Sorry, you need to enable JavaScript to visit this website.

ഒരു ഭിന്നശേഷി സൗഹൃദ ദിനം കൂടി കടന്നുപോയപ്പോൾ

ഡിസംബർ മൂന്നിന് ഒരു ഭിന്നശേഷി സൗഹൃദ ദിനം കൂടി കടന്നുപോയി. ഭിന്നശേഷിക്കാർ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് നിരവധി ചർച്ചകൾ നടക്കുമ്പോഴും കേരളം ഇനിയും ഭിന്നശേഷി സൗഹൃദമായിട്ടുണ്ടോ എന്നു ചോദിച്ചാൽ ഇല്ലെന്നു തന്നെ പറയേണ്ടിവരും.
ശാരീരികമോ മാനസികമോ ബുദ്ധിപരമോ ഇന്ദ്രിയ സംബന്ധിയോ വൈകാരികമോ പോഷണ സംബന്ധിയോ വികസനപരമോ ആയ ഹാനികൾ, അവയുടെ കൂടിച്ചേരലുകൾ എന്നിവ കാരണം വ്യക്തികൾക്കോ സമൂഹങ്ങൾക്കോ സൃഷ്ടിക്കപ്പെടുന്ന പ്രശ്നങ്ങളുടെ പരിണത ഫലമാണ് ഭിന്നശേഷിയായി അംഗീകരിക്കപ്പെടുന്നത്. 'വൈകല്യമുള്ളവരിൽ ഉൾപ്പെടുന്നത് ശാരീരികമോ മാനസികമോ ബുദ്ധിപരമോ സംവേദനപരമോ ആയ ബലഹീനതകൾ ഉള്ളവരും ഇത്തരം ബലഹീനതകൾ വിവിധ പ്രതിബന്ധങ്ങളുമായി സമ്പർക്കം പുലർത്തുന്നതു കാരണം മറ്റുള്ളവർക്കൊപ്പം തുല്യ അളവിൽ, സമൂഹത്തിൽ പൂർണവും ഗുണപരവുമായ ഇടപെടലുകൾ നടത്തുന്നതിന് കഴിയാത്തവരുമാണ്.'' ലോകാരോഗ്യ സംഘടന ഭിന്നശേഷിയെ ഇങ്ങനെ നിർവചിക്കുന്നു: ശേഷിക്കുറവ് എന്ന് പൊതുവെ കണക്കാക്കപ്പെടുന്ന അവസ്ഥകളെ, ധനാത്മകമായ  കാഴ്ചപ്പാടിൽ കാണാൻ ശ്രമിക്കുമ്പോഴാണ് ഭിന്നശേഷി എന്ന ആശയം ഉണ്ടാവുന്നത്. ഇത്തരം വ്യക്തികൾക്കും സമൂഹങ്ങൾക്കും ശേഷിക്കുറവ് അല്ല, പരമ്പരാഗത സങ്കൽപങ്ങളിൽ നിന്നും വിഭിന്നങ്ങളായ ശേഷികളാണുള്ളത് എന്നതാണ് ഈ ആശയത്തിന്റെ കാതൽ.
മുൻകാലങ്ങളിൽ ഭിന്നശേഷി ഒരു വൈദ്യശാസ്ത്ര വിഷയമായാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ യു.എൻ.സി ആർ.പി.ഡി, ലോകാരോഗ്യസംഘടന എന്നിവരുടെ പുതുക്കിയ കാഴ്ചപ്പാടുകൾ അനുസരിച്ച്,  ഭിന്നശേഷിയെ വൈദ്യശാസ്ത്ര പരമായ നിർവചനങ്ങളിൽ നിന്ന് സാമൂഹികമായ നിർവചനത്തിലേക്ക് കൊണ്ടുവരുന്നു. അതായത് വൈകല്യത്തിന്റെ പ്രധാന സ്രോതസ്സ് ഒരാളുടെ ശാരീരികമോ മാനസികമോ, ബുദ്ധിപരമോ സംവേദനപരമോ ആയ ബലഹീനതകളല്ല, പകരം, അത്തരം ബലഹീനതകൾ സമൂഹത്തിലെ അല്ലെങ്കിൽ മറ്റു ഘടനകളിലെ തടസ്സങ്ങളിൽ തട്ടുന്നതു കാരണം പൂർണവും ഗുണപരവുമായ സാമൂഹ്യ ഇടപടലുകൾ നടത്താൻ കഴിയാത്ത അവസ്ഥയാണ് എന്നാണ് ഈ നിർവചനം വ്യക്തമാക്കുന്നത്. വൈകല്യങ്ങളെ ഒഴിവാക്കുന്നതിന് കേവലം വൈദ്യശാസ്ത്രപരമായ പ്രവർത്തനങ്ങൾ മാത്രം മതിയാവില്ല എന്നും അതിന് മുകളിൽ സൂചിപ്പിച്ച ''തടസ്സങ്ങളെ''യാണ് ശ്രദ്ധിക്കേണ്ടതെന്നും ഈ സംഘടനകൾ വാദിക്കുന്നു. സമൂഹങ്ങളുടെ ബോധപൂർവമായ പ്രവർത്തനങ്ങളിലൂടെ ഇത്തരം തടസ്സങ്ങൾ ഒഴിവാക്കപ്പെടുമ്പോൾ വൈകല്യം ഭിന്നശേഷിയായി മാറ്റപ്പെടുന്നു. അതിനാൽ തന്നെ ഇതൊരു സാമൂഹ്യ വിഷയവുമാണ്. 
