തായിഫ് - ബലദിയ മേധാവികളായി സേവനമനുഷ്ഠിക്കുന്ന പുരുഷ ഉദ്യോഗസ്ഥർക്കുള്ള മുഴുവൻ അധികാരങ്ങളും തനിക്കുമുണ്ടെന്ന് തായിഫ് വനിതാ ബലദിയ മേധാവി എൻജിനീയർ ഹനൂഫ് അൽബഖമി പറഞ്ഞു. ഉപയോക്താക്കൾക്ക് സേവനങ്ങൾ നൽകുന്നതിൽ വനിതാ ബലദിയ പുരുഷ ബലദിയകളിൽ നിന്ന് വിഭിന്നമല്ല. മുഴുവൻ ബലദിയ സേവനങ്ങളും വനിതാ ബലദിയ വഴി നൽകുന്നുണ്ട്. സ്ത്രീപുരുഷന്മാർ സമന്മാരാണ്. ഇവർക്ക് നൽകുന്ന സേവനങ്ങളുടെ നിലവാരത്തിൽ ഒരു വ്യത്യാസവുമില്ല.
സ്ത്രീശാക്തീകരണത്തിന് പിന്തുണ നൽകുന്ന ഭരണാധികാരികൾക്ക് നന്ദി പറയുകയാണ്. തായിഫ് മേയർ തന്നിൽ അർപ്പിച്ച വിശ്വാസത്തിൽ തനിക്ക് അഭിമാനമുണ്ട്. തായിഫിലെ ആദ്യ വനിതാ ബലദിയ മേധാവിയെന്നോണമുള്ള ചുമതല തനിക്ക് കൂടുതൽ ഉത്തരവാദിത്തം നൽകുകയും കഠിന പ്രയത്‌നം തുടരുന്നതിന് പ്രചോദനമായി മാറുകയും ചെയ്യുന്നു.
ബലദിയയിൽ എത്തുന്ന വനിതാ ഉപയോക്താക്കളുടെ എണ്ണം വർധിക്കുന്നതിന് വനിതാ ബലദിയ സഹായകമാകുമെന്നും എൻജിനീയർ ഹനൂഫ് അൽബഖമി പറഞ്ഞു. തായിഫിലെ ആദ്യ വനിതാ ബലദിയ മേധാവിയാണ് എൻജിനീയർ ഹനൂഫ് അൽബഖമി.