Sorry, you need to enable JavaScript to visit this website.

ആമസോണിനും ഫ്ളിപ്കാർട്ടിനുമെതിരെ വ്യാപാരികളുടെ രോഷം

വിലക്കുറവിൽ ഉൽപന്നങ്ങൾ ലഭ്യമാക്കി വ്യാപാരികളുടെ വയറ്റത്തടിക്കുന്ന ഓൺലൈൻ സ്‌റ്റോറുകളായ ആമസോണിനും ഫ്ളിപ്കാർട്ടിനുമെതിരെ ഇന്ത്യയിൽ വ്യാപാരി പ്രതിഷേധം ശക്തമാകുന്നു. ഈ കമ്പനികളെ കെട്ടുകെട്ടിക്കാനുള്ള തയാറെടുപ്പിലാണ് രാജ്യത്തെ 70 ദശലക്ഷത്തോളം വരുന്ന ഷോപ്പുടമകൾ. ഇന്ത്യയിലെ വിഭവങ്ങൾ കൊള്ളയടിച്ചു കൊണ്ടുപോയ ഈസ്റ്റ് ഇന്ത്യ കമ്പനിയോടാണ് വ്യാപാരികൾ ഇവരെ താരതമ്യം ചെയ്യുന്നത്. 
ദേശീയ തലസ്ഥാനത്തെ മൊത്തവ്യാപാര കേന്ദ്രത്തിൽ വില കുറച്ച് പരസ്പരം മത്സരിക്കുന്ന വ്യാപാരികൾ കഴിഞ്ഞയാഴ്ച പൊതുശത്രുവിനെതിരെ ഒന്നിച്ച് സമരം നടത്തി. ഗോ ബാക്ക് വിളിച്ചുകൊണ്ടായിരുന്നു ഓൺലൈൻ കുത്തക സ്‌റ്റോറുകൾക്കെതിരായ സമരം. 


130 കോടി ഉപഭോക്താക്കളുള്ള റീട്ടെയിൽ വിപണിയിൽനിന്ന് ആമസോണും വാൾമാർട്ടും ശതകോടിക്കണക്കിനു ഡോളറാണ് ഊറ്റിയെടുക്കുന്നത്. ഫ്ളിപ്കാർട്ട് ഉടമകളാണ് വാൾമാർട്ട്. 
ആമസോണും ഫ്ളിപ് കാർട്ടും ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പുതിയ പതിപ്പാണെന്ന് കോൺഫെഡറേഷൻ ഓഫ് ആൾ ഇന്ത്യ ട്രേഡേഴ്‌സ് പ്രസിഡന്റ് പ്രവീൺ ഖണ്ഡേൽവാൽ ആരോപിച്ചു. വ്യാപരമല്ല ആമസോൺ, ഫ്ളിപ്കാർട്ട് ലക്ഷ്യമെന്നും കുത്തകകളായി വിപണി നിയന്ത്രിക്കാനാണ് അവരുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. 
ഈ കമ്പനികൾ വില കുറച്ച് വിപണി പിടിക്കുകയാണെന്ന ആരോപണം അന്വേഷിക്കാൻ കഴിഞ്ഞ ഒക്ടോബറിൽ കേന്ദ്ര സർക്കാർ ഉത്തരവിട്ടിരുന്നു. അതേസമയം ഇന്ത്യൻ നിയമങ്ങൾ പൂർണമായി പാലിച്ചുകൊണ്ടാണ് തങ്ങളുടെ പ്രവർത്തനമെന്ന് ഇരു കമ്പനികളും അവകാശപ്പെടുന്നു. 


ഓൺലൈൻ ടാക്‌സി കമ്പനികൾ മുതൽ ടെക്‌നോളജി കുത്തകകൾക്കെതിരെ വരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തിപ്പെടുന്ന സമരം തന്നെയാണ് ഇന്ത്യയിലും ആവർത്തിക്കുന്നത്. തൊഴിലും ജീവിതമാർഗവും തടയുന്ന കോർപറേറ്റുകൾക്കും ബഹുരാഷ്ട്ര കുത്തകകൾക്കുമെതിരായ സമരം. 
കഴിഞ്ഞ ആറു വർഷത്തിനിടെ ഇന്ത്യയുടെ സാമ്പത്തിക വളർച്ച ഏറ്റവും താഴ്ന്ന നിലയിൽ എത്തിനിൽക്കെ, ഉപഭോഗവും ഗണ്യമായി കുറഞ്ഞു കൊണ്ടിരിക്കയാണ്. ഇത് വ്യാപാരി സമൂഹത്തെ വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിനീക്കുന്നത്. 


ഇന്ത്യയിലെ 90 ശതമാനത്തോളം റീട്ടെയിൽ വിൽപന നിയന്ത്രിക്കുന്നത് 70 ദശലക്ഷം വരുന്ന ചെറുകിട കച്ചവടക്കാരാണ്. വ്യാപാരികളുടെ സംഘടന രാജ്യത്തെ രാഷ്ട്രീയ ശക്തിയായി മാറിക്കൊണ്ടിരിക്കയാണ്. 


പ്രധാനമന്ത്രി നരേന്ദ്ര മോഡിയിലും ബി.ജെ.പിയിലും വിശ്വാസമർപ്പിച്ചിരുന്ന വലിയൊരു സമൂഹം ഇപ്പോൾ അതൃപ്തരാണ്. 
കുത്തകകളെ കെട്ടുകെട്ടിക്കണമെന്ന ഇവരുടെ ആവശ്യം ബി.ജെ.പി സർക്കാരിന് കണ്ടില്ലെന്ന് നടിക്കാനാവില്ല. അതുകൊണ്ടുതന്നെ സർക്കാരിന്റെ ഭാഗത്തുനിന്ന് നടപടികളുണ്ടാകുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ.

 

Latest News