Sorry, you need to enable JavaScript to visit this website.

സൗദികളെ ജോലിക്കുവെച്ച് സ്ഥാപനങ്ങൾക്ക് സുരക്ഷിത വിഭാഗങ്ങളിലേക്ക് മാറാം -മന്ത്രാലയം

റിയാദ് - നിശ്ചിത ശതമാനം സൗദിവൽക്കരണം പാലിക്കാതെ ചുവപ്പ്, മഞ്ഞ വിഭാഗങ്ങളിലായ സ്ഥാപനങ്ങൾക്ക് കൂടുതൽ സ്വദേശികളെ ജോലിക്കു വെച്ച് സുരക്ഷിത വിഭാഗമായ പച്ചയിലേക്കും അതിനു മുകളിലുള്ള വിഭാഗത്തിലേക്കും വേഗത്തിൽ മാറാവുന്നതാണെന്ന് തൊഴിൽ, സാമൂഹികകാര്യ മന്ത്രാലയ വക്താവ് ഖാലിദ് അബൽഖൈൽ പറഞ്ഞു. സൗദിവൽക്കരണ പദ്ധതിയായ നിതാഖാത്തിൽ മഞ്ഞ വിഭാഗം ഇല്ലാതാക്കുന്നതിനും മഞ്ഞ സ്ഥാപനങ്ങളെ ചുവപ്പിലേക്ക് മാറ്റുന്നതിനുമുള്ള തൊഴിൽ, സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹിയുടെ പുതിയ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രാലയ വക്താവ് ഇക്കാര്യം സൂചിപ്പിച്ചത്. 
സൗദിവൽക്കരണത്തിന് സ്വകാര്യ സ്ഥാപനങ്ങളെ പ്രേരിപ്പിക്കാൻ ലക്ഷ്യമിട്ടാണ് നിതാഖാത്ത് പദ്ധതിക്ക് മന്ത്രാലയം രൂപം നൽകിയത്. നിശ്ചിത ശതമാനം സൗദിവൽക്കരണം പാലിക്കാത്ത സ്ഥാപനങ്ങളാണ് ചുവപ്പിലും മഞ്ഞയിലുമാകുന്നത്. സുരക്ഷിത വിഭാഗങ്ങളിലേക്ക് മാറുന്നതിന് ഈ സ്ഥാപനങ്ങൾ കൂടുതൽ സൗദികളെ ജോലിക്കു വെക്കുകയാണ് വേണ്ടത്. മൂന്നു ശതമാനത്തിൽ കവിയാത്ത സൗദിവൽക്കരണം പാലിച്ച സ്ഥാപനങ്ങളാണ് നിലവിൽ മഞ്ഞ വിഭാഗത്തിൽ പെടുന്നതെന്നും ഖാലിദ് അബൽഖൈൽ പറഞ്ഞു. 
മഞ്ഞ വിഭാഗം സ്ഥാപനങ്ങളെ ചുവപ്പിലേക്ക് മാറ്റി ചുവപ്പ് വിഭാഗം സ്ഥാപനങ്ങൾക്കുള്ള മാനദണ്ഡങ്ങൾ ബാധകമാക്കാനാണ് പുതിയ തീരുമാനം. ഇത് അടുത്ത ജനുവരി 26 മുതൽ പ്രാബല്യത്തിൽ വരും. ചുവപ്പ് വിഭാഗം സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികളുടെ വർക്ക് പെർമിറ്റും ഇഖാമയും പുതുക്കാൻ സാധിക്കില്ല. ഇത്തരം സ്ഥാപനങ്ങൾക്ക് പുതിയ തൊഴിൽ വിസകൾ, പ്രൊഫഷൻ മാറ്റം, സ്‌പോൺസർഷിപ്പ് മാറ്റം അടക്കം മന്ത്രാലയത്തിൽ നിന്നുള്ള ഒരുവിധ സേവനങ്ങളും ലഭിക്കില്ല. മഞ്ഞ വിഭാഗം സ്ഥാപനങ്ങൾക്കും പുതിയ തൊഴിൽ വിസകൾ ലഭിക്കില്ല. എന്നാൽ നിയന്ത്രണങ്ങൾക്ക് വിധേയമായി തൊഴിലാളികളുടെ വർക്ക് പെർമിറ്റ് പുതുക്കുന്നതിന് കഴിയും. സൗദിയിൽ രണ്ടു വർഷത്തിലധികം പിന്നിട്ട മഞ്ഞ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ വർക്ക് പെർമിറ്റ് പുതുക്കാൻ കഴിയില്ല. വർക്ക് പെർമിറ്റ് പുതുക്കാതെ ഇഖാമ പുതുക്കാനാകില്ല. എന്നാൽ സൗദിയിലെ താമസക്കാലം രണ്ടു വർഷം പിന്നിടാത്ത തൊഴിലാളികളുടെ വർക്ക് പെർമിറ്റ് പുതുക്കി നൽകും. ഈ ആനുകൂല്യമാണ് ചുവപ്പിലേക്ക് മാറ്റപ്പെടുന്നതിലൂടെ മഞ്ഞ സ്ഥാപനങ്ങൾക്ക് നഷ്ടപ്പെടുന്നത്. ചുവപ്പിലേക്ക് മാറ്റപ്പെടുന്ന സാഹചര്യം ഒഴിവാക്കുന്നതിന് കൂടുതൽ സൗദികൾക്ക് എത്രയും വേഗം ജോലി നൽകുന്നതിന് മഞ്ഞ സ്ഥാപനങ്ങൾ നിർബന്ധിതമാണ്.
 

Tags

Latest News