Sorry, you need to enable JavaScript to visit this website.

കേന്ദ്ര സർക്കാറിന് മുന്നിൽ നല്ല വഴികളില്ല-പി. ചിദംബരം

ന്യൂദൽഹി- രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിൽനിന്നും മറ്റും കരകയറ്റാൻ സർക്കാറിന് മുന്നിൽ ഒരു വഴിയുമില്ലെന്നും തെറ്റുകളിൽനിന്ന് തെറ്റുകളിലേക്കാണ് മോഡി ഗവൺമെന്റ് നീങ്ങുന്നതെന്നും മുൻ കേന്ദ്ര ധനമന്ത്രിയും കോൺഗ്രസ് നേതാവുമായ പി. ചിദംബരം. ഐ.എൻ.എക്‌സ് മീഡിയ കള്ളപ്പണ കേസിൽ ജയിലിൽനിന്ന് പുറത്തിറങ്ങിയ ശേഷം നടത്തിയ ആദ്യ പത്രസമ്മേളനത്തിലാണ് മോഡി സർക്കാറിനെതിരെ ചിദംബരം ആഞ്ഞടിച്ചത്. 
വർഷാവസാനത്തിൽ വളർച്ചാ നിരക്ക് അഞ്ച് ശതമാനത്തിലെങ്കിലും എത്തിയതിൽ നാം ഭാഗ്യമുള്ളവരാണെന്ന് ചിദംബരം പരിഹസിച്ചു. സംശയാസ്പദമായ കണക്കുകളുടെ അടിസ്ഥാനത്തിലാണ് വളർച്ച നിരക്കിൽ സർക്കാർ കളിക്കുന്നത്. ഇപ്പോൾ പ്രഖ്യാപിച്ചതിലും 1.5 ശതമാനമെങ്കിലും കുറവായിരിക്കും ശരിയായ വളർച്ചാ നിരക്ക്. രാജ്യത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ മുമ്പൊന്നുമില്ലാത്ത വിധം കൂടി വരികയാണെന്നും ക്രമസമാധാനപാലനം രാജ്യത്തിന്റെ ഒരുഭാഗത്തും കൃത്യമല്ലെന്നും ചിദംബരം പറഞ്ഞു. 
തന്റെ ശബ്ദം അടിച്ചമർത്താൻ സർക്കാറിന് സാധിക്കില്ലെന്ന് നേരത്തെ രാജ്യസഭയിലെത്തിയ ചിദംബരം പറഞ്ഞിരുന്നു. ഇതിന് ശേഷമാണ് കോൺഗ്രസ് ആസ്ഥാനത്ത് പത്രസമ്മേളനം നടത്തിയത്.
 

Latest News