Sorry, you need to enable JavaScript to visit this website.

കുവൈത്ത് അധിനിവേശവും ഉള്ളി വിലയും 

ഉള്ളിവില കുതിച്ചുയരുന്ന സാഹചര്യത്തിൽ കൂടുതൽ ഇറക്കുമതി ചെയ്യാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതായി വാർത്ത വന്നിട്ടും ദിവസങ്ങളായി. തുർക്കിയിൽ നിന്നും ഈജിപ്തിൽ നിന്നും ഉള്ളി ഇറക്കാനാണ് തീരുമാനം. തുർക്കിയുമായും ഈജിപ്തുമായും വിഷയത്തിൽ ചർച്ച നടന്നു. 

1984 ൽ ഇന്ദിരാഗാന്ധി അംഗരക്ഷകരുടെ വെടിയേറ്റ് മരിച്ചതും തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാജീവ് ഗാന്ധി തമിഴ്‌നാട്ടിലെ ശ്രീപെരുംപുത്തൂരിൽ വെച്ച് 
ചാവേർ ആക്രമണത്തിൽ കൊല്ലപ്പെട്ടതും ആധുനിക ഇന്ത്യാ ചരിത്രത്തിലെ സുപ്രധാന വഴിത്തിരിവുകളാണ്. ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും വ്യക്തമായ ഭൂരിപക്ഷത്തോടെ ഭരണം കൈയാളിയവരാണ്. ബംഗ്ലാദേശിന് സ്വാതന്ത്ര്യം നേടിക്കൊടുത്തത് ഉൾപ്പെടെ ഇന്ദിരാഗാന്ധിയുടെ നേട്ടങ്ങൾ പലതുമുണ്ട്. 1984 ൽ രാജീവ് ഗാന്ധി നേതൃത്വം നൽകിയതും ശക്തമായ ഭരണകൂടത്തിനാണ്. എന്നാൽ പിന്നീട് വന്ന ഐക്യമുന്നണി സർക്കാറുകൾ ദുർബലമായിരുന്നു. മറ്റു കക്ഷികളുടെ പുറത്ത് നിന്നുള്ള പിന്തുണയെ ആശ്രയിച്ച് വി.പി. സിംഗും ചന്ദ്രശേഖറും പ്രധാനമന്ത്രിമാരായി. അത് കഴിഞ്ഞ് ദേവഗൗഡ ഭരിച്ചതും ഭൂരിപക്ഷമില്ലാതെ. മൂന്നാം മുന്നണിയുടെ തട്ടിക്കൂട്ട് സർക്കാറുകളെ  കോൺഗ്രസ് പുറത്ത് നിന്ന് പിന്തുണച്ചു. ഇന്ത്യ കണ്ട ഏറ്റവും ദുർബലമായ സർക്കാറുകളാണ് രാജീവാനന്തര കാലത്ത് അധികാരത്തിലേറിയത്. അപ്പോഴാണ് ഇറാഖ് കുവൈത്തിനെ പിടിച്ചടക്കുന്നത്. മലയാളികളുൾപ്പെടെ ധാരാളം ഇന്ത്യക്കാരുള്ള നാടാണ് പ്രശ്‌നത്തിലായത്. പത്തനംതിട്ടയിലും തിരൂരിലും മറ്റും മനസ്സുകളിൽ തീ പടർന്നു. കുവൈത്തിൽ കുടുങ്ങിയ ഇന്ത്യക്കാരെ വളരെ പെട്ടെന്ന് തിരിച്ചെത്തിക്കാൻ അന്നത്തെ കേന്ദ്ര സർക്കാറിന് സാധിച്ചു. ജോർദാനിലെ അമ്മാനിലേക്ക് റോഡ് മാർഗം എത്തിച്ചാണ് കുടുങ്ങിപ്പോയ ഇന്ത്യക്കാരെ മോചിപ്പിച്ചത്. സമാധാന ദൂതുമായി ഇറാഖിലെത്തിയ ഐ.