ഭിന്നലിംഗക്കാർ സാരി ധരിക്കരുതെന്ന് കേന്ദ്ര മന്ത്രി

ന്യൂദൽഹി കേന്ദ്ര സർക്കാരിൻരെ പരിഗണനയിലുള്ള ഭിന്നലിംഗക്കാരുടെ അവകാശ സംരക്ഷണ ബില്ലിനെ കുറിച്ച് ചർച്ച ചെയ്യുന്ന ഒരു പരിപാടിക്കിടെ ഭിന്നലിംഗക്കാർ സാരി ധരിക്കരുതെന്ന വിചിത്ര നിർദേശവുമായി കേന്ദ്രമന്ത്രി രാംദാസ് അതവാലെ രംഗത്തെത്തി. ഭിന്നലിംഗ ബില്ല് കേന്ദ്രം പാസാക്കണമെന്ന ആവശ്യപ്പെട്ട് അതവാലെ സംസാരിച്ച് കത്തിക്കയറുന്നതിനിടെയാണ് ഇവരുടെ വസ്ത്രധാരണ രീതിയെ പരാമർശവും കടന്നു വന്നത്. ' ചില ഭിന്നലിംഗക്കാർ ആണുങ്ങളെ പോലെ വസ്ത്രം ധരിക്കണം. എന്റെ അഭിപ്രായത്തിൽ അവർ സാരിധരിക്കരുത്. എന്നാൽ ഇക്കാര്യത്തിൽ എനിക്ക് നിർബന്ധമൊന്നുമില്ല,' അതവാലെ പറഞ്ഞു. 

നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് റൂറൽ ഡെവലപ്‌മെന്റ് ആന്റ് പഞ്ചായത്തി രാജ് സംഘടിപ്പിച്ച ഭിന്നലിംഗക്കാരുടെ ക്ഷേമത്തിനായുള്ള പദ്ധതികൾക്ക രൂപം നൽകുന്ന ഒരു ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭിന്നലിംഗ ബില്ല് ഉടൻ തന്നെ പാസാക്കാനുള്ള എല്ലാ ശ്രമങ്ങളും കേന്ദ്രം നടത്തുന്നുണ്ടെന്നും ഇതേ പരിപാടിയിൽ മന്ത്രി പറഞ്ഞു. 

2016ൽ ലോക്‌സഭയിൽ അവതരിപ്പിച്ച ഭിന്നലിംഗക്കാരുടെ അവകാശ സംരക്ഷണ ബില്ല് ഇവർക്കെതിരായ വിവേചനങ്ങൾ അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്.
 

Latest News