ പേരുകളുമുണ്ട്. ഇനി ഇക്കാര്യങ്ങളൊന്നും മറച്ചുവെച്ചിട്ട് കാര്യമില്ലെന്നും ലത്തീഫ് വ്യക്തമാക്കി.

 

Latest News