Sorry, you need to enable JavaScript to visit this website.

യുവാവിനെ ആക്രമിച്ച് കുഴൽപണം തട്ടി;  സി.പി.എം നേതാക്കളും പഞ്ചായത്തംഗവും അറസ്റ്റിൽ

കുഴൽപണം കൊള്ളയടിച്ച പ്രതികൾ പോലീസുകാർക്കൊപ്പം. 

തലശ്ശേരി- ബൈക്കിൽ കുഴൽപണവുമായി വരികയായിരുന്ന യുവാവിനെ ആക്രമിച്ച് പരിക്കേൽപിച്ച് 8,64,000 രൂപ കൊള്ളയടിച്ച സംഘത്തിലെ മൂന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്തവരിൽ സി.പി.എം ബ്രാഞ്ചംഗങ്ങളും പഞ്ചായത്തംഗവും. പാനൂർ മുത്താറിപ്പീടികയിലെ തൈക്കണ്ടിയിൽ വീട്ടിൽ ജുബീഷ്(30), മൊകേരി കടേപ്രം കൃഷ്ണാലയത്തിൽ കെ.എം.സനിൽ(28), മൊകേരി കടേപ്രത്തെ ബൈത്തുൽ സൈനയിൽ എം.പി.ഷിനോസ് (26) എന്നിവരെയാണ് തലശ്ശേരി ഡിവൈ.എസ്.പി കെ.വി വേണുഗോപാലിന്റെ നിർദേശ പ്രകാരം പാനൂർ സി.ഐ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

 

പാനൂർ സ്വദേശി ലത്തീഫ് ഹവാല പണവുമായി പകൽ 11 മണിയോടെ ബൈക്കിൽ വരുന്നതിനിടെയാണ് സംഘം തടഞ്ഞുനിർത്തി ക്രൂരമായി ആക്രമിച്ച് പണം കവർന്നത്. സംഘത്തിൽ ഇനിയും നാല് പേരെ കൂടി അറസ്റ്റ് ചെയ്യാനുണ്ടെന്ന് പോലീസ് പറഞ്ഞു. ഇതിൽ സി.പി.എമ്മിന്റെ മറ്റൊരു ഗ്രാമപഞ്ചായത്തംഗവും ഉൾപ്പെടുന്നതായി വിവരമുണ്ട്. ഇന്നലെ പിടിയിലായ ജുബീഷ് ഗ്രാമ പഞ്ചായത്ത് അംഗമാണ്. ജുബീഷും സനിലും സി.പി.എം അംഗങ്ങളാണെന്ന് പോലീസ് പറഞ്ഞു. പിടിയിലായവരിൽ നിന്ന് കൊള്ളയടിച്ചു കിട്ടിയ വിഹിതം കണ്ടെടുക്കാൻ സാധിച്ചതായി പോലീസ് പറഞ്ഞു.

 


പാനൂർ, കൂത്തുപറമ്പ്, ചൊക്ലി പ്രദേശങ്ങളിൽ ഏറെ കാലമായി ഹവാല പണം തട്ടിയെടുക്കുന്ന വൻ ക്രിമിനൽ സംഘം പ്രവർത്തിച്ച് വരികയാണെന്നും പോലീസ് ഇത്തരക്കാരെ വലയിലാക്കാൻ ശ്രമം നടത്തുന്നതിനിടെയാണ് മൂന്ന് പ്രതികൾ പിടിയിലായതെന്നും ഡിവൈ.എസ്.പി പറഞ്ഞു. കണ്ണൂർ ജില്ലയിലെ രാഷ്ട്രീയ അക്രമങ്ങൾ കുറഞ്ഞതോടെ രാഷ്ട്രീയ പാർട്ടികളുടെ തണലിൽ വളർന്ന ക്രിമിനൽ സംഘം കുഴൽപണ മാഫിയക്കാരെ കൊള്ളയടിച്ച് സന്തോഷകരമായ ജീവിതം നയിച്ചു വരികയായിരുന്നു. കുഴൽപണമായതിനാൽ ഇത്തരക്കാർ പരാതിപ്പെടാനും പോകില്ലെന്ന ധൈര്യമാണ് ഈ മേഖല രാഷ്ട്രീയ ക്രിമിനലുകൾ തെരഞ്ഞെടുക്കാൻ കാരണമായതും. ഹവാല ഇടപാടുമായി ബന്ധപ്പെട്ട കേസെന്ന നിലയിൽ ഇത് എൻഫോഴ്‌സ്‌മെന്റിന് കൈമാറുമെന്ന് പോലീസ് പറഞ്ഞു. പിടിയിലാകാനുള്ള മറ്റ് പ്രതികളെ തിരിച്ചറിഞ്ഞതായും ഉടൻ പിടിയിലാകുമെന്നും ഡിവൈ.എസ്.പി വേണുഗോപാൽ പറഞ്ഞു.

Latest News