Sorry, you need to enable JavaScript to visit this website.

സൗദിയില്‍ മധുര പാനീയ നികുതി നടപ്പാക്കുന്നതിൽ ആശയക്കുഴപ്പവും അപാകതയും

റിയാദ്- മധുരം ചേർത്ത പാനീയങ്ങൾക്കുള്ള നികുതി ബാധകമാക്കുന്നതിൽ വ്യാപാര സ്ഥാപനങ്ങളുടെ ഭാഗത്ത് പാകപ്പിഴകൾ. ചില ഉൽപന്നങ്ങൾക്ക് പുതിയ നികുതി ബാധകമാക്കുന്ന സ്ഥാപനങ്ങൾ മറ്റു ചില ഉൽപന്നങ്ങൾ പഴയ വിലയിൽ വിൽക്കുന്നത് തുടരുകയാണ്. ഞായറാഴ്ച മുതലാണ് സൗദിയിൽ മധുര പാനീയങ്ങൾക്ക് 50 ശതമാനം സെലക്ടീവ് ടാക്‌സ് നടപ്പാക്കി തുടങ്ങിയത്. 


ചില മധുരപാനീയങ്ങൾക്ക് 75 ശതമാനം വരെ നികുതി ബാധകമാക്കിയ സ്ഥാപനങ്ങളുണ്ട്. ഒരു റിയാൽ വിലയുണ്ടായിരുന്ന, 250 മില്ലി ലിറ്റർ ബോട്ടിൽ 1.75 റിയാലിനാണ് ചില വൻകിട സ്ഥാപനങ്ങൾ വരെ വിൽക്കുന്നത്. അര റിയാലിന് വിറ്റിരുന്ന, 125 മില്ലി ലിറ്റർ ബോട്ടിലിന് പുതിയ നികുതി ബാധകമാക്കാത്ത സ്ഥാപനങ്ങളുമുണ്ട്. സെലക്ടീവ് ടാക്‌സ് ബാധകമായ മധുരപാനീയങ്ങളുടെ പട്ടിക തയാറാക്കി വരികയാണെന്നും രണ്ടു ദിവസമായിട്ടും ഈ പ്രക്രിയ പൂർത്തിയായിട്ടില്ലെന്നും ചില സ്ഥാപനങ്ങൾ അറിയിച്ചു. 


അനുയോജ്യമായ നിരക്കുകൾ നിശ്ചയിക്കുന്നതിന് വ്യാപാരികൾ വിപണിയിലെ നീക്കങ്ങൾ നിരീക്ഷിച്ചു വരികയാണെന്ന് വ്യവസായ പ്രമുഖൻ സഈദ് മുഹമ്മദ് ബിൻസാഗർ പറഞ്ഞു. നികുതി കണക്കാക്കുന്നതിൽ പിഴവുകൾ സംഭവിച്ചതു മൂലമാകാം പാകപ്പിഴയെന്ന് അദ്ദേഹം പറഞ്ഞു. നികുതി നിലവിൽ വരുന്നതിനു മുമ്പ് വാങ്ങി സ്റ്റോക്ക് ചെയ്ത ഉൽപന്നങ്ങൾ നികുതി പ്രാബല്യത്തിൽ വന്ന ശേഷം നികുതി ഈടാക്കാതെ വിൽപന നടത്തുന്നത് നിയമലംഘനമാണ്. ഇത്തരം സ്ഥാപനങ്ങൾ സ്വന്തം അക്കൗണ്ടിൽനിന്ന് നികുതി നൽകാൻ ബാധ്യസ്ഥമായിരിക്കുമെന്നും സഈദ് മുഹമ്മദ് ബിൻസാഗർ പറഞ്ഞു. 


മധുരം ചേർക്കാത്ത, 100 ശതമാനവും പ്രകൃതിദത്തമായ ജ്യൂസുകൾ, പാലുകൾ, പാലുൽപന്നങ്ങൾ എന്നിവയടക്കം ഏഴിനം പാനീയങ്ങൾക്ക് സെലക്ടീവ് ടാക്‌സ് ബാധകമല്ലെന്ന് സകാത്ത്, നികുതി അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. മധുര പാനീയങ്ങളുടെ വിൽപന അമ്പതു ശതമാനം വരെ കുറയുന്നതിന് പുതിയ നികുതി ഇടയാക്കുമെന്നാണ് വ്യാപാരികൾ കരുതുന്നത്. മധുരം ചേർത്ത ജ്യൂസുകൾ വിപണിയിലിറക്കുന്ന വൻകിട കമ്പനികൾക്കായിരിക്കും പുതിയ നികുതി ഏറ്റവും വലിയ തിരിച്ചടിയാവുക. വില വലിയ തോതിൽ വർധിക്കുന്നതിനാൽ വരും ദിവസങ്ങളിൽ വിൽപന നന്നായി കുറയുമെന്നാണ് കരുതുന്നത്. 


ആവശ്യം കുറയാനുള്ള സാധ്യത കണക്കിലെടുത്തും നഷ്ടം ഒഴിവാക്കുന്നതിനും കരുതലോടെ മാത്രമേ വരും ദിവസങ്ങളിൽ മധുര പാനീയങ്ങൾ സ്റ്റോക്ക് ചെയ്യുകയുള്ളൂവെന്ന് വ്യാപാരികൾ പറയുന്നു.
 

Latest News