Sorry, you need to enable JavaScript to visit this website.

ജനങ്ങൾ ഒറ്റക്കെട്ടായി നിന്നാൽ ആര് വിചാരിച്ചാലും ഖനനം നടത്താൻ പറ്റില്ല -വി.എം. സുധീരൻ

കോഴിക്കോട് - ചെങ്ങോട്ടുമലയിൽ കരിങ്കൽ ഖനനത്തിന് ഇനി ഒരു അനുമതിയും നൽകില്ലെന്ന് സർക്കാർ ഉറപ്പ് നൽകണമെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരൻ ആവശ്യപ്പെട്ടു. ചെങ്ങോടുമല ഖനന വിരുദ്ധ സമരപ്പന്തൽ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.


ജില്ലാ കലക്ടർ നിയോഗിച്ച വിദഗ്ധ സംഘത്തിന്റെ റിപ്പോർട്ട് ഖനനത്തിനെതിരെ സ്വയം സംസാരിക്കുന്ന തെളിവാണ്. ജനങ്ങൾ ഒറ്റക്കെട്ടായി നിന്നാൽ ആര് വിചാരിച്ചാലും ഇവിടെ ഖനനം നടത്താൻ പറ്റില്ല. കേരളത്തിലെ പരിസ്ഥിതി സമരത്തിന്റെ പുതിയ അധ്യായമാണ് ചെങ്ങോട്ടുമല സമരം. ഏതാനും മുതലാളിമാർക്ക് വേണ്ടിയാവരുത് നമ്മുടെ പദ്ധതികൾ. സാമ്പത്തിക ശക്തികളുടെ ധാരണ പണമുപയോഗിച്ച് ആരേയും കൈയ്യിലെടുക്കാമെന്നാണ്. 
ചെങ്ങോട്ടുമല വിഷയത്തിൽചീഫ് സെക്രട്ടറി ഇടപെടുന്നെന്ന് ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ആവശ്യമില്ലാത്ത വിഷയത്തിൽ ചീഫ് സെക്രട്ടറി ഇടപെടാൻ പോയാൽ അതിന്റെ ഭവിഷ്യത്ത് അദ്ദേഹത്തിന് കൃത്യമായി അറിയാമെന്നും സുധീരൻ പറഞ്ഞു.


കാലത്തിന്റെ മാറ്റം ഉൾക്കൊള്ളാൻ ഭരണകൂടങ്ങൾ തയ്യാറാവണം. പ്രളയവും ഉരുൾപൊട്ടലും മണ്ണിടിച്ചിലുമൊന്നും ആവർത്തിക്കാതിരിക്കാൻ സർക്കാർ പരിസ്ഥിതി സൗഹൃദ വികസനം നടത്താൻ തയ്യാറാകണമെന്നും സുധീരൻ ഓർമിപ്പിച്ചു. ചെങ്ങോടുമലയിൽ ക്വാറി അനുവദിക്കരുതെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, റവന്യുമന്ത്രി, എം.എൽ.എമാർ  എന്നിവർക്ക് കത്തു നൽകുമെന്നും അദ്ദേഹം പറഞ്ഞു. 
സമരസമിതി കോ-ഓർഡിനേഷൻ കൺവീനർ ചീനിക്കൽ സുരേഷ് അധ്യക്ഷത വഹിച്ചു. സമരസമിതിക്ക് വേണ്ടി തച്ചറോത്ത് മീത്തൽ ഷീജ സുരേഷ് ബാബു നിവേദനം നൽകി. എൻകെ. മധുസൂദനൻ ഷാളണിയിച്ചു. ജിനീഷ് നരയംകുളം, കൊളക്കണ്ടി ബിജു, കല്പകശ്ശേരി ജയരാജൻ എന്നിവർ സമരത്തിന്റെ നാൾവഴികൾ സുധീരന്  മുമ്പിൽ വിവരിച്ചു. നിജേഷ് അരവിന്ദ്, പി.ബി. അജിത്ത്, എം. ഋഷികേശൻ, സി.എച്ച്. സുരേന്ദ്രൻ എന്നിവർ സുധീരന്റെ കൂടെയുണ്ടായിരുന്നു.


 

Latest News