Sorry, you need to enable JavaScript to visit this website.

ഫോണ്‍ ബാറ്ററി കൂടുതല്‍ ലാഭിക്കാം; വാട്‌സാപ്പിന്റെ പുതിയ അപ്‌ഡേറ്റ് വരുന്നു

യൂസര്‍മാര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഡാര്‍ക് തീം പൂര്‍ണതോതില്‍ അവതരിപ്പിക്കുന്നതിനു മുന്നോടിയായി വാട്‌സാപ്പ് ചില അപ്‌ഡേറ്റുകള്‍ അവതരിപ്പിച്ചു. സെറ്റിങ്‌സില്‍ ബാറ്ററി സേവര്‍ എന്ന ഒരു പുതിയ ഒപ്ഷന്‍ കൂടി ഉള്‍പ്പെടുത്തിയാണ് പുതിയ മാറ്റം. ആന്‍ഡ്രോയ്ഡിലാണ് ഈ അപ്‌ഡേറ്റ്. ബാറ്ററി സേവര്‍ സെറ്റിങ്‌സ് പ്രകാരം വാട്‌സാപ്പ് താനെ ഡാര്‍ക് തീം എനേബിള്‍ ചെയ്യും. ബാറ്ററി ചാര്‍ജിന് ആയുസ് കൂട്ടാന്‍ സഹായിക്കുന്ന അപ്‌ഡേറ്റ് വാട്‌സാപ്പ് രഹസ്യങ്ങള്‍ പുറത്തു വിടുന്ന ബ്ലോഗായ WABetaInfo ആണ് റിപോര്‍ട്ട് ചെയ്തത്.

നിങ്ങളുടെ ആന്‍ഡ്രോയ്ഡ് ഫോണിലെ സെറ്റിങ്‌സ് പ്രകാരം ഡാര്‍ക് തീം താനെ എനേബിള്‍ ചെയ്യാനും ഡിസേബ്ള്‍ ചെയ്യാനും വാട്‌സാപ്പിനു കഴിയുമെന്നാണ് ബ്ലോഗറുടെ കണ്ടെത്തല്‍. നിലവിലുള്ള വേര്‍ഷനില്‍ Set by Battery Saver  എന്നൊരു ഒപ്ഷന്‍ കാണാം. ഈ സെറ്റിങ്‌സ് അനുസരിച്ച് വാട്‌സാപ്പിന് ഫോണിന്റെ ബാറ്ററി സേവര്‍ സ്റ്റാറ്റസ് കണ്ടെത്താന്‍ കഴിയും. ബാറ്ററിയിലെ ചാര്‍ജിന്റെ നില ഒരു നിശ്ചിത പരിധിക്കു താഴെയാണെങ്കില്‍ ആപ് താനെ ഡാര്‍ക് മോഡിലേക്കു മാറും. ഈ അപ്‌ഡേറ്റ് ആന്‍ഡ്രോയ്ഡ് 9 പതിപ്പിനും അതിനു താഴെയുള്ള പതിപ്പുകളിലും മാത്രമെ ഇപ്പോള്‍ ലഭിക്കുന്നുള്ളൂ. ആന്‍ഡ്രോയ്ഡ് 10ല്‍ ലഭ്യമല്ല. ഈ പതിപ്പില്‍ സിസ്റ്റം സെറ്റിങ് അനുസരിച്ചായിരിക്കും ഡാര്‍ക് മോഡ് പ്രവര്‍ത്തിക്കുക. അതായത് ഫോണ്‍ ഡാര്‍ക് മോഡിലാണെങ്കില്‍ വാട്‌സാപ്പും ഡാര്‍ക് മോഡില്‍ ലഭിക്കും. വോയ്‌സ് കോള്‍ സക്രീനുകള്‍ ലൈറ്റ്, ഡാര്‍ക് മോഡുകളിലും ലഭിക്കുന്ന മറ്റൊരു പരിഷ്‌ക്കരണവും ഉണ്ട്. 

ബീറ്റാ വേര്‍ഷനിലാണ് ഈ അപ്‌ഡേറ്റുകള്‍ ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. എല്ലാവര്‍ക്കും ലഭിക്കാനിടയില്ല. ഇതുകൊണ്ട് ദുഖിക്കേണ്ടതുമില്ല. പുതിയ ഡാര്‍ക് മോഡി ഉടന്‍ വാട്‌സാപ്പ് എല്ലാവര്‍ക്കുമായി അവതരിപ്പിക്കും.
 

Latest News