കെ. ഗുജ്‌റാലിനെ പരിഹസിച്ചുള്ള കാർട്ടൂണുകൾ ദേശീയ മാധ്യമങ്ങളിൽ വന്നിരുന്നു. അന്ന് കേന്ദ്ര സർക്കാരിനെയും ഇപ്പോൾ എല്ലാവരും പഴിക്കുന്ന എയർ ഇന്ത്യേെയയും പ്രശംസിക്കുന്ന കാര്യത്തിൽ മത്സരിക്കുകയായിരുന്നു ഏവരും. ലോക ചരിത്രത്തിലെ ഏറ്റവും വലിയ ഇവാക്യുവേഷനാണ് എയർ ഇന്ത്യ നടത്തിയത്. വളരെ പെട്ടെന്ന് പതിനായിരക്കണക്കിന് ഇന്ത്യക്കാരെ യുദ്ധ മുഖത്ത് നിന്ന് രക്ഷപ്പെടുത്താനായെന്നത് തിളക്കമാർന്ന നേട്ടം തന്നെ. ഇക്കാര്യങ്ങൾ ഇപ്പോൾ ഓർത്തു പോവാൻ കാരണം രാജ്യം നേരിടുന്ന അതിരൂക്ഷമായ ഉള്ളി വിലക്കയറ്റം കണ്ടപ്പോഴാണ്. മലയാളികളേക്കാൾ ഉത്തരേന്ത്യക്കാർക്കാണ് സവാള അത്യാവശ്യമായിട്ടുള്ളത്. മഹാരാഷ്ട്ര, ദൽഹി, ഗുജറാത്ത്, ബിഹാർ എന്നീ സംസ്ഥാനങ്ങളിൽ ഇതിന് മുമ്പ് ഉള്ളി വില കൂടിയത് തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ച ഘട്ടങ്ങളുണ്ടായിരുന്നു. ഇതെഴുതുന്നതിന് അൽപം മുമ്പ് കോഴിക്കോട്ടെ വീട്ടിൽ വിളിച്ച് അന്വേഷിച്ചപ്പോൾ ഒരു സൂപ്പർ മാർക്കറ്റിൽ ഒരു കിലോഗ്രാം 130 രൂപക്ക് ലഭിക്കുന്ന ഓഫർ ഉള്ളി വാങ്ങാനുള്ള തിരക്കിലായിരുന്നു എല്ലാവരും. അതായത് വിപണി വില 150 രൂപയോ അതിൽ കൂടുതലോ ആയിട്ടുണ്ടാവാനാണ് സാധ്യത. 
ഇന്ത്യയിൽ പലേടത്തും  ഉള്ളി വില നൂറും കടന്ന് കുതിച്ചുയരുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്.  120 നും 130 നും ഇടയിലാണ് ഉള്ളിക്ക് ഈടാക്കുന്ന വിലയെന്നാണ് ഹോൾസെയിൽ അഗ്രികൾച്ചറൽ പ്രൊഡ്യൂസ് മാർക്കറ്റിംഗ് കമ്മിറ്റി വ്യക്തമാക്കുന്നത്.  ഇതാദ്യമായാണ് ഉള്ളി വില 100 രൂപ കടക്കുന്നത്. എന്നാൽ ഇപ്പോൾ അതും കടന്നിരിക്കുന്നു. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള വിള നാശമാണ് ഇപ്പോഴത്തെ ഉള്ളി വിലക്കയറ്റത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്. ഇപ്പോൾ വരുന്ന ഉള്ളിയുടെ ഗുണമേന്മ • കുറവുമാണ്.
ഉൽപാദന ചെലവിന് പുറമെ വാടകയും കൂടി ഉൾപ്പെടുന്നതോടെ ഉള്ളി വില കുത്തനെ ഉയരുകയാണ്. ഒരു മാസത്തിനിടെ ഇത് കുറയുമെന്നാണ് സൂചനകളെന്ന് ഹോൾസെയിൽ അഗ്രികൾച്ചറൽ പ്രൊഡ്യൂസ് മാർക്കറ്റിംഗ് കമ്മറ്റി പറയുന്നു. ഉള്ളി വില വർധിച്ചതോടെ ഉള്ളി മോഷണവും വർധിച്ചിട്ടുണ്ട്.
മഹാരാഷ്ട്രയിൽ നിന്ന് യു.പിയിലേക്ക് പോയ ഒരു ട്രക്ക് സവാളയാണ് കഴിഞ്ഞ ദിവസം കൊള്ളയടിക്കപ്പെട്ടത്. സുരക്ഷ ശക്തകമാക്കണമെന്ന്  വ്യാപാരികൾ ആവശ്യപ്പെട്ടിട്ടും പ്രതികരണമുണ്ടായില്ല. 
