'ഞാന്‍ വെജിറ്റേറിയനാണ്... ഉള്ളിയെ കുറിച്ച് എന്തു പറയാനാ?' വില വര്‍ധന ചിരിച്ചു തള്ളി ബിജെപി മന്ത്രി

ന്യൂദല്‍ഹി- ഉള്ളി കാര്യമായി തിന്നാറില്ലെന്നും ഉള്ളി തിന്നുന്ന കുടുംബത്തില്‍ നിന്നല്ല വരുന്നതെന്നുമുള്ള ധനമന്ത്രി നിര്‍മലാ സീതാരാമന്റെ പ്രസ്താവയുടെ ചുടാറും മുമ്പ് ഉള്ളി 'തിന്നാത്ത' മറ്റൊരു കേന്ദ്ര മന്ത്രി കൂടി രംഗത്തെത്തിയിരിക്കുന്നു. ഉള്ളി വില വര്‍ധനയെ കുറിച്ച് പ്രതികരണമാരാഞ്ഞപ്പോള്‍ കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമകാര്യ സഹമന്ത്രിയും ബിജെപി നേതാവുമായ അശ്വിനി ചൗബെയാണ് ചിരിപൊട്ടിക്കുന്ന മറുപടി നല്‍കിയത്. 'ഞാന്‍ വെജിറ്റേറിയനാണ്. ഉള്ളി ഒരിക്കലും രുചിച്ചു നോക്കിയിട്ടില്ല. എന്നെ പോലൊരു വ്യക്തിക്ക് എങ്ങനെ ഉള്ളിയെ കുറിച്ച് പ്രതികരിക്കാന്‍ കഴിയും?' എന്നായിരുന്നു അശ്വിനി ചൗബെയുടെ മറുചോദ്യം. രാജ്യത്ത് പലയിടത്തും കുതിച്ചുയര്‍ന്ന ഉള്ളി വില കിലോയ്ക്ക് 180 രൂപ വരെ എത്തിയിട്ടുണ്ട്. ഈ വിലകയറ്റം പാര്‍ലമെന്റിന് അകത്തും പുറത്തും വലിയ പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്. 

ഉള്ളി തിന്നാറില്ലെന്നു പറഞ്ഞ് വിവാദമുണ്ടാക്കിയ മന്ത്രി നിര്‍മലയെ ന്യായീകരിക്കാനും മന്ത്രി അശ്വിനി ശ്രമിച്ചു. നിര്‍മല അങ്ങനെ പറഞ്ഞിട്ടെയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഉള്ളി വിലകയറ്റത്തെ കുറിച്ചുള്ള ചോദ്യത്തിന് അവര്‍ നല്‍കിയത് നല്ല മറുപടിയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. 


 

Latest News