സൊഹ്‌റാബുദ്ധീന്‍ ഷെയഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വന്‍സാരയെ കുറ്റവിമുക്തനാക്കി

മുംബൈ- സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രതിയായ ഗുജറാത്തിലെ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ ഡി.ജി വന്‍സാരയെ പ്രത്യേക സിബിഐ കോടതി കുറ്റവിമുക്തനാക്കി. തെളിവുകളുടെ അഭാവത്തിലാണ് കോടതി വിധി. പ്രൊസിക്യൂഷന്റെ കണ്ടെത്തലുകളും ഹാജരാക്കിയ രേഖകളും പരിഗണിക്കുമ്പോള്‍ വന്‍സാരക്കെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുകളൊന്നുമില്ലെന്ന് കോടതി പറഞ്ഞു. ഈ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് അറസ്റ്റിലായിരുന്ന ബിജെപിയുടെ ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പെടെ നിരവധി നേതാക്കളെയും നേരത്തെ കോടതി കുറ്റ വിമുക്തനാക്കിയിരുന്നു. കേസില്‍ വന്‍സാരയോടൊപ്പം രാജസ്ഥാന്‍ കേഡര്‍ ഐ പി എസ് ഓഫീസറായ ദിനേഷ് എം.എന്‍നേയും കോടതി കുറ്റവിമുക്തനാക്കിയിട്ടുണ്ട്. 

ഈ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ 2007-ലാണ് ഡി.ഐ.ജിയായിരുന്ന വന്‍സാര അറസ്റ്റിലായത്. ഏഴര വര്‍ഷത്തെ ജയില്‍വാസത്തിനു ശേഷം 2015-ല്‍ ജാമ്യം നേടി പുറത്തിറങ്ങി. ഏറെ കോളിളക്കം സൃഷ്ടിച്ച ഗുജറാത്തിലെ മറ്റു കുപ്രസിദ്ധ വ്യാജ ഏറ്റമുട്ടല്‍ കേസുകളായ ഇസ്രത്ത് ജഹാന്‍, തുളസി പ്രജാപതി, സാദിഖ് ജമാല്‍ വധങ്ങള്‍ ഉള്‍പ്പെടെ ഗുജറാത്ത് പൊലീസ് നടത്തിയ നിരവധി വ്യാജ ഏറ്റുമുട്ടലുകളില്‍ വന്‍സാരയ്ക്ക് പങ്കുള്ളതായി അന്വേഷണ സംഘങ്ങള്‍ കണ്ടെത്തിയിരുന്നു. മൂന്ന് വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ ഒന്നാം പ്രതിയാണ് വന്‍സാര. 

2004-ല്‍ മലയാളിയായ പ്രാണേഷ് പിള്ളയും ഇസ്രത്ത് ജാഹനും അടക്കം നാലു പേരെ വധിച്ച കേസിലും 2005-ല്‍ സൊഹ്‌റാബുദ്ധീന്‍ ഷെയ്ഖിനേയും ഭാര്യയേയും വധിച്ച കേസിലുമാണ് വന്‍സാരയ്‌ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. അറസ്റ്റിലാകുമ്പോള്‍ വന്‍സാര അഹമ്മദാബാദില്‍ ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി കമ്മിഷണര്‍ ആയിരുന്നു. മുംബൈയില്‍ കോളെജ് വിദ്യാര്‍ത്ഥിയായ ഇസ്രത്തും പ്രാണേഷ് പിള്ളയും മറ്റു രണ്ടുപേരും ലഷ്‌കറെ ത്വയ്ബ ഭീകരരായിരുന്നു എന്നാണ് ഇവരെ ഏറ്റുമുട്ടലില്‍ വധിച്ച ശേഷം വന്‍സാരയുടെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് കേസ് അന്വേഷിച്ച സിബിഐ ഇത് വ്യാജ ഏറ്റുമുട്ടലാണെന്ന് കണ്ടെത്തി.

ഈ വര്‍ഷം ഗുജറാത്തില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുമെന്ന് വ്യക്തമാക്കി ഈയിടെ വന്‍സാര വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. എന്നാല്‍ ഏതു പാര്‍ട്ടിയുടെ ടിക്കറ്റിലാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഗുജറാത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും തന്റെ രാഷ്ട്രീയ പ്രവേശനം സമയമാകുമ്പോള്‍ വെളിപ്പെടുത്തുമെന്നുമാണ് അദ്ദേഹം പറഞ്ഞിരുന്നത്.

Latest News