തങ്ങൾ വികലാംഗരല്ലെന്നും ഭിന്നശേഷിക്കാരാണെന്നും അവകാശപ്പെട്ട് ജീവിതത്തിന്റെ സമസ്ത മേഖലകളിലും തുല്യതക്കായുള്ള പോരാട്ടങ്ങളിലാണ് കേരളത്തിലും ഭിന്നശേഷിക്കാർ.  ഏറെ ഗുണകരമായ വിധത്തിൽ അവരുടെ അവകാശങ്ങൾക്കായുള്ള ബിൽ പാർലിമെന്റിൽ നിലവിലുണ്ട്. ഭിന്നശേഷിക്കാരുടെ അവകാശങ്ങൾക്കായുള്ള ഐക്യരാഷ്ട്ര സഭ കൺവെൻഷനിലെ വ്യവസ്ഥകൾ മിക്കവാറും ഉൾക്കൊള്ളുന്നതാണ് ബിൽ.  ഭിന്നശേഷിക്കാർക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അഞ്ച് ശതമാനം സംവരണവും സർക്കാർ ജോലികളിൽ നാല് ശതമാനം സംവരണവും ബിൽ വ്യവസ്ഥ ചെയ്യുന്നു. സ്വകാര്യ ജോലികളിൽ അഞ്ച് ശതമാനം സംവരണത്തിനും വ്യവസ്ഥയുണ്ട്. നേരത്തെ അന്ധത, കാഴ്ചക്കുറവ്, ഭേദമായ കുഷ്ഠരോഗം, കേൾവിക്കുറവ്, ചലന വൈകല്യം, മാനസിക രോഗം, മാനസിക വളർച്ചക്കുറവ് തുടങ്ങിയ ഏഴ് തരം വൈകല്യമുള്ളവർക്കായിരുന്നു ഭിന്നശേഷിക്കാർക്കുള്ള പരിഗണന ലഭിച്ചിരുന്നത്. 
പുതിയ ബില്ലിലൂടെ 21 തരം വൈകല്യമുള്ളവർക്ക് എല്ലാ അവകാശങ്ങളും ആനുകൂല്യങ്ങളും ലഭിക്കും. ആസിഡ് ആക്രമണത്തിനിരയാകുന്നവരെയും  പാർകിൻസൺസ് രോഗത്തിനിരയായവരെയും സെറിബ്രൽ പാൾസി, ഓട്ടിസം, തലാസീമിയ എന്നിവ ബാധിച്ചവരെയും ഭിന്നശേഷിക്കാരായി പരിഗണിക്കും.  ഏറ്റവും ശ്രദ്ധേയമായ സംഗതി നേരത്തെ ലഭ്യമാകാതിരുന്ന പൊതുസ്ഥലങ്ങളിൽ പ്രവേശനത്തിനുള്ള അവകാശം പുതിയ ബിൽ നൽകുന്നു എന്നതാണ്. കെട്ടിടങ്ങൾ, സ്ഥാപനങ്ങൾ എന്നിവയടക്കമുള്ള പൊതു ഇടങ്ങൾ ഭിന്നശേഷിക്കാർക്ക് കൂടി പ്രവേശനം സാധ്യമാകുന്ന വിധത്തിലാകണമെന്നു ബില്ലിൽ വ്യവസ്ഥയുണ്ട്.  ഭിന്നശേഷിയുടെ പേരിൽ ജോലിയുടെ കാര്യത്തിൽ വിവേചനം പാടില്ല. ഈ അവകാശങ്ങൾ ഹനിക്കുന്നവർക്ക് ശിക്ഷയും വ്യവസ്ഥ ചെയ്യുന്നു.
