Sorry, you need to enable JavaScript to visit this website.

സൗദി ജവാസാത്ത് മേധാവിയുടെ കാലാവധി ഒരു വര്‍ഷത്തേക്ക് ദീര്‍ഘിപ്പിച്ചു

സുലൈമാന്‍ അല്‍യഹ്‌യ

റിയാദ്- സൗദി ജവാസാത്ത് ഡയറക്ടറേറ്റ് മേധാവി മേജര്‍ ജനറല്‍ സുലൈമാന്‍ അല്‍യഹ്‌യയുടെ സേവന കാലാവധി തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ഒരു വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചു.

ജവാസാത്ത് മേധാവിയാകുന്നതിനു മുമ്പ് ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ കമാണ്ട് ആന്റ് കണ്‍ട്രോള്‍ സെന്റര്‍ കമാണ്ടറായി സേവനമനുഷ്ഠിച്ച മേജര്‍ ജനറല്‍ സുലൈമാന്‍ അല്‍യഹ്‌യ ആഭ്യന്തര മന്ത്രാലയത്തിലെ ഏറ്റവും തലമുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ ഒരാളാണ്. ജവാസാത്തിന്റെ സേവന, പ്രവര്‍ത്തന നിലവാരങ്ങളില്‍ വലിയ കുതിച്ചുചാട്ടമുണ്ടാക്കുന്നതിന് ഇദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

സൗദിയില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ തമ്മിലെ സഹകരണത്തിന് ഇ-ടൂറിസ്റ്റ് വിസ പദ്ധതി ഏറ്റവും മികച്ച പ്രായോഗിക ഉദാഹരണമാണെന്ന് മേജര്‍ ജനറല്‍ സുലൈമാന്‍ അല്‍യഹ്‌യ പറഞ്ഞു. ഇത് മികച്ച ഒരു തുടക്കമാണ്. സെപ്റ്റംബര്‍ അവസാനം മുതല്‍ ആയിരക്കണക്കിന് വിദേശ ടൂറിസ്റ്റുകള്‍ രാജ്യത്തേക്ക് ഒഴുകാന്‍ തുടങ്ങി.

ഈ മേഖലയിലെ മികച്ച അന്താരാഷ്ട്ര അനുഭവങ്ങള്‍ക്കനുസരിച്ച് ടൂറസ്റ്റുകള്‍ക്ക് വിസ അനുവദിക്കുന്ന സാങ്കേതിക നടപടിക്രമത്തിന്റെ സുഗമവും എളുപ്പവും വേഗതയും ഇത് സ്ഥിരീകരിക്കുന്നു. വിനോദ സഞ്ചാരികളെ സ്വീകരിക്കുന്നതിന് മുഴുവന്‍ അതിര്‍ത്തി പ്രവേശന കവാടങ്ങളിലും ജവാസാത്ത് ഉദ്യോഗസ്ഥര്‍ ദേശീയ സംസ്‌കാരത്തിന് അനുസൃതമായി സേവനമനുഷ്ഠിക്കുന്നു. ഇക്കാര്യത്തില്‍ സൗദി കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്റ് നാഷണല്‍ ഹെരിറ്റേജ് അടക്കം വിനോദ സഞ്ചാര വ്യവസായ മേഖലുമായി ബന്ധപ്പെട്ട വകുപ്പുകളുമായും ജവാസാത്ത് ഉദ്യോഗസ്ഥര്‍ സഹകരിക്കുകയും ഏകോപനം നടത്തുകയും ചെയ്യുന്നുണ്ട്. രാജ്യത്തിന്റെ വിവിധ പ്രവിശ്യകളില്‍ പതിറ്റാണ്ടുകളായി ഫീല്‍ഡില്‍ സേവനമനുഷ്ഠിക്കുന്ന ജവാസാത്ത് ഉദ്യോഗസ്ഥര്‍ പിന്തുടരുന്ന പ്രവര്‍ത്തന സംസ്‌കാരവും ഇതു തന്നെയാണ്.

ലോകത്തിനു മുന്നില്‍ സൗദി അറേബ്യയുടെ വാതായനങ്ങള്‍ തുറന്നിട്ടിരിക്കുന്നു. ദശലക്ഷക്കണക്കിന് ഹജ്, ഉംറ തീര്‍ഥാടകരെ ഓരോ വര്‍ഷവും സ്വീകരിക്കുന്ന സൗദി അറേബ്യക്ക് ഇക്കാര്യത്തില്‍ ലോകത്ത് സമാനതയില്ലാത്ത അനുഭവസമ്പത്തുണ്ട്. എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള, വ്യത്യസ്ത സംസ്‌കാരക്കാരും വര്‍ണക്കാരുമായ തീര്‍ഥാടകരുമായി ഇടപഴകുന്നതില്‍ ദീര്‍ഘകാലത്തെ അനുഭവസമ്പത്തുണ്ടായിട്ടും വിനോദ സഞ്ചാരികളുമായി ഇടപഴകുന്നതില്‍ ജവാസാത്ത് ഉദ്യോഗസ്ഥരുടെ കഴിവുകള്‍ കൂടുതല്‍ പരിപോഷിപ്പിക്കുന്നതിന് ജവാസാത്ത് ഡയറക്ടറേറ്റ് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ടൂറിസ്റ്റുകള്‍ക്ക് രാജ്യത്തേക്ക് പ്രവേശനം നല്‍കുന്ന നടപടിക്രമങ്ങള്‍ ജവാസാത്ത് ഉദ്യോഗസ്ഥര്‍ എളുപ്പമാക്കുകയും വിനോദ സഞ്ചാരികള്‍ നേരിട്ടേക്കാവുന്ന പ്രതിബന്ധങ്ങള്‍ ഇല്ലാതാക്കുകയും രാജ്യത്തെ നിയമങ്ങളെ കുറിച്ച അവരുടെ അന്വേഷണങ്ങള്‍ക്ക് മറുപടികള്‍ നല്‍കുകയും ബന്ധപ്പെട്ട സര്‍ക്കാര്‍, സ്വകാര്യ വകുപ്പുകളുമായുള്ള അവരുടെ ആശയവിനിമയം എളുപ്പമാക്കുകയും ചെയ്യുന്നു.

രാജ്യത്തിന്റെ പ്രഥമ സമ്പര്‍ക്കമുഖമെന്നോണം അതിര്‍ത്തി പ്രവേശന കവാടങ്ങളില്‍ സേവനമനുഷ്ഠിക്കുന്ന ജവാസാത്ത് ഉദ്യോഗസ്ഥര്‍ തങ്ങള്‍ നിര്‍വഹിക്കുന്ന കര്‍ത്തവ്യത്തിന്റെ പ്രാധാന്യം ഉള്‍ക്കൊള്ളുന്നു. ലോക രാജ്യങ്ങളില്‍ നിന്നെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് സൗദി അറേബ്യയെ കുറിച്ച പ്രഥമ മതിപ്പ് നല്‍കുന്നത് ജവാസാത്ത് ഉദ്യോഗസ്ഥരാണ്. ഇത് സൗദിയില്‍ വിനോദ സഞ്ചാര വ്യവസായ പദ്ധതി വികസിപ്പിക്കുന്നതില്‍ ജവാസാത്ത് ഉദ്യോഗസ്ഥര്‍ക്ക് ദേശീയ ബാധ്യത നല്‍കുന്നതായും മേജര്‍ ജനറല്‍ സുലൈമാന്‍ അല്‍യഹ്‌യ പറഞ്ഞു.


 

 

Latest News