എയര്‍ ഇന്ത്യ ജിദ്ദ- കൊച്ചി സര്‍വീസ് മുടങ്ങി; യാത്രക്കാര്‍ ദുരിതത്തില്‍

ജിദ്ദ- എയര്‍ ഇന്ത്യയുടെ ജിദ്ദ- കൊച്ചി സര്‍വീസ് മുടങ്ങിയതുമൂലം നൂറുക്കണക്കിന് യാത്രക്കാര്‍ ദുരിതത്തിലായി. ചൊവ്വാഴ്ച രാത്രി 11.15 ന് പോകേണ്ടിയിരുന്ന സര്‍വീസാണ് മുടങ്ങിയത്. ബുധനാഴ്ച കൊച്ചിയിലേക്ക് സര്‍വീസ് ഇല്ലാത്തതിനാല്‍ ഇനി വ്യാഴം വൈകുന്നേരം നാലു മണിക്കേ മുടങ്ങിയ സര്‍വീസിലെ യാത്രക്കാര്‍ക്ക് പോകാന്‍ കഴിയൂ.

കുറഞ്ഞ അവധിക്ക് അത്യാവശ്യത്തിന് നാട്ടില്‍ പോകാന്‍ വന്നവരാണ് ഇതുമൂലം ഏറെ കഷ്ടത്തിലായത്. അഞ്ച് ഉംറ ഗ്രൂപ്പുകാരും യാത്ര മുടങ്ങി ജിദ്ദയില്‍ കുടുങ്ങിയവരില്‍ ഉള്‍പ്പെടും. ഉംറ തീര്‍ഥാടകരില്‍ അധികപേരും പ്രായമായവരും രോഗികളുമായതിനാല്‍ തങ്ങള്‍ ഏറെ കഷ്ടത്തിലാണെന്ന് ഗ്രൂപ്പ് അമീര്‍മാര്‍ പറഞ്ഞു.

വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക

ഹോട്ടലില്‍ താമസവും ഭക്ഷണവും ലഭിക്കുന്നുണ്ടെങ്കിലും എപ്പോള്‍ നാട്ടിലേക്കു മടങ്ങാനാവുമെന്നതില്‍ കൃത്യമായ വിവരം എയര്‍ ഇന്ത്യയുടെ ഭാഗത്തുനിന്ന് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് യാത്രക്കാര്‍ പരാതിപ്പെട്ടു.

സാങ്കേതിക തകരാറാണ് സര്‍വീസ് മുടങ്ങാന്‍ കാരണമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. മുംബൈ വഴിയും മറ്റും പോകാന്‍ സൗകര്യപ്പെട്ടവര്‍ക്ക് യാത്രാ സൗകര്യം നല്‍കിയെന്നും അല്ലാത്തവര്‍ക്ക് ഹോട്ടലില്‍ താമസ സൗകര്യവും ഭക്ഷണവും ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നും എയര്‍ ഇന്ത്യ അധികൃതര്‍ പറഞ്ഞു.

ബുധനാഴ്ച കൊച്ചിയിലേക്ക് സര്‍വീസ് ഇല്ലാത്തതിനാലാണ് ഒരു ദിവസംകൂടി ഇവര്‍ക്ക് ജിദ്ദയില്‍ കഴിയേണ്ടി വന്നതെന്നും വ്യാഴം വൈകുന്നേരം നാലു മണിക്ക് യാത്രക്കാര്‍ക്ക് കൊച്ചിയിലേക്ക് പോകാനാവുമെന്നും അവര്‍ വെളിപ്പെടുത്തി.  


 

 

Latest News