Sorry, you need to enable JavaScript to visit this website.

ജഞാനപീഠ പുരസ്‌കാര വേളയിൽ ചർച്ച ചെയ്യേണ്ടത്

ജാതിയെന്നത് നമ്മൾ വിചാരിച്ചാൽ ഇല്ലാതാകുന്ന ഒന്നല്ല. ഏറ്റവും മുകളിൽ നിന്ന് ഏറ്റവും താഴെ വരെ അടിമുടി ജനാധിപത്യ വിരുദ്ധമായി നിലനിൽക്കുന്ന ഒരു സംവിധാനമാണ്. ജാതിയില്ലെന്ന് ഒരാളോ കുറെ പേരോ വിചാരിച്ചാൽ ഇല്ലാതാകുന്നതല്ല അത്. അതൊരു സാമൂഹ്യ യാഥാർത്ഥ്യമാണ്. സവർണ വിഭാഗങ്ങൾക്ക് എന്നുമതിന്റെ ആനുകൂല്യം ലഭിക്കുന്നു. അതിന്റെ പ്രകടമായ ഉദാഹരണമാണ് നമ്പൂതിരിമാരും നായന്മാരും പിള്ളമാരുമൊക്കെ ജ്ഞാനപീഠം നേടുന്നത്. ആ വിഷയം ചർച്ച ചെയ്യപ്പെടേണ്ടതാണ്. അതിനുള്ള ഏറ്റവും മികച്ച അവസരം തന്നെയാണിത്. അക്കിത്തത്തിന് പുരസ്‌കാരത്തിന് അർഹതയുണ്ടോ, അതിനേക്കാൾ അർഹതയുള്ളവരില്ലേ എന്നതിന് ഈ ചർച്ചയിൽ വലിയ പ്രസക്തിയൊന്നുമില്ല. 

അക്കിത്തം അച്യുതൻ നമ്പൂതിരിക്ക് ജ്ഞാനപീഠം പുരസ്‌കാരം ലഭിച്ചതിനെ തടർന്ന് സാമൂഹ്യ മാധ്യമങ്ങളിൽ ഉയർന്ന ചർച്ചകളും സംവാദങ്ങളും നമ്മുടെ സാമൂഹ്യ ജീവിതത്തിന്റെ, പലരും മറച്ചുവെക്കാനാഗ്രഹിക്കുന്ന തലങ്ങളിലേക്ക് വെളിച്ചം വീശുന്നതാണ്. ഏതു പുരസ്‌കാരം പ്രഖ്യാപിച്ചാലും  വിവാദങ്ങൾ സ്വാഭാവികമാണ്. കായിക മത്സരം പോലെ കൃത്യമായ അളവുകോലുകളൊന്നും സാഹിത്യ പുരസ്‌കാരങ്ങൾക്ക് സാധ്യമല്ലല്ലോ. ദസ്‌തോയെവ്‌സ്‌കിക്ക് 
സാഹിത്യത്തിനുള്ള നൊബേൽ ലഭിച്ചിട്ടില്ല. ഗാന്ധിജിക്ക് സമാധാനത്തിനുളള നൊബേൽ ലഭിച്ചിട്ടില്ല. ബഷീറിന് ജ്ഞാനപീഠം ലഭിച്ചിട്ടില്ല. അത്രയൊക്കെ വിശ്വാസ്യതയേ ഈ പുരസ്‌കാരങ്ങൾക്കുള്ളൂ. അത്ര പ്രാധാന്യമേ അവക്ക് കൊടുക്കേണ്ടതുമുള്ളൂ. അതാതു കാലത്തു കമ്മിറ്റിയിലുള്ള അംഗങ്ങളുടെ തെരഞ്ഞെടുപ്പാണ് എല്ലാ പുരസ്‌കാരവും. പ്രായോഗികമായി അതേ സാധിക്കൂ. 
