Sorry, you need to enable JavaScript to visit this website.
Tuesday , July   14, 2020
Tuesday , July   14, 2020

മാരക മയക്കുമരുന്നുമായി കൊച്ചിയില്‍ യുവാവ് പിടിയില്‍

കൊച്ചി- മാരകമായ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. പാര്‍ട്ടി ഡ്രഗായ എം.ഡി.എം.എ (മെത്തലിന്‍ ഡൈ മെത്താം ഫിറ്റമിന്‍) എക്സ്റ്റസിയുമായി കതൃക്കടവ് വാദ്യാര്‍ റോഡിലുള്ള ഷെല്‍ ബിന്‍ (22) ആണ് എറണാകുളം നോര്‍ത്ത് പോലീസിന്റെ പിടിയിലായത്.

ബൈക്ക് മെക്കാനിക്ക് ആയ ഇയാള്‍ തിങ്കളാഴ്ച ആറുമണിയോടെ കതൃക്കടവ് ഇടശ്ശേരി ബാറിനു സമീപം ഇടപാടുകാരനെ കാത്തു നില്‍ക്കുമ്പോഴാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തത്.

ഇയാളില്‍ നിന്നും 1.5 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. ഇത് അര ഗ്രാം കൈവശം വെച്ചാല്‍ പോലും 10 വര്‍ഷം ശിക്ഷ കിട്ടാവുന്ന കുറ്റമാണ്. പത്തു മില്ലിഗ്രാം അകത്തു ചെന്നാല്‍ പോലും മണിക്കൂറുകളോളം ആനന്ദിക്കാനും, ഡാന്‍സ് ചെയ്യാനും കഴിയുമെന്നും കൂടുതല്‍ അളവില്‍ എം.ഡി.എം.എ ഉള്ളില്‍ ചെന്നാല്‍ മരണം വരെ സംഭവിക്കാമെന്നും പോലീസ് അറിയിച്ചു.

ബംഗളൂരുവില്‍ നിന്നും ഗോവയില്‍ നിന്നുമാണ് ഇത് പ്രധാനമായും കേരളത്തില്‍ എത്തിക്കുന്നത്. നേരില്‍ പരിചയമുള്ളവര്‍ക്ക് മാത്രമേ ഇയാള്‍ സാധനം കൈമാറുകയുള്ളൂ. ഒരു ഗ്രാമിന് 2,500 രൂപ മുതല്‍ 4,000 രൂപ വരെയാണ് ഇയാള്‍ ഈടാക്കിയിരുന്നത്. ഇയാളുടെ ഇടപാടുകാരുടെയും വിവരങ്ങള്‍ പോലീസ് അന്വേഷിച്ചു വരികയാണ്.

കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍, ഡെപ്യൂട്ടി കമ്മീഷണര്‍ എന്നിവരുടെ നിര്‍ദേശപ്രകാരം സിറ്റിയിലെ മയക്കുമരുന്നു ലോബികള്‍ക്കെതിരെ ശക്തമായ റെയ്ഡ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചുവരികയും എല്ലാ ആഴ്ചയിലും ഷാഡോ പോലീസിന്റെയും, മയക്കുമരുന്ന് കേസുകള്‍ കണ്ടെത്തുന്നതിനുള്ള എസ്.ഒ.ജി (സ്പെഷ്യല്‍ ഓപറേഷന്‍ ഗ്രൂപ്പ്) യുടെയും മീറ്റിംഗ് വിളിച്ചുചേര്‍ത്ത് സ്ഥിതിഗതികള്‍ അവലോകനം ചെയ്തു വരികയുമാണ്. അതിന്റെ ഭാഗമായി എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ ലാല്‍ജിയുടെ നിര്‍ദേശ പ്രകാരം നോര്‍ത്ത് എസ്.എച്ച്.ഒ സിബി ടോം, എസ്.ഐ അനസ്, ഡെന്നി, ഷാഡോ എസ്.ഐ ജോസഫ് സാജന്‍ എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.  

 

 

Latest News