Sorry, you need to enable JavaScript to visit this website.

സൗദിയില്‍ പതിനായിരത്തോളം വാറ്റ് നികുതി വെട്ടിപ്പ് പിടിച്ചു

റിയാദ് - രണ്ടു വർഷത്തിനിടെ വ്യാപാര സ്ഥാപനങ്ങളുടെ ഭാഗത്ത് പതിനായിരത്തോളം മൂല്യവർധിത നികുതി നിയമ ലംഘനങ്ങൾ കണ്ടെത്തിയതായി സക്കാത്ത്, നികുതി അതോറിറ്റി പറഞ്ഞു. 2018 ജനുവരി ഒന്നു മുതലാണ് സൗദിയിൽ മൂല്യവർധിത നികുതി നിലവിൽ വന്നത്. കഴിഞ്ഞ വർഷാദ്യം മുതൽ ഇതുവരെയുള്ള കാലത്ത് വ്യാപാര സ്ഥാപനങ്ങളുടെ ഭാഗത്ത് 9570 വാറ്റ് നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്.

ഇക്കാലയളവിൽ നികുതി നിയമ ലംഘനങ്ങളെ കുറിച്ച് ഉപയോക്താക്കളിൽ നിന്ന് അതോറിറ്റിക്ക് 15,000 ഓളം പരാതികൾ ലഭിച്ചു. നികുതി നിയമ ലംഘനങ്ങളെ കുറിച്ച് ഉപയോക്താക്കൾക്ക് പരാതികൾ നൽകുന്നതിനുള്ള സംവിധാനങ്ങൾ സക്കാത്ത്, നികുതി അതോറിറ്റി വിപുലമാക്കിയിട്ടുണ്ട്. 

മൂല്യവർധിത നികുതി സംവിധാനത്തിൽ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങൾക്ക് മിനിറ്റുകൾക്കകം ഓൺലൈൻ ആയി നികുതി റിട്ടേണുകൾ സമർപ്പിക്കുന്നതിന് സാധിക്കുമെന്ന് സക്കാത്ത്, നികുതി അതോറിറ്റി പറഞ്ഞു. സക്കാത്ത്, നികുതി അതോറിറ്റി പോർട്ടലിൽ സ്ഥാപനങ്ങളുടെ അക്കൗണ്ടിൽ പ്രവേശിച്ച് വിൽപന, വാങ്ങൽ കോളങ്ങൾ പൂരിപ്പിച്ച് ഓൺലൈൻ ആയി നികുതി ഇൻവോയ്‌സ് അടയ്ക്കുകയാണ് വേണ്ടത്. ഇതിന് മറ്റു രേഖകളൊന്നും സമർപ്പിക്കേണ്ടതില്ല.

വാറ്റ് റിട്ടേൺ പൂരിപ്പിച്ച ശേഷം നികുതിയിനത്തിൽ അധികം പണമടച്ചതായി വ്യക്തമായാൽ അധിക തുക തിരികെ ഈടാക്കുന്നതിന് അതേ റിട്ടേൺ വഴി അപേക്ഷ നൽകാൻ സാധിക്കും. ഇതിനും രേഖകളൊന്നും സമർപ്പിക്കേണ്ടതില്ല. അധികമടച്ച നികുതി തുക തിരിച്ചുനൽകുന്നതിനുള്ള നടപടികൾ പരമാവധി മുപ്പതു ദിവസത്തിനകം പൂർത്തിയാക്കുമെന്നും സക്കാത്ത്, നികുതി അതോറിറ്റി പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച മുതൽ സൗദിയിൽ മധുര പാനീയങ്ങൾക്ക് 50 ശതമാനം സെലക്ടീവ് ടാക്‌സ് ബാധകമാക്കിയിട്ടുണ്ട്. ശീതള പാനീയങ്ങൾക്കും എനർജി ഡ്രിങ്കുകൾക്കും നേരത്തെ മുതൽ സെലക്ടീവ് ടാക്‌സ് ബാധകമാക്കിയിരുന്നു. 

Latest News