എല്ലാവർക്കും തൃപ്തികരമായ തീരുമാനമെടുക്കുക സാധ്യവുമല്ല. തീരുമാനങ്ങളിൽ കമ്മിറ്റി അംഗങ്ങളുടെ രാഷ്ട്രീയവും മതപരവും ജാതിപരവും വ്യക്തിപരവുമായ ഘടകങ്ങളൊക്കെ സ്വാധീനിച്ചു എന്നും വരാം. കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങളിലടക്കം അത്തരം ആരോപണങ്ങൾ നിരന്തരം ഉയരാറുണ്ടല്ലോ. അക്കിത്തത്തിനു പുരസ്‌കാരം ജ്ഞാനപീഠം നൽകിയതിലും അത്തരം നിരവധി ഘടകങ്ങൾ പ്രവർത്തച്ചിരിക്കാം. അതിനാൽ തന്നെ തപസ്യയിൽ പ്രവർത്തിച്ചതിനും സഘപരിവാർ സഹയാത്രികനായതിനുമൊക്കെയാണ് പുരസ്‌കാരം എന്ന വിമർശനം ശരിയായാൽ തന്നെ അതുന്നയിക്കുന്നതിൽ വലിയ കാര്യമൊന്നുമില്ല. അവസരം കിട്ടിയാൽ ആരും ചെയ്യുന്ന കാര്യങ്ങൾ തന്നെയാണവ. പ്രഭാവർമക്ക് മികച്ച കവിക്കുള്ള പുരസ്‌കാരം നൽകി കെ.ജി. ശങ്കരപ്പിള്ളക്ക് പ്രോത്സാഹന സമ്മാനം നൽകിയ ചരിത്രം കേരള സാഹിത്യ അക്കാദമിക്കുണ്ടല്ലോ. 
അതേസമയം പരിശോധിക്കേണ്ട വിഷയം മറ്റൊന്നാണ്. കേരളത്തിൽ നിന്ന് ജ്ഞനപീഠം ലഭിച്ച ആറു പേരെയും പരിശോധിക്കുക. ജി. ശങ്കരക്കുറുപ്പ്, ശങ്കരൻ കുട്ടി പൊറ്റെക്കാട് അഥവാ എസ്.കെ. പൊറ്റെക്കാട്, തകഴി ശിവശങ്കരപ്പിള്ള, എം.ടി. വാസുദേവൻ നായർ, ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലുക്കുറുപ്പ് അഥവാ ഒ.എൻ.വി. കുറുപ്പ്, അക്കിത്തം അച്യുതൻ നമ്പൂതിരി. ഇവരിൽ എസ്.കെ. പൊറ്റെക്കാട് ഒഴികെയുള്ളവർ എല്ലാം സവർണരും തങ്ങൾ സവർണരാണെന്ന് അഭിമാനത്തോടെ പ്രഖ്യാപിക്കുന്നവരുമാണ് എന്നതാണത്. മുകളിൽ സൂചിപ്പിച്ച പോലെ ഇവർക്ക് പുരസ്‌കാരത്തിനു അർഹതയുണ്ടോ, അതിനേക്കാൾ അർഹതയുള്ളവരില്ലേ എന്നതെല്ലാം അപ്രസക്തമാണ്. പ്രശ്‌നം എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നു എന്നതാണ്? ഇവരൊക്കെ പഴയ തലമുറയിലെ ആളുകളല്ലേ എന്ന ന്യായീകരണത്തിലും അർത്ഥമില്ല. കാരണം ഈ ചർച്ചയിൽ പുതുതലമുറയിലെ എത്ര പേരാണ് സവർണവാലുമായി രംഗത്തു വരുന്നതും സംവരണമടക്കമുള്ള ഭരണഘടനാവകാശങ്ങൾക്കു നേരെ പോലും ആക്രോശിക്കുന്നതും. അതിനാൽ തന്നെ ഈ വിഷയം വളരെ പ്രസക്തം തന്നെയാണ്.
