Sorry, you need to enable JavaScript to visit this website.

പാരമ്പര്യം വീണ്ടെടുക്കാൻ ഫോൾഡബിൾ ഫോണുമായി മോട്ടറോള

ഐഫോൺ വരുന്നതിനു മുമ്പ് വിപണി കീഴടക്കിയിരുന്ന തങ്ങളുടെ റേസർ ഫഌപ് ഫോണിന്റെ പുതിയ പതിപ്പിറക്കി മോട്ടറോള വീണ്ടുമൊരു പരീക്ഷണത്തിനെത്തുന്നു. 6.2 ഇഞ്ച് സ്മാർട്ട് ഫോൺ ഫോൾഡബിൾ ഡിസ്‌പ്ലേയുമായി എത്തുമ്പോൾ ആപ്പിളിനോടും സാംസങിനോടും മത്സരിക്കാൻ തന്നെയാണ് തീരുമാനം. 
പഴയ മോട്ടറോള റേസർ ഫോണിന്റെ നവീകരിച്ച പതിപ്പെന്ന് പറയാവുന്ന ഫോണിന് 1499 ഡോളറാണ് വില. ജനുവരിയിലാണ് ആഗോളവിപണിയിൽ ലഭ്യമാക്കുകയെങ്കിലും യൂറോപ്പിലും അമേരിക്കയിൽ വെരിസോണിനു മാത്രമായും ഈ മാസം പ്രീബുക്കിംഗ് തുടങ്ങുന്നു.  

ആഗോള മൊബൈൽ ഫോൺ വിപണിയിൽ മോട്ടറോള ഫോൺ ഉടമസ്ഥരായ ലെനോവോക്ക് ചെറിയ പങ്ക് മാത്രമേയുള്ളൂവെങ്കിലും യു.എസിൽ ഹാലോ ഡിവൈസിലൂടെ ബ്രാൻഡിനെ വീണ്ടും ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. 
2004 ൽ ആദ്യ റേസർ ഇറങ്ങിയപ്പോൾ അമേരിക്കക്കാർക്ക് അത് സാംസ്‌കാരിക പ്രതീകമായിരുന്നു. 130 ദശലക്ഷം ഫോണുകൾ വിറ്റുപോയ മോട്ടറോള 2007 ൽ ഐഫോൺ എത്തുന്നതുവരെ സ്മാർട്ട് ഫോണിന്റെ മറുപേരായിരുന്നു. 


നിലവിൽ വിപണിയിലുള്ള സ്മാർട്ട് ഫോൺ യഥാർഥത്തിൽ ഫോണല്ല, ടാബാണെന്നും തങ്ങളുടേതാണ് യഥാർഥ ഫോൾഡബിൾ ഫോണെന്നും കമ്പനി അവകാശപ്പെടുന്നു. 
തകരാറുകൾ കാരണം സാംസങ് ഗാലക്‌സി ഫോണിന്റെ ഉദ്ഘാടനം മാറ്റിവെക്കേണ്ടി വന്നതു പോലുള്ള പ്രശ്‌നങ്ങൾ മോട്ടറോളക്കുണ്ടാവില്ലെന്ന് കമ്പനി വക്താക്കൾ അവകാശപ്പെടുന്നു. 
ഫോൾഡബിൾ ആധുനിക ഫോൺ ശ്രേണിയിൽ വില കൊണ്ടും മോട്ടറോള റേസർ ശ്രദ്ധേയമാണ്. ഗാലക്‌സി ഫോൾഡിന് 1980 ഡോളറും ഹ്വാവെയുടെ മേറ്റ് എക്‌സിന് 2600 ഡോളറുമാണ് നിലവിലെ വില. 


 

Latest News