അവശ്യ വസ്തുക്കളുടെ വില കുത്തനെ ഉയരുമ്പോൾ സാധാരണക്കാരന്റെ ജീവിതമാണ് തുലാസിലാവുന്നത്. പച്ചക്കറികൾക്കും ദിനംപ്രതി വില ഉയരുകയാണ്. പെട്രോൾ വിലയാണെങ്കിൽ ഈ വർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണ് ഇപ്പോൾ. മൊബൈൽ ഫോൺ നിരക്കും ഡാറ്റാ ചാർജുമെല്ലാം ഉടൻ വർധിപ്പിക്കും. പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ് പോലും വിലക്കയറ്റത്തിനെതിരെ കാര്യമായി പ്രതികരിച്ചിട്ടില്ല. 
കേന്ദ്ര സർക്കാറിനെ പരിഹസിച്ച് ട്രോളുമായി രംഗത്ത് വന്നത് കണ്ടില്ലെന്ന് നടിക്കുകയല്ല. വിവാഹ സമ്മാനമായി എന്ത് നൽകും എന്ന് സംശയിച്ചിരിക്കുന്നവർക്കായി അമൂല്യ വസ്തുക്കളുടെ പട്ടിക പുറത്തുവിട്ടാണ് ബി.ജെ.പി സർക്കാറിനെതിരെ കോൺഗ്രസ് രംഗത്ത് വന്നത്.
10 കിലോ ഉള്ളി, അഞ്ച് കിലോ വെളുത്തുള്ളി, 10 ലിറ്റർ  പെട്രോൾ, ഒരു മാസത്തേയ്ക്കുള്ള മൊബൈൽ  കോളിങ്, ഡാറ്റ പാക്ക്, ഒരു എൽ.പി.ജി സിലിണ്ടർ എന്നിവയാണ് സമ്മാനമായി നൽകാൻ ഉചിതമായ  വസ്തുക്കളുടെ പട്ടികയിൽ ഉള്ളത്. പുതിയ ഇന്ത്യയിലെ വിലപ്പെട്ട സമ്മാനങ്ങൾ  എന്ന തലക്കെട്ടോടെയാണ് കോൺഗ്രസിന്റെ ട്രോൾ. വിവാഹ സമ്മാനമായി നൽകാൻ  ഏറ്റവും അനുയോജ്യമായത് എന്തൊക്കെയാണെന്ന് കണ്ടെത്തുന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ  ഇപ്പോൾ  കല്യാണങ്ങൾക്ക് സമ്മാനം നൽകുന്ന കാര്യത്തിൽ ആശങ്കകൾ വേണ്ട എന്ന കുറിപ്പോടെയാണ് കോൺഗ്രസ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
കനത്ത മഴയെ തുടർന്ന് മഹാരാഷ്ട്ര, കർണാടക, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ വ്യാപകമായി കൃഷി നാശം ഉണ്ടായതാണ് ഉള്ളിയുടെ വിലക്കയറ്റത്തിന് കാരണം. ഉള്ളി ഉൽപാദനം 26 ശതമാനത്തോളം കുറഞ്ഞെന്നാണ് കണക്കുകൾ. ഉള്ളി വില ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ സംഭരണ ശാലകളിൽ സൂക്ഷിച്ച് വെക്കുന്നത് നിയന്ത്രിക്കുകയും കയറ്റുമതി നിരോധിക്കുകയും ചെയ്തിരുന്നു. 
പൂഴ്ത്തിവെപ്പ് തടയാൻ ഉള്ളിയുടെ സംഭരണ പരിധി പകുതിയായി കുറച്ചു. ഇതോടെ ചെറുകിട കച്ചവടക്കാരുടെ സംഭരണ പരിധി 5 ടണ്ണായി. മൊത്ത വിതരണക്കാരുടെ സംഭരണ പരിധി 25 ടണ്ണാക്കിയും കുറച്ചു. വിപണിയിൽ ഉള്ളി വില കുതിച്ചുയർന്ന സാഹചര്യത്തിലാണ് നടപടി. ഉള്ളി വിലയിലെ വർദ്ധന നിരീക്ഷിച്ചു വരികയാണെന്നും  കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം അറിയിച്ചു. 