ജാതിവാൽ എന്നതു സ്വാഭാവിക സംഭവം മാത്രമായി കണ്ടാൽ മതിയെന്നതാണ് ഇവരുന്നയിക്കുന്ന പ്രധാന വാദം. അങ്ങനെയാണോ? ആണെങ്കിൽ എന്തുകൊണ്ട് പുലയനെന്നും പറയനെന്നുമുള്ള ജാതിവാൽ ആരുടെ പേരിലും നാം കാണുന്നില്ല? ഈ പറയുന്നവർ പ്രസ്തുത ജാതികളിലാണ് ജനിച്ചതെങ്കിൽ ജാതിവാൽ വെക്കുമായിരുന്നോ? ഇല്ലെന്നതല്ലേ യാഥാർത്ഥ്യം? അതിന്റെ കാരണം വളരെ ലളിതമാണ്. നമ്പൂതിരിപ്പാടെന്നോ നായരെന്നോ വാൽ വെക്കുമ്പോൾ ലഭിക്കുന്ന സാമൂഹ്യ പ്രിവിലേജ് പറയനെന്നോ പുലയനെന്നോ വെക്കുമ്പോൾ ലഭിക്കില്ല എന്നതു തന്നെ. ഈ പച്ചയായ യാഥാർത്ഥ്യം മറച്ചുവെച്ചാണ് ഈ വിഷയത്തെ വളരെ ലളിതമായി കാണാൻ പലരും ശ്രമിക്കുന്നത്്. പ്രത്യേകിച്ച് അറിഞ്ഞും അറിയാതെയും ഈ പ്രിവിലേജ് അനുഭവിക്കുന്നവർ. ഒരു കാലത്ത് അയിത്തവും വിവേചനവുമൊക്കെ പ്രകടമായിരുന്നെന്നും ഇന്നതില്ല എന്നും ഇവർ കൂട്ടിച്ചേർക്കുന്നു. ചെറിയ മാറ്റങ്ങളെങ്കിലുമുണ്ടാകാൻ എത്രയോ പോരാട്ടങ്ങൾ നടത്തേണ്ടി വന്നു എന്നിവർ പറയാറില്ല. എന്നിട്ടും ഇന്നും മനസ്സിൽ അയിത്തം സൂക്ഷിക്കുന്നവർ തന്നെയല്ലേ നമ്മൾ. അല്ലെങ്കിൽ ഒരു നമ്പൂതിരി പുലയന്റെ വീട്ടിൽ സാധാരണ രീതിയനുസരിച്ച് വിവാഹാലോചന നടത്തുമല്ലോ...വല്ലപ്പോഴും വല്ല പ്രണയ വിവാഹമല്ലാതെ അത്തരത്തിൽ അരേഞ്ച് മാരേ്യജ് നടക്കുന്നുണ്ടോ? എസ്.സി / എസ്.ടി ഒഴികെയുള്ളവരെ ജാതിരഹിത വിവാഹത്തിനു ക്ഷണിച്ചുള്ള പരസ്യങ്ങൾ കാണുകയില്ലല്ലോ. ഇത്രയധികം കമ്യൂണിറ്റി മാട്രിമണി സ്ഥാപനങ്ങൾ ഉണ്ടാകുകയില്ലല്ലോ. അവയുടെ പരസ്യങ്ങളിൽ കെ.പി.എ.സിയുടെ ഉൽപന്നമായ ലളിതയെ പോലുള്ളവർ പ്രത്യക്ഷപ്പെടുല്ലല്ലോ.. പ്രണയത്തിന്റെ പേരിൽ കെവിൻമാർക്ക് ജീവൻ നഷ്ടപ്പെടില്ലല്ലോ. വിനായകന്മാരും മധുമാരും ജിഷമാരും വാളയാർ സഹോദരിമാരുമൊന്നും ഉണ്ടാകില്ലല്ലോ. മുപ്പതിനായിരത്തോളം ദളിത് കോളനികൾ ഉണ്ടാകുമായിരുന്നില്ലല്ലോ. 
