Sorry, you need to enable JavaScript to visit this website.

സൗദിയില്‍ വേഗം കൂട്ടാന്‍ ആംബുലന്‍സുകളെ പിന്തുടര്‍ന്നാല്‍ പിടി വീഴും; ക്യാമറകള്‍ സ്ഥാപിക്കുന്നു

റിയാദ് - ഗതാഗത നിയമ ലംഘകരെ കണ്ടെത്തുന്നതിന് ആംബുലൻസുകളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാൻ റെഡ് ക്രസന്റിന് പദ്ധതി. പദ്ധതി പരീക്ഷണ ഘട്ടത്തിലാണെന്ന് റെഡ് ക്രസന്റ് വക്താവ് അബ്ദുല്ല അബൂസൈദ് പറഞ്ഞു. ഗുരുതരാവസ്ഥയിലുള്ള കേസുകൾ ആശുപത്രികളിലേക്ക് നീക്കം ചെയ്യുന്ന ആംബുലൻസുകളെ ചില കാർ ഡ്രൈവർമാർ അമിത വേഗതയിൽ പിന്തുടരുകയാണ്. മറ്റു ചില ഡ്രൈവർമാർ ആംബുലൻസുകളുടെ നീക്കത്തിന് മുന്നിൽ പ്രതിബന്ധം സൃഷ്ടിക്കുന്നു. 


ആംബുലൻസുകളുടെ മുൻവശത്തും പിൻവശത്തും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കും. വാഹന ഡ്രൈവർമാർക്ക് ഏഴു സെക്കന്റിൽ കൂടാത്ത സമയം സാവകാശം നൽകും. ഇതിനു ശേഷം ഗതാഗത നിയമ ലംഘനം ഓട്ടോമാറ്റിക് ആയി രജിസ്റ്റർ ചെയ്ത് ട്രാഫിക് ഡിപ്പാർട്ട്‌മെന്റിലേക്ക് അയക്കും. ഇതിന്റെ അടിസ്ഥാനത്തിൽ ഗതാഗത നിയമ ലംഘത്തിന് പിഴ ചുമത്തിയ കാര്യം അറിയിച്ച് ട്രാഫിക് ഡയറക്ടറേറ്റ് ഉടനടി ഡ്രൈവർമാർക്ക് എസ്.എം.എസുകൾ അയക്കുകയാണ് ചെയ്യുക.


ഇക്കാര്യത്തിൽ ബോധവൽക്കരണ കാമ്പയിനുകൾ നടത്തിയ ശേഷം ആംബുലൻസുകളെ പിന്തുടരുന്നവരെയും ആംബുലൻസുകൾക്കു മുന്നിൽ മാർഗ തടസ്സം സൃഷ്ടിക്കുന്നവരെയും ആംബുലൻസുകളിലെ ക്യാമറകൾ വഴി ഓട്ടോമാറ്റിക് ആയി കണ്ടെത്തി പിഴ ചുമത്തുന്ന രീതി ട്രാഫിക് ഡയറക്ടറേറ്റ് അംഗീകരിച്ച് നടപ്പാക്കുമെന്നും അബ്ദുല്ല അബൂസൈദ് പറഞ്ഞു. 

Latest News