കേരളത്തിലും ഇത്തരമൊരു സമീപനം പൊതുവിൽ സ്വീകരിക്കപ്പെടുന്നുണ്ട്. ഭിന്നശേഷിക്കാർക്ക് സ്ഥിതിസമത്വം കൈവരിക്കാൻ സഹായിക്കുന്ന നയസമീപനത്തിന് രൂപം കൊടുത്തിട്ടുണ്ട്.   അംഗപരിമിതർക്ക് അധികാരത്തിൽ പങ്കാളിത്തം ഉറപ്പാക്കണമെന്ന് നിർദേശിക്കുന്ന കരട് രേഖയിൽ തെരഞ്ഞെടുക്കപ്പെടുന്ന എല്ലാ രംഗങ്ങളിലും ഈ വിഭാഗത്തിന്റെ പ്രതിനിധി വേണമെന്നും വ്യവസ്ഥയുണ്ട്. ജനപ്രതിനിധി സഭകളിൽ വനിതകൾക്കും പട്ടികജാതി വർഗ വിഭാഗങ്ങൾക്കുമെന്ന പോലെ അംഗപരിമിതർക്കും ആനുപാതിക സംവരണം വേണം. പൊതുയാത്രാ സംവിധാനങ്ങളും നിരത്തുകളും സേവന സംവിധാനങ്ങളും ഭിന്നശേഷി സൗഹൃദപരമാക്കാൻ ഭരണാധികാരികൾ മുൻകൈ എടുക്കണം. ഇപ്പോൾ ദീർഘദൂര ട്രെയിനുകളിൽ മാത്രമാണ് വിഭിന്ന ശേഷിയുള്ളവർക്ക് യാത്രാസൗജന്യമുള്ളത്. എന്നാൽ ഇങ്ങനെ യാത്ര ചെയ്യുന്നവരുടെ എണ്ണം വിരളമാണ്. പ്രാദേശികത ലത്തിൽ ലോക്കൽ ട്രെയിനുകളിലും പാസഞ്ചർ ട്രെയിനുകളിലും യാത്രാസൗജന്യം അനുവദിക്കണം. പൊതുയിടങ്ങളെല്ലാം വിഭിന്ന ശേഷിയുള്ളവർക്കു കൂടി ഉപയോഗിക്കാവുന്ന രീതിയിലായിരിക്കണം രൂപപ്പെടുത്തേണ്ടത്.  
ഹോട്ടലുകളിലും തിയേറ്റുകളിലും റോഡുകളിലും വാഹനങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും വിദ്യാലയങ്ങളിലും കാര്യാലയങ്ങളിലും ഫുട്പാത്തുകളിലും എന്തിന് വീടു നിർമിക്കുമ്പോഴും എവിടെയും വിഭിന്ന ഗുണമുള്ളവർക്കുള്ള സൗകര്യങ്ങൾ അനിവാര്യമാണ്. അത് ഔദാര്യമാകരുത്, അവകാശമാകണം. വിഭിന്ന ശേഷിയുള്ളവർക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ഏക ഹെൽത്ത് കാർഡ് സംവിധാനം രാജ്യത്താകെ ഏർപ്പെടുത്തണം. ഇപ്പോൾ അതത് സംസ്ഥാന സർക്കാറുകളാണ് സർട്ടിഫിക്കറ്റുകൾ നൽകുന്നത്. ഇതിന് അന്യസംസ്ഥാനങ്ങളിൽ അംഗീകാരമില്ല. അതുപോലെ ആംഗ്യഭാഷ പാഠ്യപദ്ധതിയുടെ ഭാഗമാക്കാനും ആവശ്യമുണ്ട്. തങ്ങൾ മാത്രമല്ല, മറ്റുള്ളവരും അതു പഠിച്ചാൽ മാത്രമല്ലേ ആശയവിനിമയം സാധ്യമാകൂ എന്നവർ ചോദിക്കുന്നു. സർക്കാർ വകുപ്പുകളെ സമന്വയിപ്പിച്ച് ഭിന്നശേഷിക്കാർക്ക് പ്രത്യേക വകുപ്പ് രൂപവൽക്‌രിക്കാനും മന്ത്രിയെ ചുമതലപ്പെടുത്താനുമുള്ള ആവശ്യം ശക്തമായി നിലവിലുണ്ട്.  തമിഴ് നാടു പോലുള്ള സംസ്ഥാനങ്ങൾ ഇക്കാര്യത്തിൽ ഏറെ മുന്നോട്ടു പോയിട്ടുണ്ട്. 
അവിടെ ഇവർക്കായി മന്ത്രിയുണ്ട്, നിരവധി പദ്ധതികളുണ്ട്. ആ മാതൃക സ്വീകരിക്കാവുന്നതാണ്. ഭിന്നശേഷിക്കാരുടെ പല സംഘടനകളും ഈ ആവശ്യം ശക്തമായി ഉന്നയിക്കുന്നുണ്ട്. എന്തായാലും ആ ദിശയിലുള്ള നീക്കവും ഇപ്പോൾ സജീവമായിട്ടുണ്ട്. ഭിന്നശേഷിക്കാർക്ക് സ്ഥിതിസമത്വം കൈവരിക്കാൻ സഹായിക്കുന്ന നയസമീപനത്തിന്റെ കരട് രേഖ തയാറായി. 