ജാതീയമായ വിവേചനമൊന്നും ഇവിടെയില്ല, സവർണ ജാതിയും അവർണ ജാതിയും നമുക്കു വേണ്ട എന്നു വാദിക്കുന്ന പലരെയും കണ്ടു. ജാതീയ വിവേചനമൊന്നും നേരിടാത്തവർ സ്വാഭാവികമായും സവർണരായിരിക്കുമല്ലോ. തങ്ങളെ മനുഷ്യരായി കാണുക പോലും ചെയ്യാത്ത മേൽ സൂചിപ്പിച്ച വിവാഹ പരസ്യമൊന്നും അവർക്ക് ജാതിവിവേചനമായി തോന്നില്ലല്ലോ. തങ്ങൾ പോലും അറിയാതെ പ്രിവിലേജുകൾക്കു മുന്നിൽ അവർക്കിതെങ്ങനെ മനസ്സിലാകാൻ? സവർണ വേഷവും സവർണ ഭക്ഷണവും സവർണ ആഘോഷങ്ങളുമൊക്കെ കേരളീയമെന്നാഘോഷിക്കുമ്പോൾ അപരരുടെ പ്രശ്‌നങ്ങൾ ഇവർക്കെങ്ങനെ മനസ്സിലാകും? ജാതി ചിന്തയേ വേണ്ട എന്നു പറയുന്ന ഇവരിലെ ഒരു ശതമാനമെങ്കിലും വിവാഹമടക്കം ജീവിതത്തിൽ അത് പ്രായോഗികമാക്കിയിട്ടുണ്ടോ? 
ജാതിയില്ലാ വാദികളുടെ ഏറ്റവും വലിയ കാപട്യം കാണുക സംവരണത്തോടുള്ള നിലപാടിലാണ്. എന്തിനാണ് ഭരണഘടനയിൽ ജാതി സംവരണം ഉൾപ്പെടുത്തിയത് എന്നതു മനസ്സിലാക്കി അതിനെയാണ് വിമർശിക്കുന്നതെങ്കിൽ മനസ്സിലാക്കാം. എന്നാലതു പോലും മനസ്സിലാക്കാതെയാണ് തുല്യതയുടെ പേരിൽ സാമ്പത്തിക സംവരണത്തിനായി വാദിക്കുന്നതും ജാതീയ സംവരണം ജാതിചിന്ത വളർത്തുമെന്ന് പറയുന്നതും. യോഗ്യതയായിരിക്കണം മാനദണ്ഡം എന്നു പറയുമ്പോൾ അതുണ്ടാകുന്നതിൽ സാമൂഹ്യ ജീവിതത്തിന്റെ പങ്ക് എന്താണെന്നിവർ പറിശോധിക്കുന്നുണ്ടോ? സമൂഹത്തിലെ പാവപ്പെട്ടവരെ കൈപിടിച്ചു ഉയർത്തിക്കൊണ്ടുവരാനുള്ള മാർഗമല്ല സംവരണം എന്നതുപോലും അവർ മനസ്സിലാക്കുന്നില്ല. 
ഇന്ത്യൻ സമൂഹത്തിൽ സഹസ്രാബ്ദങ്ങളായി സാമൂഹ്യമായും സാമ്പത്തികമായും രാഷ്ട്രീയമായും സാംസ്‌കാരികമായും അടിച്ചമർത്തപ്പെടുകയും അധികാരത്തിൽ നിന്ന് മാറ്റിനിർത്തപ്പെടുകയും ചെയ്യുന്ന  ജനസമൂഹങ്ങളെ അവരുടെ പിന്നോക്കാവസ്ഥ തിരിച്ചറിഞ്ഞുകൊണ്ട്, മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് നൽകുന്ന പരിരക്ഷകളിൽ ഒന്നു മാത്രമാണ്. ഇന്നോളം നിഷേധിക്കപ്പെട്ടിരുന്ന അധികാര സ്ഥാനങ്ങളിൽ അവരുടെ പങ്കാളിത്തം ഉറപ്പു വരുത്താനാണ് സംവരണം. അതാരുടെയും ഔദാര്യമല്ല, അവകാശമാണ്. സാമ്പത്തിക നീതിക്കല്ല, സാമൂഹ്യ നീതിക്കാണ് പ്രാഥമികമായും സംവരണം