ന്യൂദല്‍ഹി- രാജ്യത്ത് കുതിച്ചുയരുന്ന ഉള്ളിവില അടുക്കളകളില്‍ ആശങ്ക പടര്‍ത്തിയിട്ടുണ്ടെങ്കിലും പാര്‍ലമെന്റിലും ട്വിറ്ററിലും ചിരിപൊട്ടിച്ചിരിക്കുകയാണ്. ഉള്ളി വില വര്‍ധന ചര്‍ച്ച ചെയ്യുന്നതിനിടെ ബുധനാഴ്ച പ്രതിപക്ഷത്തിന്റെ കടുത്ത ചോദ്യങ്ങളാണ് ധനമന്ത്രി നിര്‍മല സീതാരാമന് നേരിടേണ്ടി വന്നത്. വില പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ നിര്‍മല വിശദീകരിക്കാന്‍ ശ്രമിച്ചെങ്കിലും പല ചോദ്യങ്ങളും മന്ത്രിയെ കുഴക്കി. ഉള്ളി ഉല്‍പ്പാദനം എന്തു കൊണ്ട് കുറഞ്ഞു? അരിയും പാലും ഉള്‍പ്പെടെ പലതും നാം കയറ്റുമതി ചെയ്യുന്നു. ഉള്ളി കര്‍ഷകര്‍ ചെറുകിടക്കാരാണെന്നും അവരെ സംരക്ഷിക്കേണ്ടതുണ്ടെന്നും ഉണര്‍ത്തിയായിരുന്നു എന്‍സിപി എംപി സുപ്രിയ സുലെയുടെ ചോദ്യം. ഇതിനോട് പ്രതികരിക്കവെയാണ് താന്‍ കാര്യമായി ഉള്ളി തിന്നാറില്ലെന്ന് നിര്‍മല മറുപടി പറഞ്ഞത്. ഉള്ളി കാര്യമായി ഉപയോഗിക്കാത്ത് കുടുംബത്തില്‍ നിന്നാണ് താന്‍ വരുന്നതെന്നും നിര്‍മല പറഞ്ഞതോടെ സമൂഹ മാധ്യമങ്ങളില്‍ വലിയ വിമര്‍ശനം ഉയര്‍ന്നു.
130 കോടി ജനങ്ങളുടെ സാമ്പത്തിക ഭദ്രത ഉറപ്പു വരുത്താന്‍ ഉത്തരവാദപ്പെട്ട വ്യക്തി ഉള്ളി വില വര്‍ധനയില്‍ ആശങ്കപ്പെടുന്നില്ല. കാരണം അവരുടെ കുടുംബം ഉള്ളി വാങ്ങുന്നില്ല. തൊഴിലില്ലായ്മയും കടവുമെല്ലാം പെരുകിയിട്ടും എന്തു കൊണ്ടാണ് ഈ സര്‍ക്കാരിന് കൂസലില്ലാത്തതെന്ന് ഇപ്പോള്‍ ബോധ്യമായി- ഒരു ട്വിറ്റര്‍ ഉപയോക്താവ് കുറിച്ചു.
ജയില്‍ മോചിതനായ ശേഷം വ്യാഴാഴ്ച ആദ്യമായി പാര്‍ലമെന്റിലെത്തിയ മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായി പി ചിദംബരവും നിര്‍മലയ്ക്ക് പാര്‍ലമെന്റില്‍ നല്ലൊരു കൊട്ടു നല്‍കി. ധനമന്ത്രി പറയുന്നത് അവര്‍ ഉള്ളി തിന്നാറില്ലെന്നാണ്. പിന്നെ എന്താണ് അവര്‍ തിന്നുന്നത്? അവക്കാഡോയോ?-ചിദംബരം ചോദിച്ചു.
ചിദംബരത്തിന്റെ പ്രതികരണം കൂടി വന്നതോടെ ട്വിറ്ററില്‍ നിര്‍മലയെ കൊട്ടി ഹാസ്യ, വിമര്‍ശന കുറിപ്പുകളുടെ പൂരമായി. #SayItLikeNirmalaTai എന്ന ഹാഷ്ടാഗ് ട്രെന്‍ഡില്‍ മുന്നിലെത്തി. ഞാന്‍ ചപ്പാത്തി തിന്നാറില്ല. അതുകൊണ്ടു തന്നെ ഗോതമ്പു വില എന്നെ അലട്ടാറില്ല എന്നാണ് ട്വിറ്ററിലെ മലയാളി ഹാസ്യ ഹാന്‍ഡിലായ നെട്ടൂരാന്റെ പ്രതികരണം. ഒപ്പം പഞ്ചാബി ഹൗസിലെ ഹരിശ്രീ അശോകന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ചിത്രവും.






