ഗുജറാത്ത് കോണ്‍ഗ്രസ് എംഎല്‍എമാരെ പാര്‍പ്പിച്ച ബംഗലൂരു റിസോര്‍ട്ടില്‍ ആദായ നികുതി റെയ്ഡ്

ബംഗലൂരു- ഗുജറാത്തില്‍ ഭരണകക്ഷിയായ ബിജെപിയിലേക്ക് കൂട്ടത്തോടെ ചുവട് മാറുന്നത് തടയാന്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ കൊണ്ടുവന്ന് പാര്‍പ്പിച്ച ബംഗലൂരുവിലെ റിസോര്‍ട്ടില്‍ ആദായ നികുതി വകുപ്പിന്‍റെ മിന്നല്‍ റെയ്ഡ്. രാമഗനരയിലെ ഈഗ്ള്‍ടണ്‍ ഗോള്‍ഫ് റിസോട്ടില്‍ ഗുജറാത്ത് എംഎല്‍എമാരുടെ കാര്യങ്ങള്‍ നോക്കാന്‍ ചുമതലയേല്‍പ്പിച്ച കര്‍ണാകട മന്ത്രി ഡി കെ ശിവകുമാറിന്‍റെ മുറിയിലാണ് കേന്ദ്ര ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. മന്ത്രിയെ കസറ്റഡിയിലെടുത്തു. ഇതിനു പുറമെ കര്‍ണാടകയിലും ദല്‍ഹിയിലുമായി 39 ഇടങ്ങളിള്‍ റെയ്ഡ് നടന്നു. ബുധനാഴ്ച രാവിലെ തുടങ്ങിയ റെയ്ഡ് പുരോഗമിക്കുകയാണ്.  

രാജ്യസഭാ തെരഞ്ഞെടുപ്പു നടക്കുന്ന ഗുജറാത്തില്‍ കോണ്‍ഗ്രസ് എംഎല്‍മാരെ വന്‍ തുക കോഴ നല്‍കി തങ്ങളുടെ പാളയത്തിലെത്തിക്കാനുള്ള ബിജെപി ശ്രമങ്ങള്‍ പുറത്തായതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് തങ്ങളുടെ എം എല്‍ എമാരെ കൂട്ടമായി ഒരിടത്ത് പാര്‍പ്പിച്ചിരിക്കുന്നത്. മുതിര്‍ന്ന പാര്‍ട്ടി നേതാവ് അഹമ്മദ് പട്ടേലിനെ വീണ്ടും രാജ്യസഭയിലെത്തിക്കാന്‍ 45 പാര്‍ട്ടി എംഎല്‍എമാരുടം പിന്തുണ കോണ്‍ഗ്രസിന് അത്യാവശ്യമാണ്. പട്ടേലിനെ പരാജയപ്പെടുത്താനുള്ള നീക്കങ്ങളാണ് ബിജെപി നടത്തി വരുന്നത്. ബിജെപി നടത്തുന്നത് ക്രൂരമായ വേട്ടയാണെന്ന് റിസോര്‍ട്ടിലെ റെയ്ഡിനു തൊട്ടുപിറകെ പട്ടേല്‍ ട്വീറ്റ് ചെയ്തു. ജൂലൈ 30 മുതല്‍ എം.എല്‍.എമാര്‍ റിസോര്‍ട്ടിലുണ്ട്.

 

Latest News