റിയാദ് - നിയമ ലംഘനങ്ങൾക്ക് കൊറിയർ കമ്പനിക്ക് കമ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷൻ (സി.ഐ.ടി.സി) ഒരു ലക്ഷം റിയാൽ പിഴ ചുമത്തി. തപാൽ സേവന ഗുണഭോക്തൃ അവകാശ സംരക്ഷണ ചാർട്ടറിലെ തീരുമാനങ്ങളും നിർദേശങ്ങളും ലംഘിച്ച് നിയമ വിരുദ്ധമായി അധിക ഫീസ് ഈടാക്കിയതിനാണ് കമ്പനിക്ക് പിഴ ചുമത്തിയത്. ഉപയോക്താക്കളെ അറിയിക്കാതെയും അവരുടെ അനുമതി കൂടാതെയും രഹസ്യ ഫീസുകൾ ബാധകമാക്കിയതിനാണ് കൊറിയർ കമ്പനിക്ക് പിഴ ചുമത്തിയതെന്ന് സി.ഐ.ടി.സി പറഞ്ഞു.
ഗുണഭോക്താക്കളിൽ നിന്ന് ലഭിച്ച പരാതികളിൽ അന്വേഷണം നടത്തിയതിന്റെയും സി.ഐ.ടി.സി തീരുമാനങ്ങൾ എത്രമാത്രം പാലിക്കുന്നുണ്ടെന്ന് നിരീക്ഷിച്ചതിന്റെയും ഫലമായാണ് കമ്പനിക്ക് ഒരു ലക്ഷം റിയാൽ പിഴ ചുമത്തിയത്. തപാൽ സേവന ഗുണഭോക്തൃ അവകാശ സംരക്ഷണ ചാർട്ടർ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനും നിയമ ലംഘനങ്ങൾ കണ്ടെത്തി ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിനും തപാൽ സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങളിൽ പരിശോധനകൾ തുടരുമെന്നും കമ്മീഷൻ പറഞ്ഞു.
തപാൽ മേഖലാ സ്ഥാപനങ്ങളുടെ സേവനങ്ങളെ കുറിച്ച പരാതികൾ ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കാണ് ഉപയോക്താക്കൾ ആദ്യം നൽകേണ്ടത്. നിശ്ചിത സമയത്തിനകം പരാതികൾക്ക് സ്ഥാപനങ്ങൾ തൃപ്തികരമായ പരിഹാരം കാണാത്ത പക്ഷം ഉപയോക്താക്കൾക്ക് സി.ഐ.ടി.സിക്ക് പരാതി നൽകാവുന്നതാണ്. 19966 എന്ന നമ്പറിൽ ബന്ധപ്പെട്ടോ സി.ഐ.ടി.സി വെബ്‌സൈറ്റ് വഴിയോ ആണ് പരാതികൾ നൽകേണ്ടത്.