നടപ്പാക്കുന്നത്. കാലങ്ങളായി അടിമകളെ പോലെയും ചൂഷണത്തിന് വിധേയരായും അവകാശങ്ങൾ നിഷേധിക്കപ്പെട്ടും മൃഗതുല്യമായ ജീവിതം നയിക്കാൻ വിധിക്കപ്പെട്ട ജനവിഭാഗങ്ങങ്ങളോട്  എല്ലാ മനുഷ്യരും തുല്യരാണ് എന്നു പറഞ്ഞുകൊണ്ട്, നൂറ്റാണ്ടുകളായി മുഴുവൻ സൗഭാഗ്യങ്ങളും അനുഭവിച്ചുകൊണ്ട് തടിച്ചുകൊഴുത്ത എണ്ണത്തിൽ ചുരുക്കം വരുന്ന സവർണരോട് മത്സരിച്ച് ജയിക്കാനും അതാണ് 'തുല്യത' എന്നും പറഞ്ഞാൽ, നീതിബോധമുള്ള / ചരിത്രബോധമുള്ള ആർക്കും അതംഗീകരിക്കാൻ കഴിയില്ല. സംവരണം കാലാകാലത്തേക്കുള്ളതല്ല. എന്നത് ശരിയാണ്.  ജനസംഖ്യാ ആനുപാതികമായി നിലവിലെ സംവരണമനുഭവിക്കുന്ന സമൂഹങ്ങൾ രാഷ്ട്രീയ / സാമൂഹ്യ/ സാമ്പത്തിക/ സാംസ്‌കാരിക മണ്ഡലങ്ങളിൽ തുല്യതയിൽ എത്തുന്നതു വരെയാണ് സംവരണത്തിന്റെ പ്രസക്തി. എന്നാലതിന്റെ അടുത്തൊന്നും ഇന്നും നമ്മളെത്തിയിട്ടില്ല. മാത്രമല്ല, മുളയൻ മജിസ്‌ട്രേറ്റായാൽ എന്ന പൊതുബോധമാണ് ഇന്നും സമൂഹത്തിൽ പ്രബലം. അവിടെയാണ് നിഷ്‌കളങ്കരെന്നു നടിച്ച് കുറെ പേർ ജാതിയില്ലെന്നും സംവരണമാവശ്യമില്ലെന്നും പറഞ്ഞ് രംഗത്തെത്തുന്നത്. 
ജാതിയെന്നത് നമ്മൾ വിചാരിച്ചാൽ ഇല്ലാതാകുന്ന ഒന്നല്ല. ഏറ്റവും മുകളിൽ നിന്ന് ഏറ്റവും താഴെ വരെ അടിമുടി ജനാധിപത്യ വിരുദ്ധമായി നിലനിൽക്കുന്ന ഒരു സംവിധാനമാണ്. ജാതിയില്ലെന്ന് ഒരാളോ കുറെ പേരോ വിചാരിച്ചാൽ ഇല്ലാതാകുന്നതല്ല അത്. അതൊരു സാമൂഹ്യ യാഥാർത്ഥ്യമാണ്. സവർണ വിഭാഗങ്ങൾക്ക് എന്നുമതിന്റെ ആനുകൂല്യം ലഭിക്കുന്നു. അതിന്റെ പ്രകടമായ ഉദാഹരണമാണ് നമ്പൂതിരിമാരും നായന്മാരും പിള്ളമാരുമൊക്കെ ജ്ഞാനപീഠം നേടുന്നത്. ആ വിഷയം ചർച്ച ചെയ്യപ്പെടേണ്ടതാണ്. അതിനുള്ള ഏറ്റവും മികച്ച അവസരം തന്നെയാണിത്. 
അക്കിത്തത്തിന് പുരസ്‌കാരത്തിന് അർഹതയുണ്ടോ, അതിനേക്കാൾ അർഹതയുള്ളവരില്ലേ എന്നതിന് ഈ ചർച്ചയിൽ വലിയ പ്രസക്തിയൊന്നുമില്ല. ചർച്ച ചെയ്യേണ്ടത് ഏതൊരു സംവിധാനത്തെയും അതിജീവിക്കുന്ന ജാതിയെന്ന ജനാധിപത്യ വിരുദ്ധ സംവിധാനത്തെ കുറിച്ചാണ്. ആധുനികരെന്നഭിമാനിക്കുമ്പോഴും നിലനിൽക്കുന്ന ജാതീയ വിവേചനങ്ങളെയും പീഡനങ്ങളെയും കുറിച്ചാണ്.
 

Latest News