ഉള്ളി വില കുതിച്ചുയരുന്ന സാഹചര്യത്തിൽ കൂടുതൽ ഇറക്കുമതി ചെയ്യാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതായി വാർത്ത വന്നിട്ടും ദിവസങ്ങളായി.  തുർക്കിയിൽ നിന്നും ഈജിപ്തിൽ നിന്നും ഉള്ളി ഇറക്കാനാണ് തീരുമാനം. തുർക്കിയുമായും ഈജിപ്തുമായും വിഷയത്തിൽ ചർച്ച നടന്നു. ഇന്ത്യയിലേക്ക് സവാള കയറ്റുമതി ചെയ്യാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചു. പൊതുമേഖലാ കമ്പനിയായ എം.എം.ടി.സിയാണ് തുർക്കിയിൽ നിന്ന് ഉള്ളി ഇറക്കുമതി ചെയ്യാൻ തീരുമാനിച്ചത്. 11,000 മെട്രിക് ടൺ ഉള്ളിയാണ് തുർക്കിയിൽ നിന്ന് ഇറക്കുക. ഡിസംബർ അവസാന വാരമോ ജനുവരി ആദ്യത്തിലോ തുർക്കിയിൽ നിന്ന് ഉള്ളിയെത്തും. ഈ മാസം പകുതിയിൽ ഈജിപ്തിൽ നിന്ന് ഉള്ളിയെത്തും. 6090 മെട്രിക് ടൺ ഉള്ളിയാണ് ഈജിപ്തിൽ നിന്ന് ഇറക്കുമതി ചെയ്യുകയെന്നും  കേന്ദ്ര ഭക്ഷ്യ മന്ത്രി രാംവിലാസ് പാസ്വാൻ പറയുന്നു. 
ഒന്നും രണ്ടും മോഡി സർക്കാറുകളുടെ പ്രത്യേകത വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ ശക്തമായ സർക്കാറുകളാണെന്നതാണ്. ആദ്യത്തേതിലും പവറോടെയാണ് രണ്ടാം മോഡി ഭരണം തുടങ്ങിയത്. കാര്യക്ഷമതയുടെ കാര്യത്തിൽ ദേവഗൗഡ, ഗുജ്‌റാൽ കാലഘട്ടത്തിന്റെ അടുത്തൊന്നും എത്തില്ലെന്നത് വേറെ കാര്യം. പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുകയെന്നതാണ് കേന്ദ്രത്തിന്റെ പ്രധാന പദ്ധതി. വിൽക്കാൻ കണ്ടുവെച്ച സ്ഥാപനങ്ങൾ ഭാരത് പെട്രോളിയവും എയർ ഇന്ത്യയും. ബി.പി.സി.എൽ നഷ്ടത്തിലാണെന്ന് ആരും പറയില്ല. എയർ ഇന്ത്യ കാര്യക്ഷമമായി നടത്തിയാൽ വൻ ലാഭമുണ്ടാക്കുന്ന സ്ഥാപനമായി മാറ്റാം. ദേശീയ വിമാന കമ്പനിക്ക് ഏറ്റവും വരുമാനമുണ്ടാക്കിക്കൊടുത്ത ജിദ്ദ-കാലിക്കറ്റ് സെക്ടറിലെ വിമാനം മുടങ്ങിയിട്ട് മൂന്ന് വർഷത്തിലേറെയായി. ഇപ്പോഴും പുനരാരംഭിക്കുമെന്ന് പറയുന്നതല്ലാതെ ഒരു ഉറപ്പുമില്ല. 
ഇന്ത്യയുടെ അഭിമാനമാണ് വിസ്തൃതമായ ഇന്ത്യൻ റെയിൽവേ. റെയിൽവേ സ്റ്റേഷനുകളും ട്രെയിനുകളും വിറ്റൊഴിവാക്കേണ്ട സാഹചര്യം അത്ര നല്ലതല്ലെന്ന് പറയേണ്ടിയിരിക്കുന്നു. തൊഴിലില്ലായ്മാ നിരക്ക് കുറക്കൽ, ജി.ഡി.പി ഉയർത്തൽ എന്നിവയൊന്നും സാധിച്ചില്ലെങ്കിലും ഉള്ളി വിലയെങ്കിലും നിയന്ത്രിച്ചുകൂടേ? 


 

Latest News