Sorry, you need to enable JavaScript to visit this website.

629 പാക് യുവതികളെ വധുവാക്കി ചൈനയ്ക്ക് വിറ്റു

കറാച്ചി- 629 പെണ്‍കുട്ടികളെയും, സ്ത്രീകളെയുമാണ് ദാരിദ്ര്യവും, മോശം ചുറ്റുപാടുകളുടെയും പേരില്‍ പ്രലോഭിപ്പിച്ച് പാക്കിസ്ഥാനില്‍ നിന്നും ചൈനയിലേക്ക് വധുവാക്കി വിറ്റത്. ഇത്രയും കൃത്യമായ വിവരങ്ങള്‍ ലഭ്യമായിട്ടും ഒരു ചെറുവിരല്‍ പോലും അനക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് പാക്കിസ്ഥാനിലെ ഉദ്യോഗസ്ഥര്‍. ലോകത്ത് പാകിസ്ഥാന് അനുകൂലമായും, ഇന്ത്യക്ക് എതിരെയും നിലപാട് സ്വീകരിക്കാനും തയ്യാറുള്ള രാജ്യമായ ചൈനയുമായുള്ള ബന്ധം വഷളാകുമെന്ന് ഭയന്നാണ് പാവപ്പെട്ട പെണ്‍കുട്ടികളുടെ കടത്തിന് മുന്നില്‍ ഉദ്യോഗസ്ഥര്‍ നിസ്സഹായരായി നില്‍ക്കുന്നത്.
രാജ്യത്തെ പാവപ്പെട്ട, മോശം അവസ്ഥയില്‍ ജീവിക്കുന്നവരെ ചൂഷണം ചെയ്യുന്ന ശൃംഖലകള്‍ക്കെതിരെ പാക് അന്വേഷണ ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയ കണക്കാണ് അസോസിയേറ്റഡ് പ്രസ് പുറത്തുവിട്ടത്. 2018 മുതല്‍ ഈ വലയില്‍ കുടുങ്ങിയ സ്ത്രീകളുടെ യഥാര്‍ത്ഥ കണക്ക് പുറത്തുവന്നപ്പോഴേക്കും നടപടികള്‍ അവസാനിച്ച മട്ടാണ്. ചൈനയുമായുള്ള പാക്കിസ്ഥാന്റെ സുദൃഢ ബന്ധത്തെ ഇത് ബാധിക്കുമെന്ന ആശങ്കയിലാണ് അന്വേഷണത്തിന് മേല്‍ സര്‍ക്കാര്‍ സമ്മര്‍ദം.
ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും വലിയ കേസ് കോടതിയില്‍ തകര്‍ന്നിരുന്നു. കേസില്‍ പിടികൂടിയ 31 ചൈനീസ് പൗരന്‍മാരെയും ഫൈസലാബാദ് കോടതി വെറുതെ വിട്ടത് ഒക്ടോബറിലാണ്. പോലീസിന് മൊഴി നല്‍കിയ പല സ്ത്രീകളും പിന്നീട് ഇതില്‍ ഉറച്ചുനിന്നല്ല. ഇവരില്‍ പലരും ഭീഷണി നേരിടുകയോ, കൈക്കൂലി നല്‍കി നിശബ്ദരാക്കപ്പെടുകയോ ചെയ്തവരാണ്.
അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയും, സമ്മര്‍ദം ചെലുത്തിയും ഇത്തരം കേസുകള്‍ അവസാനിപ്പിക്കുകയാണ് സര്‍ക്കാരെന്ന് നിരവധി പെണ്‍കുട്ടികളെ മനുഷ്യക്കടത്തില്‍ നിന്നും രക്ഷിച്ച ആക്ടിവിസ്റ്റ് സലീം ഇക്ബാല്‍ പറഞ്ഞു. ഇത്തരം റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കാന്‍ പാക് മാധ്യമങ്ങള്‍ക്കും ഭയമാണ്. 

Latest News