കോഴിക്കോട് - പ്രായപൂർത്തിയാകാത്ത വിദ്യാർഥിനികളോട് അപമര്യാദയായി പെരുമാറിയതിനെ തുടർന്ന് പോക്‌സോ കേസിൽ പ്രതിയായ അധ്യാപകനെ ഇതുവരെ കണ്ടെത്താനായില്ല.
കേസെടുത്ത് 40 ദിവസമായിട്ടും അധ്യാപകനെക്കുറിച്ച് ഒരു വിവരവും കിട്ടിയിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. ഇത് പോലീസിന്റെ ഒത്തുകളിയാണെന്നാണ് രക്ഷിതാക്കളുടെ ആക്ഷേപം.
കോഴിക്കോട് നഗരമധ്യത്തിലുള്ള സ്‌കൂളിലെ ബോട്ടണി അധ്യാപകനായ കുന്ദമംഗലം പെരിങ്ങളം സ്വദേശി പുല്ലാങ്ങോട്ട് കൃഷ്ണൻ നമ്പൂതിരിക്കെതിരെയാണ് ടൗൺ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ലുക്കൗട്ട് നോട്ടീസ് എല്ലാ വിമാനത്താവളങ്ങളിലും പതിച്ചിട്ടുണ്ട്. അതിനാൽ പ്രതി വിദേശത്തേക്ക് കടന്നിട്ടുണ്ടാകില്ലെന്നാണ് പോലീസ് പറയുന്നത്.
എന്നാൽ ഒരാഴ്ച മുൻപ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നതിന് മുമ്പ് തന്നെ പ്രതി വിദേശത്തേക്ക് കടന്നിരിക്കാമെന്നാണ് രക്ഷിതാക്കൾ പറയുന്നത്. എന്നാൽ ഇതിന് സാധ്യതയില്ലെന്നാണ് പോലീസ് പറയുന്നത്.