കരിപ്പൂരിൽ വലിയ വിമാനങ്ങൾ തിരിച്ചെത്തിയിട്ട് ഒരു വർഷം; യാത്രക്കാർക്ക് ഇന്ന് സ്വീകരണം

കൊണ്ടോട്ടി- കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾ തിരിച്ചെത്തിയിട്ട് ഒരുവർഷം. കഴിഞ്ഞ ഡിസംബർ അഞ്ചിനാണ് സൗദി എയർലൈൻസിന്റെ വലിയ വിമാനം ജിദ്ദയിലേക്ക് സർവീസ് ആരംഭിച്ചത്. ഇതിന്റെ ഓർമ പുതുക്കാൻ ഇന്ന് പൂക്കളും മധുരവും നൽകി മലബാർ ഡവലപ്പ്‌മെന്റ് ഫോറം കരിപ്പൂരിൽ യാത്രക്കാരെ സ്വീകരിക്കും. കരിപ്പൂരിൽ എയർപോർട്ട് ഡയറക്ടർ ഉൾപ്പടെ മൂന്ന് ഉദ്യോഗസ്ഥരെ എം.ഡി.എഫ് ആദരിക്കുമെന്നും പ്രസിഡണ്ട് കെ.എം.ബഷീർ പറഞ്ഞു.
2015 മെയ് മുതൽ റൺവേ റീ-കാർപറ്റിംഗ് പ്രവൃത്തികൾ തുടങ്ങിയതിനെ തുടർന്നാണ് കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. പ്രവൃത്തികൾ പൂർത്തീകരിച്ചെങ്കിലും പിന്നീട് അനുമതി പുനഃസ്ഥാപിച്ചില്ല. പിന്നീട് ശക്തമായ പ്രതിഷേധത്തിനു പിന്നാലെയാണ് സൗദി എയർലൈൻസ് ജിദ്ദ സർവീസ് ആരംഭിച്ചത്. 
വലിയ വിമാനങ്ങൾക്ക് അനുമതി ആയെങ്കിലും സൗദിയ ഒഴികെയുള്ള വിമാനങ്ങൾ ഇതുവരെ സർവീസ് ആരംഭിച്ചിട്ടില്ല. എയർഇന്ത്യ ഈ മാസം 25 ന് സർവീസ് ആരംഭിക്കുമെന്ന് അറിയിച്ചെങ്കിലും ടിക്കറ്റ് ബുക്കിംഗ് തുടങ്ങിയിട്ടില്ല. കരിപ്പൂരിലെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ 12 ന് ദൽഹിയിൽ യോഗം ചേരുന്നുണ്ട്.

Latest News