വേര്‍പെടുത്തിയ സയാമീസ് ഇരട്ടകളുടെ ആരോഗ്യനില ഭദ്രം; ഐ.സി.യുവില്‍നിന്ന് മാറ്റി

മൂന്നാഴ്ച മുമ്പ് ഓപറേഷനിലൂടെ വേർപെടുത്തിയ ലിബിയൻ സയാമീസ് ഇരട്ടകളായ അഹ്മദും മുഹമ്മദും റിയാദ് കിംഗ് അബ്ദുല്ല ചിൽഡ്രൻസ് സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിൽ 

റിയാദ് - ശസ്ത്രക്രിയയിലൂടെ വേർപെടുത്തിയ ലിബിയൻ സയാമീസ് ഇരട്ടകളായ അഹ്മദിനെയും മുഹമ്മദിനെയും ആരോഗ്യനില ഭദ്രമായതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽനിന്ന് മാറ്റി. റോയൽ കോർട്ട് ഉപദേഷ്ടാവും കിംഗ് സൽമാൻ റിലീഫ് ആന്റ് ഹ്യുമാനിറ്റേറിയൻ എയിഡ് സെന്റർ സൂപ്പർവൈസർ ജനറലും വേർപെടുത്തൽ ശസ്ത്രക്രിയ നടത്തിയ മെഡിക്കൽ സംഘത്തിന് നേതൃത്വം നൽകിയ ഡോക്ടറുമായ അബ്ദുല്ല അൽറബീഅ നാഷണൽ ഗാർഡ് മന്ത്രാലയത്തിനു കീഴിലെ കിംഗ് അബ്ദുല്ല ചിൽഡ്രൻസ് സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിൽ കുട്ടികളെ  സന്ദർശിച്ചു. 

കുട്ടികളുടെ ആന്തരികാവയവങ്ങളെല്ലാം സാധാരണ നിലയിൽ പ്രവർത്തിക്കാൻ തുടങ്ങിയതായി ഡോ. അബ്ദുല്ല അൽറബീഅ പറഞ്ഞു. തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് ഇരുവരെയും കുട്ടികളുടെ വാർഡിലേക്ക് മാറ്റിയിട്ടുണ്ട്. ഇരുവരും സ്വാഭാവിക രീതിയിൽ മുല കുടിക്കാൻ തുടങ്ങിയിട്ടുണ്ട്. മെഡിക്കൽ സംഘവുമായും മാതാപിതാക്കളുമായും കുട്ടികൾ സ്വാഭാവിക നിലയിൽ പ്രതികരിക്കുന്നുണ്ട്. 


പുനരധിവാസ, ഫിസിയോ തെറാപ്പി ഘട്ടം ആരംഭിക്കുന്നതിനു വേണ്ടിയാണ് ഇരുവരെയും കുട്ടികളുടെ വാർഡിലേക്ക് മാറ്റിയത്. പുനരധിവാസ, ഫിസിയോ തെറാപ്പി ഘട്ടം എട്ടു മുതൽ പന്ത്രണ്ടു ആഴ്ച വരെ നീണ്ടുനിൽക്കും. സൗദി അറേബ്യയിൽ ആരോഗ്യ പരിചരണത്തിനു കീഴിൽ ഇരുവരും മൂന്നു മുതൽ നാലു മാസം വരെ തുടരും. ഇതിനു ശേഷം ഇരുവർക്കും സ്വദേശത്തേക്ക് മടങ്ങാനാകുമെന്നാണ് കരുതുന്നതെന്നും ഡോ. അബ്ദുല്ല അൽറബീഅ പറഞ്ഞു. 

നവംബർ 14 നാണ് ലിബിയൻ സയാമീസ് ഇരട്ടകളെ ഡോ. അബ്ദുല്ല അൽറബീഅയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം പതിനാലു മണിക്കൂർ നീണ്ട സങ്കീർണമായ ശസ്ത്രക്രിയയിലൂടെ വിജയകരമായി വേർപെടുത്തിയത്. സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരും നഴ്‌സുമാരും അടക്കം 35 പേർ ശസ്ത്രക്രിയയിൽ ഭാഗഭാക്കായി. മുപ്പതു വർഷത്തിനിടെ സൗദി അറേബ്യയിൽ സയാമീസ് ഇരട്ടകൾക്ക് നടത്തുന്ന 48 ാമത്തെ വേർപെടുത്തൽ ശസ്ത്രക്രിയയാണിത്. 

Latest News