സർക്കാർ വകുപ്പുകളെ സമന്വയിപ്പിച്ച് ഭിന്നശേഷിക്കാർക്ക് പ്രത്യേക വകുപ്പ് രൂപവൽക്കരിക്കാനും മന്ത്രിയെ ചുമതലപ്പെടുത്താനും വ്യവസ്ഥ ചെയ്യുന്നതാണ് കരടിലെ പ്രധാന വ്യവസ്ഥ. ഗവ. സെക്രട്ടറി, സാമൂഹിക നീതി വകുപ്പ് ഡയറക്ടർ, സംസ്ഥാന വികലാംഗ ക്ഷേമ കോർപറേഷൻ എം.ഡി എന്നിവരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ അവതരിപ്പിച്ച കരടിൽ വികലാംഗ ക്ഷേമ സംഘടനയുടെ നിർദേശങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് ഗവ. സെക്രട്ടറിക്ക് കൈമാറിയത്.
അതേസമയം ഭിന്നശേഷിക്കാർക്കായി നിരവധി പദ്ധതികൾ നിലവിലുണ്ടെങ്കിലും അതവരിലെത്തുന്നില്ല എന്ന പരാതിയും ശക്തമാണ്. മുഴുവൻ സമയ സഹായിയെ ആവശ്യമുള്ളവർക്ക് പ്രതിമാസം 600 രൂപ വരെ അനുവദിക്കുന്ന ആശ്വാസ കിരണം, തൊഴിൽ രഹിതർക്ക് ചെറുസംരംഭങ്ങൾ ആരംഭിക്കാൻ പരമാവധി 50,000 രൂപ നൽകുന്ന ൈവകല്യ, തീവ്രമാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളെ സംരക്ഷിക്കാൻ മാതാവിന് സ്വയംസംരഭകത്തിനായി 35,000 രൂപ വരെ സഹായിക്കുന്ന സ്വാശ്രയ പദ്ധതി, അംഗപരിമിതർക്ക് അടിയന്തര സഹായം അനുവദിക്കുന്ന പരിരക്ഷാ പദ്ധതി, ഇലക്ട്രിക് ചക്ര കസേരാ പദ്ധതി എന്നിങ്ങനെ പല പദ്ധതികളെ കുറിച്ചും ആവശ്യക്കാർക്ക് അറിയില്ല.
ഭിന്നശേഷിയുള്ളവരെ ഇപ്പോഴും വികലാംഗരെന്നാണ് കേരളീയ സമൂഹം വിശേഷിപ്പിക്കുന്നത്. അവരുടെ പല സംഘടനകൾക്കു പോലും ആ പേരാണ്. തങ്ങൾ വികലാംഗരല്ല എന്നും വിഭിന്ന ശേഷിയുള്ളവരാണെന്നും അവരിലെ ആത്മാഭിമാനമുള്ളവർ എത്രയോ തവണ പ്രഖ്യാപിച്ചിട്ടുള്ളതാണ്. 
എന്നാലും നാമവരെ വിളിക്കുക വികലാംഗർ എന്ന്. രണ്ടു പദങ്ങളും തമ്മിൽ വലിയ വ്യത്യാസമുണ്ടല്ലോ. പണ്ട് തങ്ങളെ ഹരിജനങ്ങൾ എന്നു വിളിക്കരുതെന്ന് ദളിതർ പറഞ്ഞതു പോലെ തന്നെയാണിതും. റശമെയഹലറ, വമിറശരമുുലറ  തുടങ്ങിയ പദങ്ങളിൽ തങ്ങളെ വിശേഷിപ്പിക്കരുതെന്നും തങ്ങൾ  റശളളലൃലിഹ്യേ മയഹലറ  ആണെന്നും ലോകവ്യാപകമായി തന്നെ അവരുടെ സംഘടനകൾ പ്രഖ്യാപിച്ചിട്ടുണ്ട്. അതിന്റെ മലയാളമായാണ് ഭിന്നശേഷിയുള്ളവർ എന്ന പദം ഉപയോഗിക്കുന്നത്. ആത്മാഭിമാനത്തോടെയാണ് അവർ ആ പദം ഉപയോഗിക്കുന്നത്. തുല്യതക്കും സാമൂഹ്യ നീതിക്കുമായുള്ള അവരുടെ പോരാട്ടങ്ങളെ പിന്തുണക്കാൻ കേരള സമൂഹം ഇനിയും മുന്നോട്ടു വരേണ്ടിയിരിക്കുന്നു.

Latest News